ചണ്ഡീഗഢ്: ഡങ്കി റൂട്ടിലൂടെ അമേരിക്കയിലേക്ക് കടക്കാനിരുന്ന ഹരിയാന സ്വദേശിയായ 18 കാരനെ മനുഷ്യക്കടത്ത് സംഘം കൊലപ്പെടുത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഹരിയാനയിലെ മൊഹ്ന സ്വദേശിയായ യുവരാജാണ് ഗ്വാട്ടിമാലയില്‍ വച്ച് കൊല്ലപ്പെട്ടതായി കുടുംബത്തിന് വിവരം ലഭിച്ചത്.
യുവരാജിന് പുറമേ ഡങ്കി റൂട്ടിലൂടെ അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച പഞ്ചാബ് സ്വദേശിയും ഗ്വാട്ടിമാലയില്‍വച്ച് കൊല്ലപ്പെട്ടെന്ന് കുടുംബം പറയുന്നു. അമേരിക്കയിലേക്ക് പോകാനായി ഏകദേശം 50 ലക്ഷം രൂപയാണ് യുവരാജും കുടുംബവും ട്രാവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയിരുന്നത്. കര്‍ഷക കുടുംബത്തില്‍പ്പെട്ട യുവരാജിന് 12-ാം ക്ലാസ് വിദ്യാഭ്യാസമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് യുവരാജ് അമേരിക്കയിലേക്ക് ജോലി തേടി പോയത്. പേടിക്കാനില്ലെന്നും സുരക്ഷിതമായി അമേരിക്കയില്‍ എത്തുമെന്നുമാണ് യുവാവ് കുടുംബത്തോട് പറഞ്ഞിരുന്നത്.
അമേരിക്കയിലേക്ക് പോകാനായി ഹരിയാനയിലെ മൂന്ന് ട്രാവല്‍ ഏജന്റുമാര്‍ വന്‍തുകയും കൈപ്പറ്റിയിരുന്നു. യാത്ര സുരക്ഷിതമാകുമെന്ന് യുവാവിന്റെ കുടുംബത്തിനും ഇവര്‍ ഉറപ്പ് നല്‍കി. എന്നാല്‍ ആദ്യ ഗഡു നല്‍കിയതിന് പിന്നാലെ തന്നെ യുവരാജുമായുള്ള ബന്ധം നഷ്ടമായെന്ന് കുടുംബം പറയുന്നു. ഫോണിലൂടെയോ മറ്റോ യാതൊരു വിവരവും ലഭിച്ചില്ല. പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് യുവരാജിനെയും മറ്റൊരാളെയും ബന്ദിയാക്കിയതായി ഗ്വാട്ടിമാലയിലെ മനുഷ്യക്കടത്ത് സംഘം കുടുംബത്തെ അറിയിച്ചത്.
പിന്നീട് യുവരാജിനെയും ഒപ്പമുള്ളയാളെയും കൊലപ്പെടുത്തിയതായും തെളിവ് വേണമെങ്കില്‍ മൂന്ന് ലക്ഷം രൂപ നല്‍കണമെന്നുമായിരുന്നു ആവശ്യം. പണം അയച്ച് നല്‍കിയതോടെ ഗ്വാട്ടിമാലയിലെ സംഘം യുവരാജിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളും മരണ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ അയച്ച് നല്‍കിയെന്നും കുടുംബം പറയുന്നു. പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഹരിയാനയിലെ രണ്ട് ഏജന്റുമാരെ പൊലീസ് അറസ്റ്റ് ചെയ്തു.
തെക്കന്‍ അതിര്‍ത്തിയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി പ്രവേശിക്കാനായി പ്രധാനമായും രണ്ട് റൂട്ടുകളാണുള്ളത്. മെക്‌സിക്കോയില്‍ നിന്ന് നേരിട്ട് പ്രവേശിക്കുന്നതും മറ്റൊന്ന് ഡോങ്കി അല്ലെങ്കില്‍ ഡങ്കി റൂട്ട് എന്നറിയപ്പെടുന്ന വഴിയും. ഈ റൂട്ടിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ വിവിധ രാജ്യങ്ങളിലെ അപകടകരമായ ഭൂപ്രദേശങ്ങള്‍ കടക്കണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
