പണ്ട് ഒരു ശ്വാന സംഘടന ദൈവത്തെ ചെന്നു കണ്ട് ഒരു പരാതി പറഞ്ഞു: പൊതുവേ മനുഷ്യർ പശുക്കളെ സ്‌നേഹിക്കുന്ന അത്ര ഞങ്ങളെ സ്‌നേഹിക്കുന്നില്ല. ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണം! കുറച്ചിട ക്ഷമിക്കാൻ ദൈവം അവരോട് പറഞ്ഞു. അല്പം കഴിഞ്ഞപ്പോൾ അവർക്ക് വിശന്നു തുടങ്ങി. അതോടെ അവരുടെ സൗമ്യ സ്വഭാവം നഷ്ടപ്പെട്ടു.
അതിനിടയിലേക്കാണ് ദൈവത്തിന്റെ വക വളരെ സ്വാദുള്ള ആഹാരം കൊണ്ടുവന്നു നൽകിയത്. അത് കണ്ടതും എല്ലാവരും കൂടി അതിൽ ചാടിവീണ് പരസ്പരം കടിച്ചു കീറി. സ്വർഗ്ഗത്തിലെ സമാധാനപാലകർ അവരെ ഒരു ഭാഗത്തേക്ക് അടിച്ചൊതുക്കി.
അവരെ ഇങ്ങനെ മാറ്റി നിർത്തി ദൈവം കുറച്ച് പശുക്കളെ വിളിച്ചു വരുത്തി അവർക്ക് തിന്നാൻ ഇഷ്ടം പോലെ പച്ചപ്പുല്ല് ഇട്ടുകൊടുത്തു. വളരെ സമാധാനമായി വട്ടം കൂടി നിന്ന് അവർ ആ പുല്ല് എല്ലാവരും ഒരുമിച്ച് ആഹാരം ആക്കി.
അതു കണ്ട് നായ്ക്കൾക്ക് കാര്യം മനസ്സിലായി. പക്ഷേ, ഭൂമിയിൽ തിരിച്ചെത്തുന്ന സമയം കൊണ്ട് അവ ആ പാഠം മറന്നു പോയി.
നാട്ടിലെ വഴക്കുകളും വക്കാണുകളും കാണുമ്പോൾ ഇത് ഓർമ്മ വരുന്നു. ഇത്രയൊന്നും വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കാലത്ത് മനുഷ്യർ തമ്മിൽ ഇതിലേറെ സൗഹൃദം ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. സമൂഹം ഇത്രയൊന്നും ശിഥിലമായിരുന്നില്ല. ജാതി മത വർഗ്ഗ താൽപര്യങ്ങൾ സൗഹൃദത്തിന് അപായമായിരുന്നില്ല ഇന്നുള്ള അളവിൽ. വല്ല പിണക്കവും ഉണ്ടായാൽ തന്നെ അത് പെട്ടെന്ന് പറഞ്ഞു തീരും.
ഇന്ന് കാര്യം അങ്ങനെയല്ല. ഞാൻ എത്ര പേരെ ജാതി മതം തുടങ്ങിയവയുടെ പേരിൽ തമ്മിൽ തല്ലിക്കൊന്നു അത്രയാണ് എന്റെ ജീവിതവിജയം എന്നാണ് സ്ഥിതി. വെറും തമ്മിൽ തല്ലും അല്ല, വെട്ടും കുത്തും കുടിപ്പകയും വരെയാണ് ബാക്കി! നാളേക്കുള്ള എന്റെ മൂലധനമാണ് ഇന്ന് എന്റെ ഇരകൾക്ക് ഇടയിൽ ഞാനുണ്ടാക്കി വയ്ക്കുന്ന കൂടിപ്പകകൾ.
പ്രശ്‌നം ഏതായാലും ചർച്ച മുറുകുംതോറും പക വർദ്ധിക്കുന്നതായാണ് പലപ്പോഴും കാണുക. ഈ വിരോധാഭാസത്തിന്റെ കാരണം അന്വേഷിച്ചപ്പോൾ എന്റെ നാട്ടിലെ ഒരു വക്കീൽ ഗുമസ്ഥൻ എനിക്ക് ഒരു വിശ്വാസനീയമായ വിശദീകരണം തന്നു: എവിടെയെങ്കിലും ഒരു കലാപം ഉണ്ടായാൽ അതിന് കാരണം ആരെന്ന് അറിയണമെങ്കിൽ ആ കലാപം കൊണ്ട് ആർക്കാണ് ലാഭമുണ്ടായത് എന്ന് നോക്കിയാൽ മതി എന്നാണ് ആ ആപ്തവാക്യം!
ഉദാഹരണത്തിന് പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ ശത്രുതയുണ്ടാക്കി യുദ്ധം ഏർപ്പാടാക്കുന്നത് ആരെന്ന് അറിയണമെങ്കിൽ ആ യുദ്ധം കൊണ്ട് ആർക്കാണ് ഏറ്റവും വലിയ ലാഭം എന്ന് അന്വേഷിക്കുക. കുളം കലക്കിയത് ആര് എന്ന് അറിയണമെങ്കിൽ കലങ്ങിയ കുളത്തിൽനിന്ന് മീൻ പിടിച്ചു കൊണ്ടു പോയത് ആരെന്ന് നിശ്ചയിക്കുക!
പക്ഷേ, അതിർത്തികളും ആയുധങ്ങളും ശത്രുതകളും ഉണ്ടാക്കുന്നവർ തന്നെ സമാധാനത്തിന്റെ പതാകാഹകരായി വരുന്നത് സൂക്ഷിക്കുക.
ഭരിക്കാൻ ഉള്ള സർക്കാറിനെ തെരഞ്ഞെടുക്കാനുള്ള പ്രവർത്തനത്തിന് ഇപ്പോൾ പറയുന്നത് ഇലക്ഷൻ എൻജിനീയറിങ് എന്നാണ്. ഏത് മാരകവികാരം ഊതി കത്തിച്ചാൽ ഏതു വിഭാഗത്തിന്റെ എത്ര വോട്ട് കിട്ടും എന്ന് കണക്കുകൂട്ടുന്നതിനുള്ള പേരാണ് ഇത്.
കണക്ക് കൂട്ടിയാൽ മാത്രം പോരാ വക്കാണങ്ങളുടെ പടുത്തു കെട്ടുകൾ പണിഞ്ഞ് ചവിട്ടി കയറാനുള്ള വഴി തയ്യാറാക്കുകയും വേണം. ഏതാനും ആഴ്ചകളിൽ ഈ ഒരു പണി ചെയ്തു കഴിഞ്ഞാൽ കഥകളിക്കാരുടെ ഭാഷയിൽ പിന്നെ സുഖം
പാവം നമുക്കോ, ഹാ, കഷ്ടവും
ഇതാ, ഈ കലാപരിപാടിക്ക് കേരളത്തിൽ സമയമായി. ഇതൊരു നാണംകെട്ട തട്ടിപ്പാണ് എന്ന് പറയരുത്. പറഞ്ഞാൽ ജനാധിപത്യ വിരോധിയായ മൂരാച്ചി എന്ന ചീത്തപ്പേര് വീഴും!
സി. രാധാകൃഷ്ണൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
