വിവാഹം കഴിഞ്ഞ് എട്ടാം മാസത്തിൽ ഡെറാഡൂണിൽ സർക്കാർ സ്കൂൾ അദ്ധ്യാപിക ജീവനൊടുക്കി. ഭർതൃവീട്ടുകാരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് വ്യക്തമാക്കി അമ്മയ്ക്ക് വീഡിയോ സന്ദേശമയച്ച ശേഷമാണ് സൃഷ്ടി കന്ധാരി എന്ന യുവതി ജീവിതം അവസാനിപ്പിച്ചത്. സംഭവത്തിൽ സൃഷ്ടിയുടെ ഭർത്താവ് സൗരഭ് രതൂരി, അമ്മായിയമ്മ പർവീണ ദേവി, നാത്തൂൻ ചാരു എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
2025 നവംബറിലായിരുന്നു സൗരഭുമായുള്ള സൃഷ്ടിയുടെ വിവാഹം. മരണത്തിന് തൊട്ടുമുമ്പ് കരഞ്ഞുകൊണ്ട് സൃഷ്ടി ചിത്രീകരിച്ച വീഡിയോയിൽ ഭർതൃവീട്ടിൽ താൻ നേരിട്ട ക്രൂരമായ അനുഭവങ്ങൾ തുറന്നുപറയുന്നുണ്ട്: "സോറി അമ്മേ, ഞാൻ പോകുകയാണ്. കഴിഞ്ഞ ആറുമാസമായി ഞാൻ ഇത് സഹിക്കുന്നു, ഇനി എന്നെക്കൊണ്ട് കഴിയില്ല. ഇവരുടെ ചിന്താഗതി ഒരിക്കലും മാറില്ല. കല്യാണം കഴിഞ്ഞത് മുതൽ എന്നെ നിരന്തരം കളിയാക്കുകയും ആക്ഷേപിക്കുകയുമാണ്."
വിവാഹശേഷം സൃഷ്ടിയെ വീട്ടിലുണ്ടാകുന്ന എല്ലാ അനാർത്ഥങ്ങൾക്കും കാരണക്കാരിയായി ചിത്രീകരിക്കുകയും ചെയ്തിരുന്നുവെന്ന് അമ്മ സീമ കന്ധാരി നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവിന്റെ പിതാവിന് ഹൃദയാഘാതം ഉണ്ടായപ്പോൾ, ഒരു ജ്യോത്സ്യന്റെ വാക്ക് കേട്ട് സൃഷ്ടിയാണ് നിർഭാഗ്യം കൊണ്ടുവന്നതെന്ന് വിശ്വസിപ്പിച്ച് പീഡനം കടുപ്പിച്ചു. മൂന്ന് ദിവസം മുൻപ് അമ്മായിയച്ഛൻ മരണപ്പെട്ടതോടെ മാനസിക പീഡനം അതിരൂക്ഷമായി.
ജൂലൈ 28, 29 തീയതികളിൽ സൃഷ്ടിയെ ഫോണിൽ കിട്ടാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിലാണെന്ന വിവരം അറിയുന്നത്. എന്നാൽ ഡെറാഡൂണിൽ എത്തുമ്പോഴേക്കും സൃഷ്ടി മരണപ്പെട്ടിരുന്നു. മകൾ മരിച്ച വിവരം ഭർതൃവീട്ടുകാർ തങ്ങളെ അറിയിച്ചില്ലെന്നും സൃഷ്ടിയുടെ കുടുംബം ആരോപിച്ചു.
ദോയിവാല പോലീസ് ഭാരതീയ ന്യായ സംഹിതയിലെ (BNS) സ്ത്രീധന പീഡന മരണം (Section 80(2)) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും എഐ വഴി നിർമ്മിച്ചതാണോ എന്നതടക്കമുള്ള വീഡിയോയുടെ സത്യാവസ്ഥയും ഫോറൻസിക് തെളിവുകളും പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
