നിയമസഭയിൽ 'പിണറായി വധം' ബാലെ സന്ദർശക ഗ്യാലറി ഹൗസ് ഫുൾ !

OCTOBER 14, 2026, 9:18 AM

നിയമസഭയിൽ ഇന്ന് സണ്ണി ഡേയ്‌സ് കണ്ട് കണ്ണുമഞ്ഞളിച്ച് പ്രതിപക്ഷം. വടികൊടുത്തല്ല 'പത്തൽ' കൊടുത്താണ് പിണറായിയും കൂട്ടരും വൈദ്യുതി മന്ത്രി സണ്ണി ജോസഫിൽ നിന്ന് പൊതിരെ 'തല്ല് ' വാങ്ങിയത്. മന്ത്രിയോട് തള്ള് പറഞ്ഞതിന് ചുട്ട 'പെട'യാണ് പ്രതിപക്ഷത്തിന് കിട്ടിയത്. വിഷയം വൈദ്യുതി. ഞങ്ങൾ ഭരിച്ചപ്പോൾ പവർകട്ടുണ്ടായിരുന്നില്ലെന്നായിരുന്നു പിണറായിയുടെ വാദം.

യു.ഡി.എഫ് വന്നതോടെ ഇരുട്ടിന്റെ കാലമായി എന്ന തള്ളും പിന്നാലെയെത്തി. ഇതോടെ കണക്കുകൾ ഉദ്ധരിച്ച് 25 വർഷത്തെ ദീർഘകാല കരാർ റദ്ദാക്കിയതിന്റെ കഥ പറഞ്ഞു സണ്ണി ജോസഫ്. മാത്രമല്ല, ആ കരാറനുസരിച്ച് 7 വർഷം വൈദ്യുതി വാങ്ങി സുഖിച്ചവരാണ് കരാർ പെട്ടന്ന് റദ്ദാക്കിയതെന്നും മന്ത്രി വിശദീകരിച്ചു. ഞങ്ങളല്ല റഗുലേറ്ററി കമ്മീഷനാണ് കരാർ റദ്ദാക്കിയതെന്ന് പിണറായിയുടെ വാദവും മന്ത്രി തള്ളി.

കാരണം റഗുലേറ്ററി കമ്മീഷനിൽ പഴയ വൈദ്യുതി മന്ത്രി എം.എം. മണിയുടെ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ളവരെ 'രാഷ്ട്രീയ നിയമനം' നടത്തി കളിച്ചവരല്ലേ നിങ്ങൾ എന്ന ചോദ്യവും പിന്നാലെ ഉയർന്നു. രാവിലെ മുരളീധരനും, ഉച്ചയോടടുത്ത് സണ്ണി ജോസഫും നടത്തിയ പിണറായിക്കെതിരെയുള്ള 'തകർപ്പൻ' ബാലെ കണ്ട് തിങ്ങിനിറഞ്ഞ ഗ്യാലറി പോലും ഒരു ഹിറ്റ് സിനിമ കണ്ട ലഹരിയിൽ ആയി.

vachakam
vachakam
vachakam

പിണറായി എന്ന രാഷ്ട്രീയ പാസ്റ്റർ

തിങ്കളാഴ്ച തുടങ്ങിയ നിയമസഭാ സമ്മേളനത്തിൽ പിണറായി വിജയൻ 'രാഷ്ട്രീയ പാസ്റ്റർ' വേഷത്തിലാണ്. ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന്റെ മറുപടി പ്രസംഗത്തെക്കുറിച്ച് പിണറായിയുടെ പതിഞ്ഞ സ്വരത്തിലുള്ള പ്രതികരണം ''ഇങ്ങനെയൊക്കെയാണോ ഒരു മന്ത്രി സംസാരിക്കേണ്ട''തെന്നായിരുന്നു. മാത്രമല്ല പൊലീസ് വിദ്യാർത്ഥികളുടെ തലതല്ലിപ്പൊട്ടിച്ച കാര്യത്തിലും പിണറായി വികാരം കൊണ്ടു. പൊലീസുകാരും തന്റെ ഗൺമാന്മാരും പണ്ട് യൂത്തു കോൺഗ്രസുകാർക്കെതിരെ നടത്തിയ അതിക്രൂരമായ മർദ്ദനത്തെക്കുറിച്ച് അദ്ദേഹം മറന്നുവെന്നു തോന്നുന്നു. ഒടിഞ്ഞ പൊലീസ് ലാത്തിയുമായെത്തി 'മാസാ'കാൻ നോക്കിയ ജോയ് സഖാവിനും കിട്ടി സ്പീക്കറുടെ വക വിരട്ടൽ. ഇക്കാര്യത്തിൽ  എം.എൽ.എ.യ്‌ക്കെതിരെയുള്ള ശിക്ഷണ നടപടി പിന്നീട് പ്രഖ്യാപിക്കുമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി.

എന്തായാലും ഇപ്പോൾ മുക്കാൽ കിലോമീറ്ററോളം അകലെ ഓവർ ബ്രിഡ്ജിനപ്പുറമുള്ള രണ്ട് തിയറ്റർ കോപ്ലെക്‌സുകളിൽ സിനിമയ്ക്ക് ടിക്കറ്റെടുക്കാൻ കാത്തുനിൽക്കുന്നവരെക്കാൾ കൂടുതൽ പേരാണ് നിയമസഭാ സമ്മേളനം കാണാനെത്തുന്നത്. ചില ദിവസം സഭയുടെ സന്ദർശക ഗ്യാലറികൾ ഹൗസ് ഫുള്ളാവുന്നുമുണ്ട്. ഏതായാലും രാഷ്ട്രീയക്കാരുടെ അഭിനയം സിനിമാക്കാരേക്കാൾ വെല്ലുന്നതായി ജനങ്ങൾക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്.

vachakam
vachakam
vachakam

മുരളീധരനാണ് പുതിയ ടാർജറ്റ്

പ്രതിപക്ഷം ഇപ്പോൾ ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരനെ എങ്ങനെയെങ്കിലും എറിഞ്ഞു വീഴ്ത്താനുള്ള ശ്രമത്തിലാണ്. കാരണം, ആരോഗ്യവകുപ്പിലെ അഴിമതിയും കൊള്ളയും കെടുകാര്യസ്ഥതയുമെല്ലാം എല്ലാ ദിവസവും മന്ത്രി മുരളീധരൻ മാധ്യമങ്ങൾക്കു മുമ്പിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മുൻമന്ത്രി വീണ ജോർജിന്റെ കാലത്തു നടന്ന മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും പർച്ചേയ്‌സിൽ നടന്ന അഴിമതിയെക്കുറിച്ച് ഇതിനകം മാധ്യമങ്ങൾ വിശദീകരിച്ചു കഴിഞ്ഞു. ഓരോ ഉപകരണങ്ങളും വാങ്ങുമ്പോൾ തടയുന്ന കമ്മീഷനപ്പുറം, ആ ഉപകരണം രോഗികൾക്ക് പ്രയോജനപ്പെട്ടുവോ എന്ന കാര്യം പോലും പഴയ സർക്കാർ മറക്കുകയായിരുന്നു.

ഉദാഹരണം പറയാം: മഞ്ചേരി മെഡിക്കൽ കോളജിനായി വാങ്ങിയ 10 കോടി രൂപ വിലമതിക്കുന്ന എം.ആർ.ഐ. സ്‌കാൻ യൂണിറ്റ് പിണറായി സർക്കാർ വാങ്ങിയത് ജർമ്മനിയിൽ നിന്നായിരുന്നു. പക്ഷെ വർഷങ്ങളായി ആ ഉപകരണങ്ങളുടെ പാക്കിംഗ് പോലും അഴിച്ചിട്ടില്ല. മാത്രമല്ല, ഈ യൂണിറ്റ് പ്രവർത്തിക്കുന്നത് എഐ സഹായത്തോടെയാണ്. അതിന് കോളജിൽ നിലവിലുള്ള വൈദ്യുതി ലോഡ് പോരാതെ വരും. അതിനായി പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചുവെങ്കിലും, അനന്തര നടപടികളൊന്നും സർക്കാരിൽ നിന്നുണ്ടായതേയില്ല.

vachakam
vachakam
vachakam

ഇനിയുമുണ്ട് മേടിക്കൽ' കഥകൾ 

സംസ്ഥാനത്തെ 12 മെഡിക്കൽ കോളജുകൾക്കായി വാങ്ങിയ 30 കോടി രൂപയുടെ ഉപകരണങ്ങൾ പലതും ഉപയോഗശൂന്യമായിക്കഴിഞ്ഞു. ചിലതിന്റെ പെട്ടികൾ പോലും പൊട്ടിച്ചിട്ടില്ല. പരിപാലനയില്ലായ്മയും കാലപ്പഴക്കവുമാണ് 300 ഓളം വരുന്ന ഉപകരണങ്ങൾ ഉപയോഗശൂന്യമാകാൻ കാരണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി മന്ത്രിക്ക് റിപ്പോർട്ട് നൽകിക്കഴിഞ്ഞിട്ടുണ്ട്. ആശുപത്രികളിൽ മരുന്നുകളില്ലെന്ന ആരോപണമുയർത്തുന്നത് വകുപ്പിലെ ഉന്നതന്മാർ നടത്തുന്ന 'മരുന്ന്  കച്ചകപ'ട മാണെന്ന് മന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. 17000 വരുന്ന പ്രാഥമികാരോഗ്യ കേന്ദ്രം ജോലിക്കാരെ കൈക്കൂലി വാങ്ങി ട്രാൻസ്ഫർ നൽകി പീഡിപ്പിക്കുന്നുവെന്ന ആരോപണവും ഒരു സി.പി.എം. എം.എൽ.എ. സഭയെ അറിയിച്ചത് വലിയ വികാരത്തള്ളലോടെയായിരുന്നു.

വെന്റിലേറ്ററുകളുടെ അഭാവം മിക്ക സർക്കാർ ആശുപത്രികളിലുമുണ്ടെന്നിരിക്കെ, ഇടതു സർക്കാർ വാങ്ങിയ 200 ഓളം വെന്റിലേറ്ററുകൾ ഇപ്പോഴും പ്രവർത്തനക്ഷമമല്ല. കാരണം, അവയെല്ലാം അന്ന് ആശുപത്രിയിൽ ഇറക്കിവച്ച നിലയിൽ തന്നെ പൊടിപിടിച്ചിരിക്കുകയാണ്. ഇപ്പോൾ 3 ലക്ഷം രൂപ വരെ വിലയുള്ള ഉപകരണങ്ങളുടെ കണക്കേ എടുത്തിട്ടുള്ളൂ. ഏറെ വിചിത്രമെന്നു പറയട്ടെ പല ഉപകരണങ്ങളും കോവിഡ് നാളു' കളിൽ വാങ്ങിയവയാണ്. ഇതിനർത്ഥം, വീണാ മാഡം മാത്രമല്ല, ശൈലജ ടീച്ചർ വരെ ഈ കെടുകാര്യസ്ഥതയ്ക്ക് കൂട്ടുനിന്നുവെന്നല്ലേ?

കോട്ടയം മെഡിക്കൽ കോളജിൽ മാത്രം 5 ലക്ഷം രൂപ മുതൽ 1 ലക്ഷം രൂപ വരെ വിലയുള്ള 41 വെന്റിലേറ്ററുകളാണ് ഉപയോഗശൂന്യമായി കിടക്കുന്നതെന്ന് റിപ്പോർട്ടിലുണ്ട്. 1 കോടി രൂപ വരെ വിലയുള്ള മൈക്രോസ്‌കോപ്പുകളും പല സർക്കാർ മെഡിക്കൽ കോളജുകളിലും അലങ്കാര വസ്തുക്കൾ പോലെ പൊടി പിടിച്ചിരിക്കുകയാണ്. ഇങ്ങനെ ക്യാപ്ടനും, ക്യാപ്ടന്റെ കറതീർന്ന ഫാനുകളുമായുള്ള രണ്ട് വനിതാ മന്ത്രിമാരും കൂടി ഭരിച്ച് കുളമാക്കിയ ആരോഗ്യവകുപ്പിൽ ഒരു 'ശുദ്ധീകരണ കലശം' നടത്താൻ ഇറങ്ങിപ്പുറപ്പെട്ട പഴയ ലീഡറുടെ മകനെ നിയമസഭയിൽ ചോദ്യശരങ്ങൾ കൊണ്ടും ആരോപണങ്ങൾകൊണ്ടും തളർത്താമെന്ന് സി.പി.എം കാർ കരുതുന്നുണ്ട്. പക്ഷെ മുരളീധരൻ ആ 'ഉമ്മാക്കി' കണ്ടൊന്നും ഭയപ്പെടില്ലെന്ന് കോൺഗ്രസുകാർ പറയുന്നു.

കണ്ണൂർ സ്‌ക്വാഡിന്റെ ഗതിയെന്താകും?

സി.പി.എംന്റെ വിശാല തിരുത്തൽ അഥവാ തിരുമ്മൽ ജില്ലാ സമ്മേളനങ്ങൾ വ്യാഴാഴ്ച മുതൽ തുടങ്ങി. 19ന് തിങ്കളാഴ്ച സമാപിക്കും. 15നും 16നും കാസർകോട് ജില്ലയിലാണ് വിശാല കമ്മിറ്റി. കാസർകോട് ജില്ലയിൽ ഒറ്റ സീറ്റ് പോലും നേടാൻ ഇത്തവണ സി.പി.എം.ന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിനു മുമ്പ് ഓടിയെത്തി തൃക്കരിപ്പൂരിൽ മൽസരിച്ച സന്ദീപ് വാര്യർ പോലും ഇത്തവണ ജയിച്ചു. ഈ തോൽവിയുടെ പേരിൽ എന്തുകൊണ്ടോ ജില്ലാ സെക്രട്ടറി എം. രാജഗോപാലിനെ കുറ്റപ്പെടുത്താൻ പാർട്ടിയിൽ ആരും തന്നെ തുനിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ രാജഗോപാൽ തന്നെ ജില്ലാ സെക്രട്ടറിയായി തുടരുമെന്നാണ് കരുതുന്നത്.

ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന കൊല്ലത്തെ വിശാല കമ്മിറ്റി ചേരുന്നത് ഒക്‌ടോബർ 16നും 17നുമാണ്. കൊല്ലത്ത് ഇപ്പോൾ യഥാർത്ഥ ഇടതുപക്ഷം ആർ.എസ്.പി.യാണ് മൂന്ന് സീറ്റാണ് ഇവിടെ ആർ.എസ്.പി.ക്ക് ലഭിച്ചത്. ബേബി ജോണിന്റെ മകൻ ഷിബു ഇപ്പോൾ മന്ത്രിയുമാണ്. സി.പി.എം.ന്റെ സംസ്ഥാന സമ്മേളനം കഴിഞ്ഞിട്ട് ഒന്നര വർഷമായെങ്കിലും ഇതുവരെ പാർട്ടി ഫോറങ്ങളിൽ കണക്ക് അവതരിപ്പിക്കാത്തത് നിഷ്പക്ഷമതികളായ ചില പാർട്ടി നേതാക്കൾക്ക് സുഖിച്ചിട്ടുമില്ല. ഇതിന്റെ മാറ്റൊലികൾ 'തിരുത്തൽ' സമ്മേളനത്തിലുണ്ടാകാം.

കണ്ണൂരിലാണ് ഏറ്റവും ഒടുവിലത്തെ ജില്ലാ സമ്മേളനം നടക്കുക. 18 നും 19നുമാണ് യോഗം. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണയത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് തെറ്റുപറ്റിയെന്ന് കേന്ദ്രകമ്മിറ്റിയുടെ റിപ്പോർട്ടിലുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി  കെ.കെ.രാഗേഷിനെ മാറ്റാൻ നിർദ്ദേശമുയരാം. പിണറായി വിജയൻ നേരിട്ട് സെക്രട്ടറി പദത്തിൽ പ്രതിഷ്ഠിച്ച നേതാവെന്ന നിലയിൽ രാഗേഷിനെ മാറ്റണമെന്ന് പരസ്യമായി അണികൾ പറയുമോ എന്നറിയില്ല. ഇതിനിടെ രാഗേഷിനെ ചുറ്റിപ്പറ്റിയുള്ള മസാലക്കഥകളും സോഷ്യൽ മീഡിയയിൽ പുകയുന്നുണ്ട്. രണ്ട് വനിതാ ഐ.എ.എസ്. ഉദ്യോഗസ്ഥകളെ ചുറ്റിപ്പറ്റിയാണ് കഥകൾ.

മറുകണ്ടം ചാടിയവരുടെ കുരുക്കുകൾ 

പാലക്കാട്ടെ മദനകാമരാജൻ കഥകളിലെ നായകന്മാരിൽ പ്രധാനി കോൺഗ്രസ് വിട്ടുവന്ന കക്ഷിയാണ്. പാലക്കാട്ട് ഈ ധീരവീര നേതാവ് സി.പി.എം. ന് വരുത്തിവച്ച ക്ഷീണം ഉടനെയൊന്നും തീരില്ല. ഇതിനിടെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ ബി.ജെ.പി. വിട്ടുവന്ന എസ്. കൃഷ്ണകുമാറിന് ലഭിക്കുന്ന പാർട്ടിയിലെ ഉന്നതന്മാരുടെ പിന്തുണ അണികളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന വിശാലസമ്മേളനത്തിൽ ഈ മുൻ ബി.ജെ.പി. നേതാവിനെ പ്രത്യേക ക്ഷണിതാവാക്കിയത് അണികളെയും നേതാക്കളെയും പ്രകോപിച്ചിരുന്നു.

പാർട്ടിയിലെ ഇത്തരം പ്രവണതകൾക്കെതിരെ സേവ് സി.പി.എം.' എന്ന പേരിൽ പത്തനംതിട്ടയിൽ ലഘുലേഖയുമിറങ്ങിയിരുന്നു. 2020 വരെ എസ്. കൃഷ്ണകുമാർ ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗമായിരുന്നു. പെട്ടെന്ന് ഒരു ദിവസം അദ്ദേഹം സി.പി.എം.ൽ എത്തി. കെ.പി. ഉദയഭാനുവിന്റെ പ്രത്യേക താൽപ്പര്യത്തിൽ കൃഷ്ണകുമാർ  ജില്ലാ കമ്മിറ്റിയിലുമെത്തി. പാർട്ടിക്കുവേണ്ടി ജയിലിൽ കഴിയേണ്ടിവന്ന പത്മകുമാറിനും മറ്റും ഈ നിയമനങ്ങളിൽ എതിർപ്പുണ്ടായിരുന്നു. പന്തളം നഗരസഭാധ്യക്ഷയായി പാർട്ടി കണ്ടെത്തിയതും കൃഷ്ണകുമാറിന്റെ നോമിനിയെയാണത്രെ. പട്ടികജാതി പ്രീമെട്രിക് ഹോസ്റ്റലിലെ അധ്യാപികമാരുടെ നിയമനങ്ങളിലും ബി.ജെ.പി. ചായ്‌വുള്ളവർക്ക് പ്രാധാന്യം കിട്ടി. ഇതെല്ലാം 'തിരുത്തൽ' കഴിഞ്ഞും കെടാതെ കിടക്കുന്ന ആരോപണത്തിന്റെ തീക്കനലുകളാണ്.

മമിതാ ബൈജുവെന്ന ലക്കി സ്റ്റാർ

ദക്ഷിണേന്ത്യൻ സിനിമയിലെ ലക്കിസ്റ്റാർ ഇപ്പോൾ കോട്ടയം കിടങ്ങൂർ സ്വദേശിയായ മമിതാ ബൈജുവാണ്. മുടങ്ങിപ്പോയ 'അന്ന' സിനിമയിൽ വീണ്ടും നിവിൻ പോളി-മമിത ടീമിനെ അവതരിപ്പിക്കുമെന്ന വാർത്തകളുണ്ട്. വൻ തുകയാണ് ഇതിനായി പുലിമുരുകന്റെ നിർമ്മാതാവായ  ടോമിച്ചൻ മുളകുപാടം ഓഫർ ചെയ്തിട്ടുള്ളത്. പല പുതിയ സിനിമകളും 'പൊട്ടിയ' സങ്കടത്തിൽ കഴിയുന്ന ദിലീപ് തന്റെ പുതിയ ചിത്രത്തിനായി മമിതയുടെ ഡേറ്റുകൾ സ്വന്തമാക്കിക്കഴിഞ്ഞുവെന്ന് മോളിവുഡ്ഡിൽ' നിന്ന് വാർത്തകളുണ്ട്. പണ്ട് തെലുങ്കുനാട്ടിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമാണ് മലയാള സിനിമകൾക്ക് നായികമാരെ കണ്ടെത്തിയിരുന്നതെങ്കിൽ, ഇപ്പോൾ ട്രെൻഡ് മറിച്ചാണ് മച്ചാനേ. നമ്മുടെ പെൺകൊടികൾ പെട്ടെന്ന് 'പാൻ ഇന്ത്യൻ' ഗമയുള്ള നായികമാരായി മാറുകയാണ്. ഈ മിടുക്കികൾക്ക് 'ഓൾ ദ ബെസ്റ്റ്'!

ആന്റണിചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam