ഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഇത്തവണ വേടനാണ്. വിയർപ്പ് തുന്നിയിട്ട കുപ്പായം എന്നു തുടങ്ങുന്ന മഞ്ഞുമ്മൽ ബോയ്‌സിലെ ഗാനത്തിനാണ് അവാർഡ്. പക്ഷെ, വിയർപ്പ് തുന്നിയിട്ട കുപ്പായമെല്ലാം ഉപേക്ഷിച്ച് പളപളപ്പൻ കോട്ടും സൂട്ടുമായി കേരളം ഇപ്പോൾ ചെത്ത് സ്‌റ്റൈലിൽ നിൽക്കുന്നതായിട്ടാണ് പി.ആർ.ഡി. പരസ്യങ്ങളെല്ലാം തന്നെ. അതിദരിദ്രരില്ലാത്ത കേരളം ഇക്കഴിഞ്ഞ നവബർ ഒന്നിന് പിറന്നതായിട്ടുള്ള പരസ്യം ശ്രദ്ധിച്ചുവോ? എന്താ, നമ്മുടെ മുഖ്യന്റെ ഗമ? ഭരണകർത്താവെന്നാൽ ഇങ്ങനെ വേണം.
പാവങ്ങളെ താങ്ങി ഒരു പരുവത്തിലാക്കിയ കണക്ക് മന്ത്രി എം.ബി.രാജേഷ് പത്രസമ്മേളനം വിളിച്ചറിയിക്കുകയായിരുന്നു. അത്താഴപ്പട്ടിണിക്കാരുണ്ടോ എന്ന് ശബ്ദം താഴ്ത്തി വിളിച്ചു ചോദിച്ച് അത്താഴമുണ്ണാൻ ശ്രമിക്കുന്ന ഒരു വിഭാഗക്കാരെക്കുറിച്ച് മീശമാധവൻ എന്ന സിനിമയിൽ പരാമർശമുള്ളത് ഇവിടെ ഓർമ്മിക്കാം. ഒടുവിൽ ഉണ്ണികൃഷ്ണനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ ഞെരുക്കത്തിൽ കഴിയുന്ന പാവം പോലീസുകാരനെയാണ് ഒടുവിലാൻ ഈ സിനിമയിൽ അവതരിപ്പിച്ചത്.
ഏതായാലും, ഒടുവിലാൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു ചോദിച്ച് തടിവട്ടമാക്കുന്ന മര്യാദ പോലും മന്ത്രി രാജേഷിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഇനി, ഈ സംസ്ഥാനത്ത് ദാരിദ്ര്യമോ? എന്ന മട്ടിലായിരുന്നു മന്ത്രിയുടെ ഭാവപ്രകടനങ്ങൾ. ഇനി ദാരിദ്ര്യമെന്ന പദപ്രയോഗത്തിന് സർക്കാർ പള്ളി വിലക്കുണ്ടാകുമോയെന്ന് ഭയപ്പെടണം.
വേടന്റെ ഗാനവും സോഷ്യൽ മീഡിയയും
'കുതന്ത്രം' എന്ന പേരിലുള്ള വേടന്റെ റാപ്പ് ഗാനമാണ് മഞ്ഞുമ്മൽ ബോയ്‌സിൽ സംവിധായകൻ ഷൈജു ഖാലിദ് ഉപയോഗിച്ചത്. പെൺ സൗന്ദര്യത്തിന്റെയോ പ്രകൃതി ഭംഗിയുടെയോ ആകാശക്കാഴ്ചകളുടെയോ കാൽപ്പനികത തൊണ്ടുതീണ്ടിയിട്ടില്ലാത്ത ഈ പാട്ട് ഒരർത്ഥത്തിൽ സമൂഹത്തിൽ പുഴുക്കളെപ്പോലെ ഇഴയുന്നവരുടെ പാട്ട് എന്ന് വിശേഷിപ്പിക്കാമെന്നാണ് ചിലരുടെ വാദഗതി. വേടനെ തുണച്ചും തേച്ചും സോഷ്യൽ മീഡിയയിൽ പലരും രംഗത്തെത്തി. സമൂഹത്തിലെ അലക്കിത്തേച്ച് അവതരിപ്പിക്കുന്ന ഇവന്റ് മാമാങ്കങ്ങളുടെ അടപ്പ് തെറിപ്പിക്കുന്ന വരികളാണ് വേടന്റേത്.
ഹിരൺദാസ് മുരളിയെന്ന ആദിവാസി യുവാവിന്റെ ഈ പാട്ട് ഒരർത്ഥത്തിൽ ഇടതുമുന്നണിയുടെ പുതിയ ചങ്ങാത്ത മുതലാളിത്തത്തിന് എതിരാണ്. എന്തുകൊണ്ടോ, കാണ്ടാമൃഗത്തിന്റെ തോലെടാ എന്ന പദപ്രയോഗം ചെളിയിൽ മറിയുന്ന ആ മൃഗത്തിന്റെ പ്രതീക കാഴ്ചയായി ചിലർ അവതരിപ്പിക്കുമ്പോൾ, ഇപ്പോൾ കേരളത്തിൽ അതിദരിദ്രരില്ലെന്ന് വാദിക്കുന്നവർ കാണ്ടാമൃഗത്തിന്റെ ഒന്നും ഏശാത്ത കട്ടിത്തൊലിയുള്ളവരാണെന്ന് ആരെങ്കിലും എഴുതിപ്പിടിപ്പിക്കുമോ ആവോ?
ഏതായാലും യൂട്യൂബിൽ പലരും ഇപ്പോൾ തെരയുന്നത് വേടന്റെ പാട്ടുകളാണ്. ഇതിനിടെ ഈ യുവഗായകന് എതിരെയുള്ള പീഡന പരാതികൾ ഉയർത്തിക്കാണിച്ചുകൊണ്ടുള്ള ചില കമന്റുകളും യൂട്യൂബിലുണ്ട്. ഒരർത്ഥത്തിൽ, പണ്ട് സച്ചിദാനന്ദന്റെയും ഒ.വി.വിജയന്റെയും അയ്യപ്പന്റെയും അയ്യപ്പപ്പണിക്കരുടെയും മറ്റും രചനകൾ തള്ളിപ്പറഞ്ഞ വരേണ്യ വർഗം, അതേ സ്വരത്തിലും കാർക്കശ്യത്തിലുമാണ് വേടനെ തള്ളിപ്പറയുന്നത്. നാളെ ഇതേ വിമർശകർ വേടന് കൈയടിക്കില്ലെന്നതിന് എന്താണുറപ്പ്?
സിനിമാഗാനങ്ങളുടെ രൂപമാറ്റം സ്വാഭാവികമായി സംഭവിക്കേണ്ടതല്ലേ? പഴയ മാടത്തരുവിക്കേസോ, വടക്കൻ വീരഗാഥയോ ആകാശദൂതോ ന്യൂഡെൽഹിയോ ബോയിംഗ് ബോയിംഗോ ഒന്നുമല്ല ഇപ്പോഴത്തെ സിനിമ. മമ്മൂട്ടിയും പെട്ടിയും കുട്ടിയും എന്ന മട്ടിൽ സിനിമയെടുത്തിരുന്ന കാലവുമല്ല അത്. ഭ്രമയുഗവും പ്രണവിന്റെ ഡിയറെ ഇറെയുമെല്ലാം പുതിയ സിനിമകളിൽ നിന്നിറങ്ങിവരുന്ന പുതു തെയ്യങ്ങളാണ്. അവയ്ക്ക് അനുസൃതമായ ഗാനങ്ങളായിരിക്കും ആ സിനിമകൾക്ക് വേണ്ടത്. അതുകൊണ്ടുതന്നെ, ഈ കാലഘട്ടത്തിനനുസരിച്ച മാറ്റം സിനിമാപ്പാട്ടിലുമുണ്ടാകും.
അന്നത്തെ ആശ്രയ പുതിയ രൂപത്തിൽ ഏ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ് സമൂഹത്തിലെ അതിദരിദ്രർക്കായി ഐ.എ.എസുകാരായ വിജയാനന്ദും ടി.കെ. ജോസും കൂടി ആശ്രയ എന്ന പേരിൽ ഒരു ക്ഷേമ പദ്ധതിയാരംഭിക്കുന്നത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 2.5% പേർ അതിദരിദ്രരാണെന്ന് അന്ന് കണ്ടെത്തുകയുണ്ടായി. ഇവരിൽ 2 ശതമാനം പേരും ലക്ഷം വീടുകളിൽ കഴിയുന്നവരായിരുന്നു. ഉമ്മൻചാണ്ടിയുടെ കാലത്തും അതിദരിദ്രരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി. കേരളത്തിൽ ഇന്നുള്ളത് (2011ലെ സെൻസസ് പ്രകാരം) 1.16 ലക്ഷം ആദിവാസി കുടുംബങ്ങളാണ്. ആദിവാസികളുടെ എണ്ണമാകട്ടെ 4.55 ലക്ഷവും. ഇവരിൽ നിന്ന് വെറും 4.5% മാത്രമാണ് പുതിയതായി തയ്യാറാക്കിയ പട്ടികയിലുള്ളത്. ഇവരുടെ തലയെണ്ണമാകട്ടെ, വെറും 6400 ആദിവാസി കുടുംബങ്ങളും!
വടികൊടുത്ത് അടി വാങ്ങുകയാണോ നാം?
കേരളം അമേരിക്കയെക്കാൾ പുരോഗതി പ്രാപിച്ചുവെന്ന ലോക തള്ള് പല രംഗങ്ങളിലും മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുന്ന പി.ആർ.വിരുദന്മാർ പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, തങ്ങളുടെ നാട്ടിൽ നക്‌സലിസം വേരറ്റു പോയിട്ടില്ല അതുകൊണ്ട് 20 കോടി രൂപ തരു എന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രി അമിത് ഷായുടെ വീട്ടിൽ പോയി ചോദിച്ചിട്ടും, ഇന്റലിജെൻസ് റിപ്പോർട്ടിൽ കേരളത്തിൽ നക്‌സൽ പ്രവർത്തനമില്ലെന്നു പറഞ്ഞ് കേന്ദ്രമന്ത്രി നമ്മുടെ മുഖ്യനെ മടക്കിയയയ്ക്കുകയായിരുന്നു. ഇനി രണ്ട് മേഖലകളിൽ കൂടി കേരളത്തിന് അർഹമായും ലഭിക്കേണ്ട ധനസഹായം കേന്ദ്രം തടയാനുള്ള സാധ്യതകൾ തെളിഞ്ഞുവരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം, പഴയ കേന്ദ്ര സർക്കാരുകൾ കൊണ്ടുവന്ന ജനസംഖ്യാ നിയന്ത്രണം കേരളം ഊർജ്ജിതമായി നടപ്പാക്കിയതിന്റെ പ്രത്യാഘാതമെന്നോണം നമ്മുടെ ജനസംഖ്യയിൽ സാരമായ കുറവുണ്ടായിട്ടുണ്ട്.
കേരളത്തിൽ 18% കത്തോലിക്കർ ഉണ്ടായിരുന്നതായി 2011ലെ സെൻസസ് രേഖകളിലുണ്ട്. കുട്ടികളുടെ എണ്ണം കുറച്ചതും, വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും ചേർന്ന് ഇന്ന് കത്തോലിക്കരുടെ എണ്ണത്തിൽ വൻകുറവാണുള്ളത്. പുതിയ സാമ്പത്തിക നയമനുസരിച്ച്, ഓരോ സംസ്ഥാനത്തെയും ജനസംഖ്യയ്ക്കനുസരിച്ച് സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക വിഹിതം പുനർനിർണയിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. അങ്ങനെ തീരുമാനിച്ചാൽ കേരളത്തിനുള്ള സാമ്പത്തിക വിഹിതം കേന്ദ്രം വെട്ടികുറയ്ക്കും.
അരിക്കലത്തിൽ മണ്ണ് വാരിയിട്ടോ?
ഇന്ത്യയിൽ ഇതാദ്യമായാണ് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി സ്വയം ഒരു സംസ്ഥാനം തന്നെ പ്രഖ്യാപിക്കുന്നത്. ഇന്ത്യ പല രംഗങ്ങളിലും നേട്ടം കൈവരിച്ചിട്ടുണ്ട്. എന്നാൽ ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ നാം എവിടെ വരെയെത്തി എന്നു ചിന്തിക്കേണ്ടതുണ്ട്. ദേശീയ തലത്തിൽ ഇന്നും കുടിവെള്ളത്തിന്റെ ഗുണമേന്മയുടെ കാര്യത്തിൽ നമ്മുടെ രാജ്യം 120 സ്ഥാനത്താണത്രെ. ഇതിനെല്ലാം വിപരീതമായി കേരളം ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തിനു തന്നെ മാതൃകയായി മാറുന്നുവെന്ന പ്രചരണം കേൾക്കാൻ സുഖമുണ്ട്.
850 പഞ്ചായത്തുകളിൽ 50 പേർ വീതമുള്ള സംഘത്തെ നിയോഗിച്ചാണ് അതിദാരിദ്ര സ്‌കെയിൽ അളന്നു തീർത്തതെന്ന മന്ത്രി രാജേഷിന്റെ വാദം എത്ര ബാലിശമാണെന്ന് പ്രൊഫ. ആർ. വി.ജി. മേനോനെ പോലെയുള്ള പ്രഗത്ഭർ പറയുമ്പോൾ ആ ചോദ്യത്തിന് വസ്തുതാപരമായ മറുപടി നൽകേണ്ടതിനു പകരം ഡോതോമസ് ഐസക്കിനെ പോലെയുള്ളവരെ കൊണ്ട് ഇടതുമുഖപത്രത്തിൽ ലേഖനമെഴുതിച്ചാൽ മതിയോ?
അതിദരിദ്രരില്ലെന്ന അവകാശവാദത്തിനെതിരെ ആദ്യം ഒപ്പുവെച്ചിരിക്കുന്നത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും മറ്റും മുഖ്യ സംഘാടകരിൽ ഒരാളായ പ്രൊഫ. ആർ.വി.ജി. മേനോനാണ്. ഡോതോമസ് ഐസക് പ്രൊഫ. മേനോനെ പോലെയുള്ളവരെ ആ ലേഖനത്തിൽ പച്ചയ്ക്ക് പുച്ഛിച്ചിരിക്കുകയാണ്. വിജ്ഞാന കേരളം എന്ന പേരിൽ ഔദ്യോഗിക അംഗീകാരമില്ലാത്ത ഒരു പ്രോഗ്രാമിനായി 1 ലക്ഷം രൂപ വീതം പൊതുഖജനാവിൽ നിന്ന് പണം പറ്റിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ലേഖനത്തിലെ പദപ്രയോഗങ്ങൾക്ക് കവല പ്രസംഗങ്ങളുടെ അന്തസ് പോലുമില്ലെന്നത് ഖേദകരമാണ്.
പുതിയ ദാരിദ്രരഹിതകേരളമെന്ന രണ്ടാം മുണ്ട് പഴയ ജന്മിമാർക്കൊത്ത ഹുങ്കിൽ സംസ്ഥാനം തോളത്തണിഞ്ഞതോടെ, നമുക്ക് സൗജന്യ റേഷൻ അരിവിഹിതം കേന്ദ്രം വെട്ടിക്കുറച്ചേക്കുമെന്നതാണ് പട്ടിണിപ്പാവങ്ങളെ അലട്ടുന്ന മറ്റൊരു ഭീതി. മാത്രമല്ല റേഷൻ അരി സംബന്ധിച്ച ഒരു കുംഭകോണ വാർത്ത ഈയിടെ മനോരമയിൽ കണ്ടു. സി.പി.ഐ. ഭരിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിലെ ഈ അഴിമതി പെട്ടെന്ന് വാർത്തയായി അവതരിച്ചതിനു പിന്നിലെ പക പോക്കൽ രാഷ്ട്രീയവും ചർച്ചയായിട്ടുണ്ട്. അതിദരിദ്രരില്ലാത്ത സംസ്ഥാനത്തിന് എന്തിന് സൗജന്യ റേഷൻ നൽകണമെന്ന ചോദ്യം കേന്ദ്രത്തിൽ നിന്നുണ്ടാകാം. ഈ പ്രഖ്യാപന കോലാഹലത്തിനു പിന്നിൽ വേറെയും ഒളിച്ചുവയ്ക്കലുകളുണ്ട്.
2002ൽ ഏ.കെ.ആന്റണി തുടക്കമിട്ട ആശ്രയ പദ്ധതിയെക്കുറിച്ചോ ഇതേ പദ്ധതി വിജയകരമായി നടപ്പാക്കിയതിന് കേന്ദ്രം അന്നത്തെ കേരളാ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന് 2007ൽ നൽകിയ പുരസ്‌ക്കാരത്തെക്കുറിച്ചോ മിണ്ടുന്നതേയില്ല. പകരം 2021ൽ തുടങ്ങിയ പദ്ധതിയെക്കുറിച്ച് സർക്കാർ തട്ടുപൊളിപ്പൻ ഡയലോഗാണ് കാച്ചിവിടുന്നത്. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിൽ കിടക്കുന്നവർക്കുള്ള മഞ്ഞ കാർഡുടമകളുടെ എണ്ണം 6 ലക്ഷമാണ്. അന്ത്യോദയ അന്ന യോജന പദ്ധതിയിൽപെടുത്തിയാണ് ഇവർക്കായി കേന്ദ്രം സൗജന്യ റേഷൻ നൽകിവരുന്നത്. വയനാട്ടിലെ ജനസംഖ്യയിൽ 45 ശതമാനം ആദിവാസികളാണ്. ഇവരിൽ ഭൂരി ലക്ഷവും സൗജന്യ റേഷൻ കൊണ്ട് ജീവിക്കുന്നവരാണ്. അവരുടെ വയറ്റത്തടിക്കലാകുമോ ഈ പ്രഖ്യാപനം?
പ്രണവ് മോഹൻലാൽ അച്ഛന്റെ മോൻ...
രാഹുൽ സദാശിവന്റെ ഡീയെസ് ഇറെ എന്ന സിനിമ പ്രേക്ഷകരെ ഭയപ്പെടുത്തിക്കൊണ്ട് കളക്ഷനിൽ മുന്നേറുകയാണ്. ലത്തീൻ പദമാണ് ഡീയെസ് ഇറെ. കത്തോലിക്കാ വിശ്വാസമനുസരിച്ച് അന്ത്യവിധിനാളിനുവേണ്ടി, പതിമൂന്നാം നൂറ്റാണ്ടിൽ രചിച്ച ഗാനം പിൽക്കാലത്ത് ബീഥോവനെ പോലെയുള്ളവർ പോലും പ്രത്യേക ഈണം നൽകി അവതരിപ്പിച്ചിട്ടുണ്ട്.
എന്തായാലും ഈ സിനിമയിൽ കിട്ടിയ അവസരം പ്രണവ് മുതലാക്കിയിട്ടുണ്ട്. ഒരു സംവിധായകൻ എങ്ങനെയാണ് ഒരു നടനെ തന്റെ സിനിമയ്ക്കുള്ള ടൂളായി ഉപയോഗിക്കുന്നതെന്ന ടെക്സ്റ്റ് ബുക്ക് വെർഷൻ ഈ സിനിമയിൽ കൃത്യമായി കാണാനാകും. ഉലകം ചുറ്റും വാലിബനെന്നു മാത്രം അറിയപ്പെട്ടിരുന്ന പ്രണവ് ഇനിയും നമ്മെ വിസ്മയിപ്പിക്കാൻ വരട്ടെ എന്ന വരണം.
ആന്റണി ചടയമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
