മംഗുളൂരു: നാലു വയസുള്ള മകൾക്കൊപ്പം തൂങ്ങി മരിക്കാനൊരുങ്ങിയ യുവാവിനെ പോലീസ് രക്ഷിച്ചു. കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അംബിക നഗറിലാണ് സംഭവം. ഭാര്യയുമായി പിണങ്ങിയാണ് രാജേഷ്(35) എന്നയാൾ മകളെ കൊന്ന് ജീവനൊടുക്കാൻ തീരുമാനിച്ചത്.
ഏഴ് വർഷം മുമ്പ് വിവാഹിതനായ രാജേഷിൻറെ ദാമ്പത്യജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയുമായി വഴക്കിട്ട രാജേഷ് മകളേയും എടുത്ത് വീടുവിട്ടു. തണ്ണീർഭവി കടൽത്തീരത്തേക്കാണ് ആദ്യം പോയത്.
രാജേഷ് 'നമുക്ക് രണ്ടുപേർക്കും മരിക്കാം' എന്ന് പറയുന്ന വിഡിയോ റിക്കാർഡ് ചെയ്ത് ബന്ധുക്കളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കിട്ടു. കടൽത്തീരത്തേക്ക് നടക്കുമ്പോൾ തുളുവിൽ സംസാരിക്കുന്ന ആ വിഡിയോയിൽ 'നമുക്ക് മരിക്കണ്ടപ്പാ..' എന്ന് മകൾ പറയുന്നത് കേൾക്കാം.
ഈ വീഡിയോ പിന്നീട് പണമ്പൂർ പോലീസിൻറെ കൈവശമെത്തി. പണമ്പൂർ പോലീസ് ബീച്ച് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. തുടർന്ന് തണ്ണീർഭവി ബീച്ചിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചെങ്കിലും അവിടേയും സൂചന ഇല്ലായിരുന്നു. സൈബർ ക്രൈം പോലീസിൻറെ സഹായത്തോടെ മൊബൈൽ ടവർ പിന്തുടർന്ന് രാജേഷ് കാവൂരിലെ ശാന്തിനഗറിലാണെന്ന് കണ്ടെത്തി.
പണമ്പൂർ പോലീസ് ഉദ്യോഗസ്ഥരായ ഫക്കീരപ്പ, ശരണപ്പ, രാകേഷ് എന്നിവർ സ്ഥലം തിരിച്ചറിഞ്ഞ് വീട്ടിൽ എത്തിയെങ്കിലും വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നു. മുട്ടി വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. പോലീസ് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ കുരുക്കുകൾ കഴുത്തിലിടാൻ ഒരുങ്ങുകയായിരുന്നു രാജേഷ്.
തുടർന്ന് ഇരുവരെയും രക്ഷപ്പെടുത്തി കാവൂർ പോലീസിന് കൈമാറി. രാജേഷിന് കൗൺസിലിംഗ് നൽകി വീട്ടിലേക്ക് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
