മുത്തങ്ങ ഭൂസമരം: പൊലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ 23 വര്‍ഷത്തിന് ശേഷം വിധി ഇന്ന്

JULY 30, 2026, 9:12 PM

പുല്‍പ്പള്ളി: വയനാട് മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് കോണ്‍സ്റ്റബിള്‍ കെ.വി വിനോദ് കൊല്ലപ്പെട്ട കേസില്‍ 23 വര്‍ഷത്തിന് ശേഷം വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് അന്തിമവിധി പ്രസ്താവിക്കും. ആദിവാസി ഗോത്രമഹാസഭാ നേതാക്കളായ എം. ഗീതാനന്ദന്‍, സി.കെ ജാനു എന്നിവരുള്‍പ്പെടെ 53 പേരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്.

2003 ജനുവരി അഞ്ചിനാണ് മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ കുടില്‍കെട്ടിയുള്ള ഭൂസമരം ആരംഭിച്ചത്. സമരം 47 ദിവസം പിന്നിട്ട ഘട്ടത്തില്‍ പൊലീസ് നടപടി ശക്തമായതോടെ പ്രദേശം സംഘര്‍ഷഭരിതമായി. ഇതിനിടെ കണ്ണൂര്‍ കെ.എ.പി നാലാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ കെ.വി വിനോദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസും സി.ബി.ഐയും ആരോപിക്കുന്നത്. കേസിലെ ഒന്നാം പ്രതി എം. ഗീതാനന്ദനാണ്. വിചാരണ നീണ്ടുപോയ കേസിന്റെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 15 പേര്‍ ഇതിനോടകം മരണപ്പെട്ടു.

തുടക്കത്തില്‍ കേരള പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവില്‍ സി.ബി.ഐ ചെന്നൈ യൂണിറ്റാണ് ഏറ്റെടുത്തത്. പിന്നീട് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസിന്റെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് മാറ്റിയത്. തടവിലാക്കി കൊലപ്പെടുത്തി എന്ന ആരോപണത്തില്‍ നേരിട്ട് ദൃക്സാക്ഷികളില്ലാത്ത കേസാണിത്.

2003 ഫെബ്രുവരി 19 ന് സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ജോഗിയുടെ മരണത്തില്‍ കൃത്യമായ അന്വേഷണമോ തുടര്‍നടപടികളോ ഉണ്ടായില്ലെന്ന വിമര്‍ശനം ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്, കാല്‍ നൂറ്റാണ്ടോളമെത്തിയ ഭൂസമരക്കേസില്‍ കോടതിയുടെ നിര്‍ണായക വിധി വരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam