അതിദാരിദ്ര്യമുക്ത  പ്രഖ്യാപനം ജീവല്‍പ്രയാസം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളി:  സണ്ണി ജോസഫ് എംഎല്‍എ

NOVEMBER 1, 2025, 7:52 AM

 തിരുവനന്തപുരം: മുഖ്യമന്ത്രി സഭയിൽ നടത്തിയ അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം ജീവൽപ്രയാസം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. അതിദരിദ്രരുടെ അവകാശം സർക്കാർ നിഷേധിക്കുകയാണ്.അന്യഭാഷാ മാധ്യമങ്ങളിൽ ഉൾപ്പെടെ അതിദരിദ്ര്യമുക്ത കേരളം എന്ന പരസ്യത്തിന്  സർക്കാർ പത്തുകോടി രൂപയാണ് ചെലവാക്കിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള  അവസരമായിട്ടാണ് സർക്കാർ ഇതിനെ ഉപയോഗിച്ചത്. കെപിസിസി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടേയും  യോഗത്തിന് ശേഷം കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

 തിരുവനന്തപുരത്ത് വയോധികയായ വീട്ടമ്മ ഭഷണം കിട്ടാതെ പട്ടിണികിടന്ന് മരിച്ച സംഭവം ചൂണ്ടിക്കാട്ടി,  ഈ സർക്കാർ ആരുടെ പട്ടിണിയാണ് മാറ്റിയതെന്ന് സണ്ണി ജോസഫ് ചോദിച്ചു. ആശ്രയപദ്ധതിയിലുള്ള ഒന്നര ലക്ഷം കുടുംബങ്ങളെ കൂടി  ഉൾപ്പെടുത്തി അതിദരിദ്രരായ 4.5 ലക്ഷം പേരുണ്ടെന്നാണ് എൽഡിഎഫിന്റെ പ്രകടന പത്രിക. നിയമസഭയിൽ ഭരണകക്ഷി അംഗത്തിന്റെ ചോദ്യത്തിന് മന്ത്രി ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. കേരളത്തിൽ ആകെ 64000 പേർമാത്രമാണ് അതിദരിദ്ര്യമുള്ളവരെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്.  എൽഡിഎഫ് പ്രകടന പത്രികയിൽ ചൂണ്ടിക്കാട്ടിയ ബാക്കിയുള്ള ഇത്രയും ആളുകളെ അർഹതയില്ലാത്തവരായി ഇടതുസർക്കാർ തന്നെ ചിത്രീകരിക്കുകയാണ്. 

 സെൻസസ് പ്രകാരം 1.16 ലക്ഷം ആദിവാസി കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടെന്നിരിക്കെ സർക്കാർ കണക്ക് പ്രകാരം 6400 അതിദരിദ്ര ആദിവാസി കുടുംബങ്ങൾ ഉള്ളുവെന്നാണ് പറയുന്നത്. തലചായ്ക്കാൻ വിടില്ലാത്ത, ഭൂരഹിതരും കഴിക്കാൻ ഭഷണവുമില്ലാത്ത നിരവധി പേരുണ്ട്. നിലമ്പൂരിൽ ചോലനായ്ക്കർ ആദിവാസി കുടുംബങ്ങളുണ്ട്. ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ ചികിത്സയ്ക്കായി ആശുപത്രിയിലെത്താൻ കഴിയാതെ ഒരു കുട്ടി അമ്മയുടെ തോളിൽ കിടന്ന് മരിച്ച സംഭവം കഴിഞ്ഞ ദിവസം വാർത്തയായി വന്നു. ലൈഫ് മിഷനിൽ വീടിന് അർഹതയുള്ളവർ ഇപ്പോഴും ആനുകൂല്യം കിട്ടാത്തവരുണ്ട്. അതിന്റെ കണക്ക് സർക്കാർ വ്യക്തമാക്കണം. ഇവരെയെല്ലാം അവഗണിച്ചാണ് ഈ പ്രഖ്യാപനം സർക്കാർ നടത്തിയത്. ഇത് പ്രചരണത്തിന് വേണ്ടിയുള്ള വാചക കസർത്ത് മാത്രമാണ്.

vachakam
vachakam
vachakam

 ക്ഷേമപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ മറ്റു പ്രഖ്യാപനങ്ങളും തട്ടിപ്പാണ്.സർക്കാരിന്റെ കാപട്യം ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നടപ്പാക്കൻ സഹകരണ സംഘങ്ങളെ ദ്രോഹിക്കുകയാണ്. സംഘങ്ങളുടെ കരുതൽ ധനം വായ്പായായി എടുത്ത് അവയുടെ നിലനിൽപ്പിന് തന്നെ ഭീഷണി ഉയർത്തുകയാണ്. ക്ഷേമപെൻഷൻ 2500 രൂപയും റബറിന്റെ താങ്ങുവില 250 രൂപയും ആക്കുമെന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയവരാണിവർ. നാലരക്കൊല്ലം  കിട്ടിയിട്ടും ഈ വാക്കുപാലിക്കാൻ ഒന്നും ചെയ്തില്ല. തിരഞ്ഞെടുപ്പിലെ പരാജയഭീതിയെ അതിജീവിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗം മാത്രമാണ് മുഖ്യമന്ത്രിയുടെ തട്ടിപ്പ് പ്രഖ്യാപനങ്ങൾ.ആത്മാർത്ഥത ഉണ്ടെങ്കിൽ ഇവ മുൻകാല പ്രാബല്യത്തോടെ നൽകാൻ തയ്യാറാകണം. അംശാദായം അടച്ച നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ള വിവിധ ക്ഷേമനിധി ബോർഡുകളിലെ പെൻഷൻ കുടിശിക  സർക്കാർ നൽകിയിട്ടില്ല.മകനെതിരെയുള്ള ഇഡി നോട്ടീസും മകൾക്കെതിരായ സാമ്പത്തിക ക്രമക്കേടും മറച്ചുവെച്ചാണ് പ്രതിപക്ഷത്തെ  തട്ടിപ്പുകാരെന്ന് മുഖ്യമന്ത്രി ആക്ഷേപിക്കുന്നതെന്നും സണ്ണി ജോസഫ് പരിഹസിച്ചു. 

 ശബരിമല സ്വർണ്ണ മോഷണത്തിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ്.ഈ മോഷണത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നിട്ടും ദേവസ്വം ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറാകുന്നില്ല. നഷ്ടപ്പെട്ട സ്വർണ്ണം  കണ്ടെത്തി വീണ്ടെടുക്കാനും മോഷണം നടത്തിയ മുഴുവൻ പ്രതികളെ പിടികൂടാനും നടപടിയില്ല. പ്രതിക്കൂട്ടിൽ നിൽക്കുന്ന ദേവസ്വം ബോർഡിന് കാലാവധി നീട്ടിക്കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് വിശ്വാസ സമൂഹത്തോടുള്ള ചതിയാണ്. ഇതിനെല്ലാമെതിരെ ശക്തമായ തുടർസമരത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

 കെപിസിസി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടേയും  യോഗം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തിയെന്നും സീറ്റ് വിഭജനം, സ്ഥാനാർത്ഥി നിർണ്ണയം എന്നിവ വേഗത്തിൽ നടത്താൻ യോഗത്തിൽ ധാരണയായെന്നും സണ്ണി ജോസഫ് അറിയിച്ചു. യുഡിഎഫിന് മികച്ച വിജയസാധ്യതയാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

 യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ച് രണ്ട് കോടിയോളം ചെലവാക്കി നടത്തുന്ന അതിദരിദ്ര്യ മുക്തകേരള പ്രഖ്യാപന ചടങ്ങിന്  ചലിച്ചിത്രതാരങ്ങൾ കൂട്ടുനിൽക്കാൻ പാടില്ലായിരുന്നുവെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് പറഞ്ഞു.

 കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ എപി അനിൽകുമാർ എംഎൽഎ,പിസി വിഷ്ണുനാഥ് എംഎൽഎ, ഷാഫി പറമ്പിൽ എംപി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam