കഥ ഇതുവരെ : കെന്നഡി ജൂനിയർ പറത്തിയ വിമാനം തകർന്ന് കടലിൽ വീണു. അതിനെ ചുറ്റിപ്പറ്റി ന്യൂയോർക്കിലെ ദി വേൾഡ് ടൈംസ് എന്ന ന്യൂസ് പേപ്പറിന്റെ ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ. അതിനിടെ ചില അത്യാഹിതങ്ങൾ സംഭവിക്കുന്നു. അതിന്റെ അന്വേഷണത്തിന് മലയാളിയായ റിപ്പോർട്ടർ റോബിൻസ് നിയോഗിക്കപ്പെടുന്നു. ... തുടർന്നു വായിക്കുക
ന്യൂയോർക്ക് ഒരു അസാധാരണ പട്ടണമാണ്. അന്തമില്ലാത്ത വാഹനപ്രവാഹം. അത് നഗരജീവിതത്തിന്റെ ആകെത്തുകയാണ്. റോഡിലെ തിരക്കുകാരണം ജോർജ് ലൂക്കാസിന്റെ കാറിന് ഒരു ഇഞ്ചുപോലും ചലിക്കാനാകാതെ ഗതി മുട്ടിക്കിടക്കുകയാണ്. റോബിൻസ് തന്റെ പത്രാധിപരുടെ അടുത്തിരുന്നുകൊണ്ട് വാച്ചിൽ നോക്കി എന്നിട്ട് പറഞ്ഞു:
'നമുക്ക് തിരിച്ചു പോകാനും കഴിയില്ലല്ലോ..?'
'തിരിച്ചുപോകാനോ... എന്തിന് അദ്ദേഹം അവിടെത്തന്നെ കാണും.'
സാവധാനത്തിൽ തെല്ല് പ്രയാസപ്പെട്ട് ബ്രൂക്കിലിൻ പാലത്തിൽക്കൂടി തങ്ങൾക്ക് ചെന്നെത്തേണ്ട ബ്രൂക്ക്‌ലിനിലെ സെക്കഡ് അവന്യുവിലേയ്ക്ക് കാർ തിരിച്ചു.
'അങ്ങ് ജെമേയ്ക്കായ്ക്കപ്പുറത്തുള്ള ചതുപ്പു നിലങ്ങൾ മുതൽ ക്വീൻസിലുള്ള മണിമേടകൾ വരെ, സ്റ്റാറ്റൽ ദ്വീപിലെ ആഡംബരം മുതൽ ഹാർലത്തിലെ ഇടുങ്ങിയ തെരുവുകൾ വരെ, ന്യൂയോർക്ക് ലോകത്തുള്ള വ്യത്യസ്ത മനുഷ്യരുടെ ചെറുപതിപ്പാണ്. സകലമാന ഭാഷകളും സമ്മിശ്രമായി സംസാരിക്കപ്പെടുന്ന ഒരു പ്രദേശം.
അവിടെ ലോകത്തുള്ള എല്ലാ നരവർഗങ്ങളും, മതങ്ങളും പ്രതിനിധീകരിക്കപ്പെടുന്നുണ്ട്. ആ നഗരത്തിലെ ജനസംഖ്യാകണക്ക് ഊഹത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ആഫ്രിക്കൻ വൻകരയുടെ പടിഞ്ഞാറു ഭാഗത്തുള്ള നൈജീരിയായുടെ തലസ്ഥാനമായ ലാഗോസിലുള്ളതിനേക്കാൾ കൂടുതൽ നീഗ്രോകൾ ന്യൂയോർക്കിലുണ്ട്. ജെറുസലേമിലും ഹയ്ഫായിലും ടെൽഅവീവിലും കൂടി ഉള്ളതിനേക്കാൾ ജൂതന്മാരും ഇവിടുണ്ട്.'
അയാൾ റോബിൻസിനെ നോക്കിക്കൊണ്ട് തുടർന്നു:
'നിന്റെ നാടായ ഇന്ത്യയിൽ സിന്ധു നദിതട നാഗരീകത ഉന്നതിയിൽ നിൽക്കുമ്പോൾ അമേരിക്ക ആരാലും അറിയപ്പെടാതെ ഒറ്റപ്പെട്ടിരുന്ന നാടാണ്. 1600കളിൽ മുഗൾ ചക്രവർത്തിമാർ ഫത്തേപ്പൂർ സിക്രിയും ആഗ്രാഫോർട്ടും റെഡ്‌ഫോർട്ടും മോടിപിടിപ്പിക്കുമ്പോൾ അമേരിക്കയിൽ കുടിയേറ്റക്കാർ വിർജീനിയായിലെ ജെയിംസ് ടൗണിൽ വെറും തടികൊണ്ടുള്ള കൂരകളിൽ തണുത്തുവിറച്ചു കിടക്കുകയായിരുന്നു.
ഫലഭൂയിഷ്ഠമായ ഭൂമിയും ജലസമ്പത്തും വേണ്ടത്ര ധാതുക്കളും ലോഹങ്ങളും കൊണ്ട് നിറഞ്ഞ അമേരിക്ക രണ്ട് ലോകയുദ്ധം കൊണ്ട് അജയ്യശക്തിയായി മാറി. അണുബോംബടക്കമുള്ള മാരകായുധങ്ങൾ കണ്ടുപിടിച്ച് മൊത്തക്കച്ചവടം നടത്തുന്ന അമേരിക്കയുടെ മുന്നിൽ ഭൂമുഖത്തെ മുഴുവൻ രാഷ്ട്രങ്ങളും മുട്ടുമടക്കി നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കേവലം 350 വർഷംകൊണ്ടുമാത്രം നേടിയെടുത്തതാണിവയെല്ലാം.'
ഇതെല്ലാം കേട്ട് അന്തം വിട്ടിരുന്ന ആ മലയാളി യുവാവ് പൊടുന്നനെ ചോദിച്ചു:
'സാർ...രണ്ടാം ലോകമഹായുദ്ധം ജയിച്ച ദിവസം ന്യൂയോർക്കിൽ നടന്ന ആഹ്ലാദപ്രകടനവും വിജെ ഡേ ഇൻ ടൈംസ് സ്വയർ എന്ന ചുംബന ഫോട്ടോഗ്രാഫും പ്രസിദ്ധമാണല്ലോ..?'
'അതേയതേ..!, 1945ൽ ലോകം ആറു വർഷത്തോളം നീണ്ട ഭീകര യുദ്ധത്തിൽ നിന്ന് മോചിതമായി. ഏറെപ്പേർ കൊല്ലപ്പെട്ടു, പട്ടിണിയും എവിടേയും നാശനഷ്ടങ്ങൾ..! യുദ്ധം അവസാനിച്ചു എന്നു കേട്ടപ്പോൾ ലോകം ഒന്നടങ്കം സന്തോഷിച്ച നിമിഷം. അതുവഴി വന്നൊരു നേഴ്‌സിനെ വാരിപ്പുണരുന്ന നാവീകൻ..! അയാളുടെ ചുടുചുബനം ആഹ്ലാദത്തിന്റെ, ആശ്വാസത്തിന്റെ, സമാധാനത്തിലേക്കുള്ള മടക്കയാത്രയുടെ പ്രതീകമായി ജനം കണ്ടു. അതൊരു സ്വാതന്ത്ര്യപ്രകടനം കൂടിയായിരുന്നു. ആ ചുംബനത്തിന്റെ ആർക്കും മായ്ക്കാനാകാത്ത മുദ്ര പതിഞ്ഞു കിടക്കുന്ന നഗരം.
അപ്പോഴേക്കും മനോഹരമായ വീടിന്റെ മോടിപിടിപ്പിച്ച പുൽത്തകിടിയോട് ചേർന്നു കാർ നിന്നു.
ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ജോർജ് ലൂക്കാസിനെ കണ്ട ഉടൻ പുൽത്തകിടിയിലെ സിമന്റ് ചെയറിൽ നിന്ന് വായിച്ചുകൊണ്ടിരുന്ന പുസ്തകം ചെയറിൽ ഇട്ട് ആർച്ചർ ലീ ഫാക്ക് എഴുന്നേറ്റുകൊണ്ടു പറഞ്ഞു:
'ആഹാ... മിസ്റ്റർ ലൂക്കാസ്.. വരൂ..വരൂ...'
'ഞാൻ ഇറങ്ങുന്നില്ല ആർച്ചർ.. അറിയാമല്ലോ എന്താ ട്രാഫിക്...! ഇപ്പോൾ തന്നെ സമയം ഏറെ വൈകി.'
അപ്പോഴേക്കും റോബിൻസ് കാറിൽ നിന്നും ഇറങ്ങി ആർച്ചർ ലീ ഫാക്കിനു നേരെ നടന്നു. പിന്നെ ഹസ്തദാനം നൽകി.
'ഞങ്ങളുടെ എംഡി മിസ്സീസ് സൂസൻ ക്ലാർക്ക് പറഞ്ഞ കക്ഷി ഇതാണ്. താങ്കൾ ഇവനെ നന്നായി കൈകാര്യം ചെയ്തുകൊള്ളു. ഓക്കെ, ബൈ.'
കാർ തിരിച്ച് പുറത്തേക്ക് ഓടിച്ചുപോയി.
'നമുക്കകത്തിരുന്നു സംസാരിക്കാം.' എന്നു പറഞ്ഞ് ആർച്ചർ റോബിൻസിനേയും കൂട്ടി അകത്തേക്കുപോയി.
*** * *
ഫ്‌ളീറ്റ് സ്ട്രീറ്റിലെ ജെയിംസ് ബോണ്ട് എന്നറിയപ്പെടുന്ന ഹരോൾഡ് ഇവാൻസിന്റെ ഒപ്പം യുകെയിൽ ദി സൺഡേ ടൈംസിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ആർച്ചർ ലീ ഫാക്ക്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച പത്രപ്രവർത്തകരിൽ ഒരാൾ കൂടിയായിരുന്നു ഇദ്ദേഹം. ഇരുവരും മാധ്യമ ചക്രവർത്തി റൂബർട്ട് മർഡോക്കിനോട് മല്ലടിച്ചവർ. അടുപ്പമുള്ളവർ ഹരോൾഡ് ഇവാൻസിനെ ' ഹാരി' എന്നു വിളിച്ചു. ആർച്ചറും അങ്ങിനെ തന്നെ വിളിക്കുന്നു.
1981 ബ്രിട്ടണിലെ മൂന്നു ടൈംസ് പത്രങ്ങളും മർഡോക്ക് സ്വന്തമാക്കിയതോടെ പത്രലോകത്തു നിന്നും തോംസൺ കുടുംബം പതിയെ പിന്മാറി.
വികസ്വര രാജ്യങ്ങളിലെ പത്രപ്രവർത്തകരെയും ആശയവിനിമയ ടീമുകളെയും പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1962ൽ സ്ഥാപിതമായ ആദ്യത്തെ ചാരിറ്റബിൾ ഫൗണ്ടേഷൻ കൂടിയായിരുന്നുവല്ലോ തോംസൺ ഫൗണ്ടേഷൻ. ടൈംസിന്റേയും സൺഡേ ടൈംസിന്റേയും എഡിറ്റോറിയൽ നയങ്ങളും പാരമ്പര്യവും മർഡോക്കിന്റെ കീഴിൽ പാടെ മാറിമറിഞ്ഞു.
യുകെയിലെ ആ പ്രധാനപ്പെട്ട പത്രങ്ങൾ അതുവരെ അനുഭവിച്ചുപോന്ന വിലപ്പെട്ട സ്വാതന്ത്ര്യം ഇല്ലാതായി. അതോടെ ഹാരിയും ആർച്ചറും രാജിവച്ചു. ആ രണ്ടു പത്രങ്ങളേയും പിന്നീട് ശക്തമായ രാഷ്ട്രീയ ആയുധമാക്കി മർഡോക്ക് മാറ്റിയത് ചരിത്രം. ആർച്ചർ ലീ ഫാക്ക് മുഖവുരയായി റോബിൻസിനോട് പറഞ്ഞതിന്റെ ചുരുക്കം ഇതായിരുന്നു. അപ്പോഴേക്കും ഒരു പരിചാരിക ആവി പറക്കുന്ന കാപ്പിയും സ്‌നാക്‌സുമായി എത്തി.
ഇരുവരും കാപ്പി കുടിക്കുന്നതിനിടയിൽ ആർച്ചർ തുടർന്നു.
'അതായത് ഞാൻ പറഞ്ഞുവന്നത് മറ്റൊന്നുമല്ല. ഒരു പത്രം സ്വന്ത നിലയിൽ പോരാട്ടങ്ങൾ നടത്തുമ്പോഴാണ് ജനം അതിനെ ശ്രദ്ധിച്ചു തുടങ്ങുകയെന്ന തിരിച്ചറിവോടെ പ്രവർത്തിച്ച പത്രപ്രവർത്തകരായിരുന്നു ഞങ്ങളൊക്കെ.
എൺപതുകളിൽ ഹാരി അമേരിക്കയിലെത്തി. ഞാനാകട്ടെ മധ്യആഫ്രിക്കൻ രാജ്യങ്ങളിൽ ചുറ്റിത്തിരിഞ്ഞ് ഒടുവിൽ കെനിയായിൽ താവളമുറപ്പിച്ചു. അവിടെ കുറച്ചുകാലം ഞാൻ ഉണ്ടായിരുന്നു കേട്ടോ... അതുകൊണ്ടാണ് മിസ്സീസ് ക്ലാർക്ക് നിന്നോട് എന്നെ വന്നു കാണാൻ പറഞ്ഞത്.
നീ തെരഞ്ഞെടുത്ത വിഷയത്തിന് പറ്റിയ ഇടം കെനിയ തന്നെയാണ്. വൈരുദ്ധ്യങ്ങളുടെ നാടെന്നാണ് കെനിയായെ പറയുന്നത്.'
'സാർ...ഈ കെനിയ എന്ന വാക്കിന്റെ അർത്ഥമെന്താണ്..?' റോബിൻസ് ചോദിച്ചു:
'സബാഷ്...! ഒരു പത്രപ്രവർത്തകൻ ഇങ്ങനെയായിരിക്കണം. ഒരു രാജ്യത്തിന്റെ പേരിൽ നിന്നു തന്നെയാണ് തുടങ്ങേണ്ടത്.
ഏറെ വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 1849ൽ കെനിയായിലെത്തിയ പരിവേക്ഷകരായിരുന്നു ജോഹന്നാസ് ഹെബ്മാനും ജോഹൻ ലുഡ്വിഗും. അവിടെ സമുദ്രനിരപ്പിൽ നിന്നും പതിനേഴായിരം അടി ഉയരത്തിൽ കെനിയ പർവ്വതം തലയുയർത്തി നിൽക്കുന്നു.
പർവ്വതത്തിലെമ്പാടും മഞ്ഞുശിഖരങ്ങൾ...പർവ്വതത്തിന്റെ താഴ്‌വാരത്തിൽ താമസിക്കുന്ന കിക്കുയുക്കികളും എംബു, മേരു, കമ്പ ഗോത്രക്കാരും അതിശയത്തോടെയാണെന്നും പർവ്വതത്തെ നോക്കിക്കാണുന്നത്.
പരിവേഷകരായെത്തിയ ആ രണ്ടു പേരും അത്ഭുതത്തോടെ പച്ചക്കറി ഇനത്തിൽപെട്ട 'ചുരക്ക' പിടിച്ചു നിൽക്കുന്ന ഗോത്രവർഗക്കാരിൽ ഒരാളോട് പർവ്വതത്തെ ഉദ്ദേശിച്ചു ചോദിച്ചു.
ഇതെന്താണെന്ന്..?
തന്റെ കൈയിലിരിക്കുന്ന ചുരക്കയെക്കുറിച്ചാണ് ചോദ്യമെന്നു കരുതി അയാൾ ചുരക്കയുടെ പേരായ 'കീനിയ' എന്നുപറഞ്ഞുവത്രെ..! ബ്രീട്ടീഷുകാരൻ അതിനെ 'കെനിയ' എന്നു ഉച്ചരിക്കുകയും അത് നാടിന്റെ പേരായി തീരുകയും ചെയ്തു എന്നാണ് ചരിത്രം..!'
അക്കഥ കേട്ട് ചിരിച്ചുപോയി റോബിൻസ്.
ആർച്ചർ വീണ്ടു പറഞ്ഞു തുടങ്ങി:
'ആധുനിക സൗകര്യങ്ങളോടു കൂടിയ തലസ്ഥാന നഗരിയായ നെയ്‌റോബിയിൽ നീ പോയാൽ, യൂറോപ്പിലെ ഏതെങ്കിലും നഗരത്തിലാണെന്നേ തോന്നൂ. എന്നാൽ നഗരത്തിൽ നിന്നും നാലു മൈൽ പിന്നിട്ടാൽ സിംഹവും പുലിയും ഊളിയിട്ടു നടക്കുന്ന കൊടും കാട് കാണാനാകും. വളരെക്കാലം ഒരു ബ്രിട്ടീഷ് കോളനിയായിരുന്നു ആ രാജ്യം. പശ്ചിമയൂറോപ്പിലെ പല ആചാരങ്ങളും അവിടെ കണ്ടാൽ നീ അതിശയിക്കരുത്. എന്നാൽ ശുദ്ധ ആഫ്രിക്കൻ സംസ്‌ക്കാരത്തിന്റെ ഒന്നാന്തരം മാതൃകകളും നമുക്ക് അവിടെ കാണാം. മറ്റേതൊരു ആഫ്രിക്കൻ രാജ്യങ്ങളെയും അപേക്ഷിച്ച് കൂടുതൽ ഏഷ്യക്കാരും യൂറോപ്യൻമാരും അവിടെയുണ്ട്.
പിന്നൊരു കാര്യം അവിടെ എത്തിയാൽ നീ നിർബന്ധമായും കാണേണ്ട ഒരു വനിതയാണ് വംഗാരി മാതായി. ഗ്രീൻ ബെൽറ്റ് പ്രസ്ഥാനത്തിന്റെ നായികയാണവർ. കെനിയ വ്യാപകമായ വനനശീകരണവും തൊഴിലില്ലായ്മയും അഭിമുഖീകരിച്ചപ്പോഴാണ് പ്രതിവിധിയുമായി വാംഗാരി മാതായ് പൊതുരംഗത്തിറങ്ങുന്നത്.
ഞാൻ അവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മനോഹരമായി എഴുതാൻ കഴിവുള്ള സ്ത്രീ ആണവർ. തീർന്നില്ല, ആഫ്രിക്കയിൽ നിന്നും ഡോക്ടറേറ്റ് നേടുന്ന ആദ്യ സ്ത്രീയാണ്. നീ കണ്ടോ, ഇന്നല്ലെങ്കിൽ നാളെ നിശ്ചയമായും അവർക്കൊരു നോബേൽ സമ്മാനം കൊടുക്കേണ്ടിവരും.
അവരുടെ ഒരു അർത്ഥ സഹോദരിയുണ്ട്. മിടുക്കിയാണ്. 'മറിയം വഞ്ചിറൂ' എന്നാണവളുടെ പേര്. നീ ഈ പേര് ഓർത്തുവച്ചോ.'
റോബിൻസ് ഓർത്തോളാം എന്ന അർത്ഥത്തിൽ തലയാട്ടി. ആ നിമിഷം അവന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു. ഡാനിയേൽ ജോൺ എന്ന സെക്യൂരിറ്റി ഓഫീസറുടെ ഫോൺ ആയിരുന്നു അത്. ഇതിനകം റോബിൻസിന്റെ ഉറ്റ ചങ്ങാതിയായി മാറിയിരുന്നു ആ മനുഷ്യൻ.
ആർച്ചറോട് അനുവാദം വാങ്ങി അവൻ ഫോൺ എടുത്ത് മുറിയുടെ പുറത്തേക്കിറങ്ങി.
'ഹാലോ..പറയു..., എന്തുണ്ട് വിശേഷം.'
മറുതലയ്ക്കൽ നിന്നും ഡാനിയേൽ ജോൺ അടക്കിപ്പിടിച്ച സ്വരത്തിൽ ഇങ്ങനെ പറഞ്ഞു: വളരെ കോൺഫിഡൻഷ്യൽ ആയി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ്. ഇനി ഞാൻ പറയുന്ന ആ സ്ത്രീയെ പോയി കാണണം. അവൾ ചില കാര്യങ്ങൾ പറയും.'
'ശരി...ശരി.. ആരാണവള്. എവിടെയാണ് താമസം...? '
വീണ്ടും ഫോൺ ശബ്ദിച്ചു.
സിറ്റി ചേംബേഴ്‌സ് സ്ട്രീറ്റിൽ സൂസീസ് ഡൈനറിയിൽ ചെല്ലണം. അവിടെ കൗണ്ടറിലിരിക്കുന്ന ഇരുണ്ട സുന്ദരിയായ ലിസ ബോണറ്റിനെ കാണുക. അവൾ നിനക്കു അറിയേണ്ടതെല്ലാം പറഞ്ഞുതരും. തീർച്ചയായും ഈ കൂടിക്കഴ്ച നിനക്ക് ഗുണമായി ഭവിക്കട്ടെ എന്ന് ആശംസിക്കുന്നു,
ഞാൻ ഫോൺ കട്ടു ചെയ്യുകയാണ്.
(തുടരും)
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
