ഫോമായോടൊപ്പം ഐക്യത്തിന്റെയും സേവനത്തിന്റെയും പാതയിൽ: ഒരോർമ്മക്കുറിപ്പ്

JULY 24, 2026, 10:18 AM

അമേരിക്കൻ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക പ്രതീകമായി തലയുയർത്തി നിൽക്കുന്ന 'ഫോമാ'യുടെ  ഐക്യത്തിന്റെയും സേവനത്തിന്റെയും നാൾവഴികളിൽ ഒരു എളിയ പങ്കാളിയാകാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയൊരു സുകൃതമായി ഞാൻ കരുതുന്നു.

ഓർമ്മകൾ 2008ലേയ്ക്ക് പോവുകയാണ്. ശശിധരൻ നായർ, എം.ജി മാത്യു, അനിയൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഫോമായുടെ പ്രഥമ കമ്മറ്റി രൂപീകൃതമായ കാലം. ഇന്നത്തെ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ അന്ന് കോൺഫറൻസ് ചെയർമാനായും, ഞാൻ രജിസ്‌ട്രേഷൻ ചെയർമാനായും പ്രവർത്തിച്ച ആ നാളുകൾ ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.

ഏവരും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചതിന്റെ ഫലമായി, വെറും മൂന്നു മാസത്തെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചരിത്രം കുറിച്ചതും ഏവരുടെയും മനംനിറഞ്ഞതുമായ ഒരു കൺവൻഷൻ അന്ന് ഞങ്ങൾക്ക് അണിയിച്ചൊരുക്കാൻ കഴിഞ്ഞു. ഏറെ ന്തോഷകരമായ മറ്റൊരു കാര്യം, ഈ മഹാ പ്രസ്ഥാനത്തിന് 'ഫോമാ' എന്ന പേര് നാമനിർദ്ദേശം ചെയ്തത് പ്രഥമവനിത പൊന്നു ചേച്ചിയും ഞാനും ചേർന്നാണെന്ന് വിനയത്തോടെ പറയട്ടെ. 

vachakam
vachakam
vachakam

ഫോമാ ഇന്ന് നോർത്ത് അമേരിക്കയിലെയും കാനഡയിലെയും നൂറിലധികം വരുന്ന മലയാളി അസോസിയേഷനുകളെ ഒരേ കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായി വളർന്നു പന്തലിച്ചിരിക്കുന്നു. ഫോമായുടെ ഏറ്റവും വലിയ കരുത്ത് അതിന്റെ ജനാധിപത്യപരമായ അടിത്തറയാണ്. ഈ അഭിമാന സംഘടനയുടെ തുടക്കം മുതലിങ്ങോട്ട് അതിന്റെ വളർച്ചയുടെ ഓരോ പടവിലും ഒപ്പമുണ്ടാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ ചാരിതാർത്ഥ്യമുണ്ട്.

രണ്ടു തവണ രജിസ്‌ട്രേഷൻ ചെയർമാനായും, പിന്നീട് റീജണൽ രിജിസ്‌ട്രേഷൻ ചെയർ, റീജണൽ ട്രഷറർ, കംപ്ലയൻസ് കമ്മറ്റി മെമ്പർ, കഴിഞ്ഞ കൺവൻഷന്റെ ട്രാൻസ്‌പോർട്ടേഷൻ കോഓർഡിനേറ്റർ എന്നീ നിലകളിലും നിലവിൽ റിസപ്ഷൻ ചെയർമാനായും പ്രവർത്തിക്കാൻ ലഭിച്ച അസുലഭ അവസരങ്ങളെ തികഞ്ഞ കൃതജ്ഞതയോടെയും അഭിമാനത്തോടെയുമാണ് ഞാൻ നോക്കിക്കാണുന്നത്.

ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ സ്‌നേഹത്തിന്റെ പൊൻനൂലിൽ കോർത്തിണക്കി, നമ്മുടെ സാംസ്‌കാരിക പൈതൃകവും സാമൂഹിക പ്രതിബദ്ധതയും കാത്തുസൂക്ഷിക്കുന്നതിൽ ഫോമാ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സഹജീവികളെ ഹൃയത്തോട് ചേർത്ത് നിർത്തി സഹായവും സേവനവും മുഖമുദ്രയാക്കി, അമേരിക്കയിലെയും കേരളത്തിലെയും സമൂഹത്തിന്റെ ഉന്നമനത്തിനായി ഫോമാ നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. വരും കാലങ്ങളിലും ഫോമായ്ക്ക് കൂടുതൽ ഉയരങ്ങളിൽ എത്താനും ലോകമലയാളി സമൂഹത്തിന് ശക്തമായ നേതൃത്വവും സേവനവും നൽകാനും സാധിക്കട്ടെ എന്ന് ഞാൻ ആശിക്കുന്നു.

vachakam
vachakam
vachakam

ഫോമാ ജൻമമെടുത്ത മണ്ണിലെ ഈ കൺവൻഷൻ നമ്മുടെ വേരുകളും മഹത്തായ മൂല്യങ്ങളും പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്ന ഒരു സാംസ്‌കാരിക മഹോത്സവമായി മാറട്ടെയെന്ന് പ്രാർത്ഥിക്കുന്നു. പരസ്പര സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനൊപ്പം, ഭാവിയിലേക്കുള്ള പുതിയ കർമ്മപദ്ധതികൾക്കും സേവനമാർഗ്ഗങ്ങൾക്കും ഈ വേദി തുടക്കം കുറിക്കട്ടെ. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസേവനം, നേതൃത്വവികസനം, കലാസാംസ്‌കാരിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകി സമൂഹത്തിന് പുതിയ ദിശാബോധം നൽകാനും, നമ്മുടെ ഭാഷയും പാരമ്പര്യവും വരും തലമുറയ്ക്ക് കൈമാറാനും നമുക്ക് സാധിക്കണം.

ഈ കൺവൻഷന്റെ വൻവിജയത്തിനായി അഹോരാത്രം പ്രയത്‌നിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും, ഭാരവാഹികൾക്കും, സംഘാടകർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ. ഈ സാംസ്‌കാരിക മഹാമേളയിലേക്ക് ലോകമെമ്പാടുമുള്ള മലയാളികളെ ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയാണ്.

''ഐക്യമാണ് നമ്മുടെ ശക്തി, സംസ്‌കാരമാണ് നമ്മുടെ വ്യക്തിത്വം, സേവനമാണ് നമ്മുടെ ദൗത്യം...''

vachakam
vachakam
vachakam

ജോയി എൻ സാമുവൽ, റിസപ്ഷൻ ചെയർ 2026, ഹ്യൂസ്റ്റണ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam