കോഴിക്കോട്: വോട്ടർപട്ടിക തീവ്രപരിശോധന ജനങ്ങൾക്കിടയിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാൻ അധികൃതർ തയ്യാറാവണമെന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. നിലവിൽ എസ്.ഐ.ആർ പൂർത്തിയായ ബീഹാറിൽ ലക്ഷക്കണക്കിന് മനുഷ്യർ വോട്ടർപട്ടികയിൽ നിന്ന് പുറത്തായതും സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടായതും നമ്മുടെ മുന്നിലുണ്ട്. വോട്ടർപട്ടികയിൽ നിന്ന് പുറംതള്ളപ്പെട്ടവരിൽ മഹാഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവരും ദരിദ്രസാഹചര്യത്തിൽ ഉള്ളവരുമാണ്. സമാനമായി കേരളത്തിലും അർഹതപ്പെട്ടവർ പട്ടികയിൽ നിന്ന് പുറത്ത്‌പോകുമോ എന്ന ആശങ്കയുണ്ട്. എസ്.ഐ.ആറിന്റെ മറവിൽ പൗരത്വപരിശോധനയാണ് യഥാർത്ഥത്തിൽ നടക്കുന്നതെന്ന ഭീതിയും നിലനിൽക്കുന്നു.
വോട്ടർപട്ടിക കുറ്റമറ്റതാക്കാൻവേണ്ട പരിശോധന നടത്തുന്നതിൽ ആർക്കും എതിർപ്പില്ല. പക്ഷേ, അത്തരം നടപടികൾ സുതാര്യവും നീതിയുക്തവുമാവണം. തീവ്രപരിശോധനയ്ക്ക് സമർപ്പിക്കേണ്ട രേഖകൾ സംബന്ധിച്ച ചില മാനദണ്ഡങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങളിൽപെട്ട മനഷ്യർക്കും പുറം രാജ്യങ്ങളിൽ ജോലിയെടുത്ത് ജീവിക്കുന്നവർക്കും പല തരത്തിലുള്ള സങ്കീർണതകൾ സൃഷ്ടിക്കുന്നുണ്ട്. ഈ സങ്കീർണതകളിൽതട്ടി വോട്ടവകാശത്തോടൊപ്പം പൗരത്വംപോലും പ്രതിസന്ധിയിലാകുമോ എന്ന ഭീതിയും നിലനിൽക്കുന്നു. ഇക്കാര്യം പരിശോധിച്ച് ജനങ്ങൾക്കിടയിലുണ്ടായിട്ടുള്ള ഭീതി പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി കൈകൊള്ളണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ തീവ്രപരിശോധന നീട്ടിവെക്കണമെന്ന കേരളത്തിന്റെ ആവശ്യം നിരസിച്ച സാഹചര്യത്തിൽ വോട്ടർപട്ടിക പരിശോധനയുടെ തുടക്കംമുതൽ സംസ്ഥാന സർക്കാർ ജാഗ്രതയോടെ ഇടപെടുകയും അർഹതപ്പെട്ട ഒരാൾ പോലും വോട്ടർപട്ടികയിൽനിന്ന് പുറത്താവില്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണം. പട്ടികയിൽ ഉൾപ്പെടുന്നതിലും ആവശ്യമായ രേഖകൾ തയ്യാറാക്കി വെക്കുന്നതിലും എല്ലാവരും ശ്രദ്ധ പുലർത്തണം. അറിവില്ലായ്മകൊണ്ടോ അശ്രദ്ധകൊണ്ടോ വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്. രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും പൊതു പ്രവർത്തകരും സാമൂഹിക സംഘടനകളും മാധ്യമങ്ങളും ഈ വിഷയത്തിൽ സാധാരണ ജനങ്ങളെ ബോധവത്കരിക്കാനും സഹായിക്കാനും മുന്നോട്ടുവരണമെന്നും കാന്തപുരം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
