ന്യൂഡൽഹി: സൈന്യത്തിന് മതമോ ജാതിയോ ഇല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനം ആളുകളുടെ (ഉന്നത ജാതിക്കാർ എന്ന് വിളിക്കപ്പെടുന്നവരുടെ) നിയന്ത്രണത്തിലാണ് സൈന്യം എന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന. കോൺഗ്രസ് എം.പി സായുധ സേനയെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിരോധ മന്ത്രി ആരോപിച്ചു. ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഈ പരാമർശം.
പ്രതിരോധ സേനയിൽ സംവരണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ''സംവരണം ഉണ്ടാവണം. ഭാരതീയ ജനതാ പാർട്ടി സംവരണത്തെ പിന്തുണയ്ക്കുന്നവരാണ്. പക്ഷേ നമ്മുടെ സൈനികർക്ക് ഒരു മതമേയുള്ളൂ, 'സൈന്യ ധർമ്മം',' സൈനിക പെരുമാറ്റച്ചട്ടത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
സൈന്യ ധർമമല്ലാതെ മറ്റൊരു മതവുമില്ല. സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുത്. ഈ രാജ്യം ഒരു പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം, സൈനികർ ധീരത പ്രകടിപ്പിച്ചതുകൊണ്ട് ഇന്ത്യയുടെ തല ഉയർന്നു തന്നെയാണ് നിന്നിട്ടുള്ളത്.
ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിച്ചതിന് രാഹുൽ ഗാന്ധിയെ രാജ്നാഥ് സിംഗ് വിമർശിച്ചു, 'ജാതി, മതം എന്നിവയുടെ ഈ രാഷ്ട്രീയം രാജ്യത്തിന് വലിയ ദോഷം വരുത്തിവച്ചു. എല്ലാ വിഭാഗങ്ങളെയും ഉയർത്തണം എന്നതാണ് ഞങ്ങളുടെ ചിന്ത. വിവേചനം കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
