തദ്ദേശ തെരഞ്ഞെടുപ്പ് എന്ന ജനമനസ്സിന്റെ തിളങ്ങുന്ന കണ്ണാടിയിൽ നോക്കി മുഖം മിനുക്കുകയാണ് ഇപ്പോൾ രാഷ്ട്രീയ കക്ഷികൾ. മത്സരം ഇത്തവണ വെറും ഉത്സവമല്ല;അങ്കംവെട്ടു തന്നെ! കേരളത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തിൽ മുൻപില്ലാത്ത പല സവിശേഷതകളും നിറഞ്ഞ ഒരു തെരഞ്ഞെടുപ്പ് മാമാങ്കം അടുത്തുവരുമ്പോൾ, നന്നായി മേക്കപ്പ് ചെയ്യാതെ മണ്ഡപത്തിൽ കയറാൻ ആരും ഒന്നു മടിക്കും.
അഖിലേന്ത്യാതലത്തിൽ ഭരണകക്ഷിക്ക് നെഞ്ചിടിപ്പ് കൂട്ടി കോൺഗ്രസ് അധ്യക്ഷൻ പുറത്തുവിട്ട 'വോട്ടുചോരി' കണക്കുകൾ അന്തരീക്ഷത്തിൽ അണു വിസ്‌ഫോടനം നടത്തിയതിന് പിന്നാലെയാണ്, താഴെത്തട്ടിൽ നിന്നുള്ള ജനഹിതം അറിയാൻ കൊച്ചു കേരളത്തിലും നിലമൊരുങ്ങുന്നത്. ജയിക്കാനായി എന്തും ചെയ്യും എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്ന കാഴ്ച. കാശ്മീരിൽ നിന്ന് വരെ ആളെ കൊണ്ടുവന്ന് പാർപ്പിച്ച് വോട്ട് ചെയ്യിക്കുമെന്ന വീരവാദം മുഴങ്ങിയ കേരളം.
തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഫലപ്രഖ്യാപനവും വന്നു എന്ന മട്ടിൽ, ഞാൻ തന്നെ മുഖ്യമന്ത്രി എന്ന ഭാവത്തിൽ, മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഖദർധാരികൾ. കടൽക്കൊള്ളക്കാർ പോലും തോറ്റു പോകുന്ന, കേട്ടുകേൾവിയില്ലാത്ത അഴിമതി ആരോപണങ്ങൾ, അവസാനിക്കാത്ത സീരിയൽ പോലെ വരുമ്പോഴും അതിനെയെല്ലാം ഒരുതരം വൈരുദ്ധ്യാധിഷ്ഠിത മന്ദസ്മിതത്തോടെ നേരിടുന്ന ഉരുക്കു നേതാക്കൾ.
കേരളം ഇന്ത്യയിലല്ല എന്ന മട്ടിൽ, വരുതിക്കു നിന്നില്ലെങ്കിൽ ഉപരോധിച്ചു കളയും എന്നപോലെ, 'പ്രജകളെ' വിളിച്ചുവരുത്തി കലുങ്കിലും കാപ്പിക്കടയിലും ഇരുന്ന് ഡയലോഗ് പറയുന്ന അഭിനവ രാഷ്ട്രീയ അവതാരങ്ങൾ. എല്ലാത്തരം അവതാരങ്ങളെയും ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ഇടതുപക്ഷത്തിന്റെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് കാല ഭീതി അതേ അവതാരങ്ങളെ ചൊല്ലിയാണ്. ഈ അവതാരങ്ങളുടെ പേരിൽ തുടർഭരണം നഷ്ടപ്പെടുമോ എന്ന ആശങ്ക ചർച്ച ചെയ്യാത്ത ഒരു സഖാവും നാട്ടിലില്ല.
കൊച്ചു കൊച്ചു യുദ്ധങ്ങൾ
മാർക്‌സിസ്റ്റ് പാർട്ടിയിലെ കാര്യമെടുത്താൽ, സി.പി.എം സംസ്ഥാന സമിതിയിൽ പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനമുയർന്ന നാളുകളാണ് കഴിഞ്ഞുപോയത്. സർക്കാരിനെ വികൃതമാക്കുന്ന നടപടികൾ പോലീസിൽ നിന്നുണ്ടായി. മുഖ്യമന്ത്രിയെ കൂടാതെ ചില അധികാര കേന്ദ്രങ്ങൾ പോലീസിനെ നിയന്ത്രിക്കുന്നു. ഗുണ്ടാ ആക്രമണങ്ങൾ നേരിടുന്നതിൽ പോലീസ് പരാജയപ്പെട്ടു. തുടർച്ചയായ കൊലപാതകങ്ങൾ ഭീതി പരത്തി. സ്ത്രീ സുരക്ഷയിലും പോലീസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. മാധ്യമങ്ങൾക്ക് എതിരായ പോലീസ് നടപടിയും തിരിച്ചടിയായി. മാധ്യമങ്ങളും സർക്കാരും തമ്മിലുള്ള ബന്ധത്തെ ഇതുലച്ചു. രാഷ്ട്രീയ എതിരാളികൾക്ക് ആയുധം നൽകുന്ന രീതിയിലാണ് ചില ഉദ്യോഗസ്ഥരുടെ പ്രവർത്തനം... സ്വയം വിമർശനം അങ്ങനെ നീണ്ടു.
ശബരിമല വിവാദവും മറ്റും കത്തിക്കാളുന്നതിന് മുൻപായിരുന്നു സംസ്ഥാന സമിതിയിൽ സി.പി.എമ്മിന്റെ ഈ കണ്ണാടി നോട്ടം. കണ്ണൂർ മുഴപ്പിലങ്ങാട് എസ്.ഡി.പി.ഐ കഴിഞ്ഞ തവണ മൗനം പാലിച്ച് സി.പി.എമ്മിനെ രക്ഷിച്ചു എന്നു പറയുന്നതു പോലുള്ള പ്രാദേശിക രാഷ്ട്രീയ ബാന്ധവങ്ങൾ തെരഞ്ഞെടുപ്പിന് അടിയൊഴിക്കായി കണക്കാക്കാം. അത് എല്ലായിടത്തും ഉണ്ട്. ചില പഴയ സഖാക്കൾ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കെതിരെ മത്സരിക്കാൻ ഒരുങ്ങുന്ന അനുഭവം മലപ്പുറത്തും മറ്റും കണ്ടു.
ഭരണം കിട്ടുമെന്ന ഒരു തോന്നൽ പൊതുവേ സൃഷ്ടിക്കപ്പെട്ടതോടെ കോൺഗ്രസുകാർ പതിവുപോലെ ഗ്രൂപ്പ് യുദ്ധവും തുടങ്ങിവച്ചു. ഉറങ്ങിക്കിടക്കുന്ന അണികളെ ഉണർത്താൻ പണ്ട് കരുണാകരന്റെയും ആന്റണിയുടെയും ഗ്രൂപ്പുകൾ ഇന്ധനമായി വർത്തിച്ചുവെങ്കിലും പുതിയകാലത്ത് ഗ്രൂപ്പ് തമ്മിലടി അധികാരത്തിന്റെ ഏഴയലത്ത് പോലും തിരിച്ചെത്താൻ കഴിയാത്തവിധം പാർട്ടിയെ നശിപ്പിക്കുമെന്ന് തിരിച്ചറിയുന്ന ചുരുക്കം നേതാക്കൾ ഇപ്പോഴും കോൺഗ്രസിലുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കെ.പി.സി.സി പ്രത്യേക സംഘത്തെ നിയോഗിച്ചത് ഈ പശ്ചാത്തലത്തിലാണ്. താഴെത്തട്ടിലെ പരാതികൾ പരിഹരിക്കാൻ നിലവിൽ ജില്ലാതലത്തിൽ കോർ കമ്മിറ്റികളുണ്ട്. ഈ കമ്മിറ്റിയുടെ ഇടപെടലിൽ പരിഹാരമാകാത്ത പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. വിജയ സാധ്യത ഉള്ളിടത്ത് യുവാക്കളെ കൂടുതൽ പരിഗണിക്കണമെന്ന് യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ തദ്ദേശത്തേക്കാൾ വലുതായി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കും എന്നിവിടം വരെ ചർച്ചകൾ എത്തിയപ്പോൾ ഹൈക്കമാൻഡ് ഇടപെട്ടു. അമ്മാതിരി ചർച്ചകൾ ഒന്നും ഇപ്പോൾ വേണ്ടെന്ന് കേരള നേതാക്കളെ ശാസിച്ചു. എത്രയായാലും പഠിക്കില്ലെന്ന് ഉറപ്പിച്ചിട്ടുള്ള ഗ്രൂപ്പ് മാനേജർമാർ തൽക്കാലം ഒന്നടങ്ങി. അതിനിടെ മലബാർ പ്രദേശത്ത് മുസ്ലിംലീഗിനെ കൂടി വേണ്ടപോലെ പരിഗണിക്കേണ്ട സ്ഥിതി ഇപ്പോഴും കോൺഗ്രസിനുണ്ട്.
ശശി തരൂരിനെ പോലെ വിശ്വപൗരൻ ഇമേജ് സ്വന്തമായുള്ള ഒരു നേതാവിന് ഈ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി അഖിലേന്ത്യാ നേതൃത്വത്തിനെതിരെ പോലും പത്രത്തിൽ ലേഖനം എഴുതേണ്ടി വന്നത് കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ വ്യാപ്തി എത്ര വലുതാണെന്ന് ബോധ്യപ്പെടുത്തുന്നതാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ ശബരീനാഥിനെ പോലുള്ള ആളുകളെ നേരത്തെ പ്രഖ്യാപിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു മുഴം മുന്നിലാണ് തങ്ങളെന്ന് തെളിയിക്കാൻ കോൺഗ്രസിനായി. പലരും സ്വന്തം നിലയ്ക്ക് പോസ്റ്റർ അടിച്ചു ഒട്ടിച്ചു കഴിഞ്ഞു.
ബി.ജെ.പിയുടെ ഇത്തവണത്തെ കേരള സ്വപ്‌നം തൃശ്ശൂർ ഉൾപ്പെടെയുള്ള ഏതാനും വലിയ നഗരസഭകളുടെ ഭരണം പിടിച്ചടക്കുക എന്നതാണ്. സംസ്ഥാന ഭരണം എന്ന മോഹം ഇപ്പോഴും അവർക്ക് കൈയെത്തുന്ന ദൂരത്തല്ല. എന്നാൽ ആഭ്യന്തര കലഹത്തിന് അവരും പിന്നിലല്ല. ചില ജില്ലകളിലെ ഊമക്കത്ത് വിവാദം ഉൾപ്പെടെ പാർട്ടിക്ക് തലവേദന സൃഷ്ടിക്കുന്ന പ്രാദേശിക ഘടകങ്ങൾ കോൺഗ്രസിലേതു പോലെ അവിടെയുമുണ്ട്. സുരേഷ് ഗോപിയുടെ തുറന്ന ഇടപെടലുകളും നിലപാടുകളും പലപ്പോഴും പാർട്ടിയുടെ ഔദ്യോഗിക ഭാഷ്യം അല്ല.
മന്ത്രി പദം ഇല്ലെങ്കിലും പ്രശ്‌നമില്ല സിനിമ ഉണ്ടല്ലോ എന്നൊരു ലൈൻ സുരേഷ് ഗോപിയും വെച്ചുപുലർത്തുന്നു. ക്രൈസ്തവ സഭകളുമായി നോർത്തിന്ത്യയിൽ പുലർത്തുന്ന അകലം കേരളത്തിൽ ബി.ജെ.പി പ്രകടിപ്പിക്കുന്നില്ല എന്നത് പാർട്ടിക്ക് ചില പോക്കറ്റുകളിൽ ഗുണം ചെയ്‌തേക്കാം. ഇരു മുന്നണികളെയും പരീക്ഷിച്ച് മടുത്ത ഒരു ജനതയ്ക്ക് പ്രത്യേകിച്ച് യുവാക്കൾക്ക് ബി.ജെ.പി എന്ന പ്രസ്ഥാനത്തോട് പകയോ വിദ്വേഷമോ ഇല്ല എന്നതും കാണണം. വർഗീയ കാർഡ് കളിയിൽ യുവതലമുറ കാര്യമായി കൊത്തുന്നില്ല.
ഇതിനെല്ലാം പുറമേ കേരളത്തിൽ, എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് രൂപം കൊണ്ട 20 ട്വന്റി പ്രസ്ഥാനത്തെയും തീർത്തും അവഗണിച്ചു കൂടാ. കൊച്ചി കോർപ്പറേഷൻ ഉൾപ്പെടെ തദ്ദേശസ്ഥാപനങ്ങളിലേക്ക് ഒരു രാഷ്ട്രീയ കക്ഷിയുടെ എല്ലാ സന്നാഹങ്ങളോടെയും അവർ ഇത്തവണ മത്സരിക്കുകയാണ്. അവരുടെ വോട്ട് ചോർത്തുന്നത് ആരുടേത് ആയിരിക്കും എന്ന് മുന്നണികൾക്ക് ആശങ്ക ഇല്ലാതില്ല. പി.വി. അൻവറിന്റെ തൃണമൂലിനെ തൃണവൽക്കരിക്കാൻ കഴിയില്ലെന്ന് പറയുന്നതുപോലെയാണ് ഇതും.
ജനത്തിന്റെ മനസ്സ് തദ്ദേശത്തിൽ എങ്ങോട്ട് തിരിഞ്ഞാലും അതിന്റെ തുടർച്ചയാവണം പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എന്ന് ഒരു രാഷ്ട്രീയ വിദ്യാർത്ഥിയും അബദ്ധത്തിൽ പോലും ചിന്തിക്കില്ല. ആ നിലയ്ക്ക് മുന്നണികളും ചെറുകക്ഷികളും എല്ലാം വോട്ടർമാരുടെ മനസ്സ് ചോർത്താൻ ഇനിയും രാപകൽ പണിയെടുക്കേണ്ടി വരും. തീർച്ച.
പ്രിജിത്ത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
