കഥ ഇതുവരെ: കെന്നഡി ജൂനിയർ പറത്തിയ വിമാനം തകർന്ന് വീണു. അതിനെ ചുറ്റിപ്പറ്റി ന്യൂയോർക്കിലെ ദി വേൾഡ് ടൈംസ് ന്യൂസ് പേപ്പറിന്റെ ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ. അതിനിടെ ചില അത്യാഹിതങ്ങൾ സംഭവിക്കുന്നു. അതിന്റെ അന്വേഷണത്തിന് റിപ്പോർട്ടർ റോബിൻസ് നിയോഗിക്കപ്പെടുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി അയാൾ കെനിയായിൽ എത്തി. അവിടത്തെ ദരിദ്ര്യാവസ്ഥ ഭയാനകമായിരുന്നു. അതിനിടെ അയാളും സംഘവും റോഡ് മാർഗം ടാൻസാനിയായിലേക്കൊരു യാത്ര നടത്തുന്നു. തുടർന്നു വായിക്കുക
ഒരുനിമിഷം, കാലം നിശ്ചലമായതപോലെ ഗിച്ചാരുവിന് തോന്നി.
വിജനമായ റോഡ്. ചന്ദ്രൻ മേഘങ്ങൾക്കിടയിൽ ഒളിച്ചു കളിക്കുന്നു. ലാൻക്രൂയിസർ അപ്പോൾ ബ്രേക്കിട്ടില്ലായിരുന്നുവെങ്കിൽ ആ സ്ത്രീ വണ്ടിയുടെ മുന്നിലേക്ക് ചാടും എന്ന് കലേബിനു തോന്നി. സംയമനം പാലിച്ചിരിക്കുകയാണ് റോബിൻസ്.
ആ സ്ത്രീയുടെ പിന്നാലെ മറ്റ് രണ്ട് സ്ത്രീകൾ കൂടെയിറങ്ങി. അവരുടെ നാമമാത്രമായ വസ്ത്രങ്ങൾ അലക്ഷ്യമായി കിടക്കുന്നു. കണ്ണുകളിൽ തിളങ്ങുന്നത് ഒരു പരിചിതമല്ലാത്ത, മയക്കുമരുന്നിന്റെ തിളക്കമോ, അല്ലെങ്കിൽ അതിലും ഭീഷണിയായ മറ്റെന്തിന്റേയോ മാരകമായ ലഹരിയിൽ ജീവിതം തുലച്ചുകൊണ്ട് ആടിത്തിമിർക്കുന്നവർ.
അവരുടെ നടപ്പ് സാധാരണരീതിയിലല്ല. കാലുകൾ നിലത്തുറക്കുന്നില്ല. അവരിൽ ഒരാൾ കൈ ഉയർത്തി.
ഗിച്ചാരു പതുക്കെ പറഞ്ഞു:
''നിർത്തരുത്...''
അപ്പോഴേയ്ക്കും കലേബ് വാണ്ടി അതിശക്തമായി പിന്നിലേക്കെടുത്തു.
വേണ്ട, റിവേഴ്‌സ് എടക്കേണ്ട. വണ്ടി നിർത്തിക്കേ, ഞാൻ പുറത്തേക്കിറങ്ങാം. ഗിച്ചാരുവും കലേബും തടസം പറഞ്ഞെങ്കിലും റോബിൻസ് അത് കാര്യമാക്കാതെ അസാധാരണ വേഗതയിൽ ഡോർ തുറന്നു പുറത്തേക്കിറങ്ങി.
ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ അവന്റെ നിഴൽ നീണ്ടു നീണ്ടു വന്നു. സ്ത്രീകളുടെ മുഖങ്ങളിൽ ഉന്മാദത്തിൽ കുതിർന്ന വികൃതച്ചിരി. അതിൽ സൗഹൃദമില്ല. ഭ്രാന്തിന്റെ ശാന്തത.
ഗിച്ചാരു വണ്ടിക്കുള്ളിലിരുന്നു നോക്കി. ചരിത്ര പുസ്തകങ്ങളിൽ കണ്ടിട്ടില്ലാത്ത ഒരു നിമിഷം. ഇത് ഒരു കവർച്ചയല്ലെന്ന് അവനു മനസ്സിലായി. റോബിൻസ് ഒരു വാക്കും ഉരിയാടാതെ മുന്നോട്ട് നീങ്ങി.
ഭയമില്ലാതെ, അല്ല പക്ഷേ ഭയം നിയന്ത്രിച്ചുകൊണ്ട്. അയാൾ അവരെ സുഷ്മമായി നിരീക്ഷിച്ചു.
''നിങ്ങൾക്ക് എന്താണ് വേണ്ടത്?''
ശബ്ദം ഉയർത്തിയല്ല അയാൾ അത് ചോദിച്ചത്. അവരുടെ ഭ്രാന്തിനൊപ്പം ഒഴുകിയതുമില്ല. ആ മൂന്നു സ്ത്രീകളും പരസ്പരം നോക്കി ചിരിച്ചു. അത് ചിരിയല്ല ശരീരത്തിലേക്ക് കയറിയ ലഹരിയുടെ ഉന്മാദത്തള്ളലിലുള്ള വല്ലാത്തൊരു ചിരി..!
ഒരുത്തി മുന്നോട്ട് വന്നു. അവളുടെ കണ്ണുകൾ ചുവന്നന്നു കലങ്ങിയിരുന്നു. ചുണ്ടുകൾ വരണ്ടിരുന്നു.
''നിനക്ക് അറിയില്ല... നിനക്ക് ഒന്നും അറിയില്ല...'
അവൾ പിറുപിറുത്തു. അവളുടെ കൈകൾ വിറച്ചു. റോബിൻസ് അത് കണ്ടു. കണ്ടത് മാത്രമല്ല അവിടെ ഒരു കഥ ഒളിച്ചിരിക്കുന്നുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു.
അപ്പോഴാണ് പിന്നിൽ നിന്ന് ഒരു കാറിന്റെ എൻജിൻ ശബ്ദം. അത് ചീറിപ്പാഞ്ഞ് അടുത്തുവന്നു.
ബ്രേക്ക് അമർത്തിയപ്പോൾ പൊടി ഉയർന്നു. ആ കാറിൽ നിന്നും മൂന്നു പുരുഷന്മാർ ചാടിയിറങ്ങി.
മുഖങ്ങളിൽ കോപവും ഭയവും ചേർന്ന ഒരു ഭാവം.
നിങ്ങളൊക്കെ ആരാണ്. റോബിൻസ് ആകാംക്ഷയോടെ ചോദിച്ചു:
ഒരാൾ ആ സ്ത്രീകളുടെ നേർക്ക് വിരൽ ചൂണ്ടി.
''ഇവരാണ് ഞങ്ങളുടെ കുട്ടിയെ തട്ടിക്കൊണ്ടപോയത്. അതേ, ഈ വണ്ടിയിൽ തന്നെ..!
മറ്റൊരാൾ ദേഷ്യത്തോടെ പറഞ്ഞു: ''ഇവരുടെ കസ്റ്റഡിയിൽ ഉള്ള ആ കുട്ടിയുടെ ബന്ധുക്കളാണ് ഞങ്ങൾ'' റോബിൻസ് പെട്ടെന്ന് തിരിഞ്ഞു.
ഗിച്ചാരു കാറിനുള്ളിൽ നിന്ന് എല്ലാം കണ്ടു.
ബന്ധുക്കളിൽ മൂന്നാമൻ തുടർന്നു:
''ഈ സ്ത്രീകൾ നൈറോബിയിലെ ചില സമ്പന്നരുടെ മക്കളാണ്. മയക്കുമരുന്ന് ക്രമം വിട്ടു കഴിച്ച് ഒരുതരം ഭ്രാന്തമായ അവസ്ഥയിലെത്തിയവരാണ്. ലഹരി വിതരണവും, പിന്നെ കുട്ടികളെ ഉപയോഗിച്ചുള്ള ഇടപാടുകളും.''
റോബിൻസ് കൈകൾ കൂട്ടിത്തിരുമി ഞെട്ടൊടിച്ച ശേഷം പിറകിൽ കെട്ടി ഒന്നുനിവർന്നു നിന്നു. അയാൾ ആ സ്ത്രീകളോട് ശാന്തഗംഭീരമായ സ്വരത്തിൽ ചോദിച്ചു:
''കുട്ടി ഇപ്പോൾ എവിടെയാണ്?''
സ്ത്രീകളിൽ ഒരുത്തി പൊട്ടിച്ചിരിച്ചു.
''കുട്ടിയൊ...? ഏതുകുട്ടി...?'
അവളുടെ ആ വാക്ക് റോഡിലെ തണുത്ത കാറ്റിനെക്കാൾ കൂടുതൽ തണുപ്പും അസ്വസ്ഥതയും ഉണ്ടാക്കി.
അപ്പോൾ റോബിൻസിന് ഒന്നു മനസ്സിലായി..!
ഇത് ഒരു വാർത്ത മാത്രമല്ല. തനിക്ക് പിന്മാറാൻ പറ്റാത്ത ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണ്..!
റോബിൻസ് ശബ്ദം താഴ്ത്തി പറഞ്ഞു:
''അവനെ കാണണം.'
ഡ്രൈവിങ് സീറ്റിൽ ഇരുന്ന കലേബ് അപ്പോൾ ചാടിയിറങ്ങി.
കെനിയൻ ഹൈലാൻഡ്‌സിൽ വളർന്ന ശരീരം.
ഇരുട്ട് അവന്റെ ശത്രുവല്ല...! സിംഹത്തിന്റെ ജാഗ്രതയോടെ അവൻ ആ സ്ത്രീകളുടെ കാറിന്റെ ഡിക്കി തുറന്നു. അവന്റെ കണക്കുകൂട്ടലുകൾ പിഴച്ചില്ല. അതിനുള്ളിൽ പതിനാലോ, പതിനഞ്ചോ വയസ്സുള്ള ഒരുകുട്ടി.
അവന്റെ കൈകാലുകൾ കെട്ടിയിട്ടിരിക്കുന്നു. വായിൽ തുണി തിരികിയിട്ടുമുണ്ട്. നിമിഷനേരം കൊണ്ട് കലേബ് കുട്ടിയെ പിടിച്ചു, ഒരു കൈകൊണ്ട് തന്നെ അവനെ ഉയർത്തി.
അതേസമയം മൂവരിലൊരുത്തി കത്തികൊണ്ട് കലേബിനടുത്തേക്ക് ഒരു വന്യമൃഗത്തെപ്പോലെ പാഞ്ഞുവന്നു. എന്നാൽ അയാൾ മറ്റേ കൈ കൊണ്ട് കത്തിയുമായി വന്ന സ്ത്രീയെ പുറകോട്ട് തള്ളി.
''പിന്നോട്ട്!''
അവന്റെ ശബ്ദം ഇരുട്ടിൽമുഴങ്ങി. അതിനിടെ മറ്റൊരുത്തി അരക്കെട്ടിൽനിന്നും പിസ്റ്റൾ വലിച്ചെടുക്കുന്നത് റോബിൻസ് കണ്ടു. ഞൊടിയിടയിൽ ഒരഭ്യാസിയുടെ മെയ് വഴക്കത്തോടെ റോബിൻസ് കാലുകൊണ്ട് അവളുടെ കൈയിലിരുന്ന പിസ്റ്റൾ തട്ടിത്തെറിപ്പിച്ചു. അത് എവിടെയാണ് വീണതെന്ന് ആ ഇരുട്ടിൽ ആർക്കും കാണാൻ കഴിഞ്ഞില്ല. കുട്ടിയുടെ ബന്ധുക്കൾ ഇതെല്ലാം കണ്ട് ആദ്യമൊന്നമ്പരന്നു. പിന്നയവർ കുട്ടിയുടെ കൈകളിലെ കെട്ടുകൾ അഴിച്ചു.
അവൻ ദീർഘമായി ശ്വാസമെടുത്തു. ഗിച്ചാരുവാകട്ടെ വണ്ടിയിൽ കരുതിയിരുന്ന വെള്ളമെടുത്ത് അവന് കുടിക്കാൻ കൊടുത്തു. അതിനിടെ മറ്റൊന്നു സംഭവിച്ചു. അതുവരെ സിഗരറ്റ് വലിച്ച് തൂങ്ങിപ്പിടിച്ചിരുന്ന മുന്നാമത്തെ സ്ത്രീ ഒരു പന്തുപോലെ ചുരുണ്ടുകൂടി റോബിൻസിന്റെ ദേഹത്തേക്ക് വന്നു വീണു.
ഓർക്കാപ്പുറത്തായതിനാൽ അയാൾ ഒന്നു തെന്നിയെങ്കിലും അവൾ താഴേ വീഴും മുമ്പ് ഇരുകൈകൊണ്ടും അവളെ കോരിയെടുത്തു. പിന്നെ നിലത്തിരുത്തി.
കുട്ടിയുടെ ബന്ധു ഒരുത്തൻ പറഞ്ഞു:
'എന്തായാലും ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ കിട്ടി. ഇനി കേസിനും കൂട്ടത്തിനുമൊന്നും നിക്കുന്നില്ല. വലിയ സന്തോഷമുണ്ട്. നിങ്ങൽ കാരണമാണ് ഞങ്ങൾക്ക് ഇവനെ തിരിച്ചു കിട്ടിയത്.
നന്ദി. ഒത്തിരി നന്ദി.'
മറ്റുള്ളവരും നന്ദിസൂചകമായി ചിരിച്ച് കുട്ടിയേയും കൊണ്ട് അവരുടെ വണ്ടിയിൽ മടങ്ങി.
അപ്പോൾ പിസ്റ്റൾ നഷ്ടപ്പെട്ട സ്ത്രീ വീണ്ടും മുന്നോട്ട് വന്നു.
കണ്ണുകളിൽ ഇനിയും ലഹരിയുടെ മയക്കം മാഞ്ഞിട്ടില്ല.
കലേബ് അവളുടെ മുമ്പിൽ നിന്നു.
''ഇത് ഇവിടെ അവസാനിച്ചു,''
അവൻ പറഞ്ഞു. ചർച്ചയില്ലാത്ത ഒരു വാക്ക്.
സ്ത്രീ നിശ്ചലമായി. അവൾക്ക് മനസ്സിലായി ഇവിടെ ഇനി നിന്നിട്ട് കാര്യമില്ല എന്ന്.
അവൾ റോബിൻസിന്റെ വലതുകൈയുടെ തോളിൽ തട്ടി. 'ചാമിങ്ങ്..യങ്ങ്മാൻ.. നീ ഞങ്ങളോടൊപ്പം പോരുന്നോ..?'
അയാൾ ഒന്നു ചിരിച്ചിട്ടു പറഞ്ഞു: 'വേഗം സ്ഥലം വിടാൻ നോക്ക്. ഞങ്ങൾക്ക് വേറെ പണിയുണ്ട്.?'
എന്നാൽ മറ്റുരണ്ടുപേരും തങ്ങളുടെ കൈകളിൽ നിന്നും ഇര വഴുതിപ്പോയതിന്റെ അമർഷത്തിൽ മൃഗങ്ങൾ കാണിക്കുന്നതുപോലെ മുരണ്ടു. പിന്നെ, മൂന്നാമത്തവളെ കഠിനമായി തെറിവിളിച്ച് നിരാശയോടെ അവരുടെ വണ്ടിയിലേക്ക് കയറി. പിറകെ മൂന്നാമത്തവൾ റോബിൻസനെതന്നെ നോക്കിക്കൊണ്ട് ചുണ്ട് കടിച്ചമർത്തി വണ്ടിയിലേക്ക് യാന്ത്രികമായ കയറി. ഉടൻ തന്നെ വളരെ വേഗത്തിൽ ആ വാഹനം മുന്നോട്ടുകുതിച്ചു.
'ഹോ... സമാധാനമായി.' ഒരു നെടുവീർപ്പിട്ടുകൊണ്ട് ഗിച്ചാരു പറഞ്ഞു.
''ഇപ്പോൾ നമ്മൾ സുരക്ഷിതരാണ് സാർ.'' ഗലേബാണതു പറഞ്ഞത്.
അയാളോട് റോബിൻസ് ചോദിച്ചു: നിങ്ങൾക്ക് ആ സ്ത്രീകളെക്കുറിച്ച് വല്ലതും അറിയാമോ..?
'അറിയാം സാർ..!' ഗലേബ് തുടർന്നു: 'ഈ ഏരിയായിൽ ഇത്തരം സ്ത്രീകൾ ഏറെയുണ്ട്.
സുന്ദരന്മാരായ ആണുങ്ങളേയും കൗമാരക്കാരേയുമാണ് അവർ തേടിനടക്കുന്നത്. അവർ പൂർണ്ണമായും മയക്കുമരുന്നുകൾക്കടിമകളാണ്. വേണ്ടുവോളം പണമുള്ളവരും. സുന്ദരന്മാരെ ആകർഷിച്ച് കൂട്ടിക്കൊണ്ടുപോകും. കൗമാരക്കാരെ തട്ടിക്കൊണ്ടുപോകും.
അവരെ പലതരത്തിലും പീഡപ്പിക്കും. ശാരീരിക ആവശ്യം കഴിയുമ്പോൾ ചുരുട്ട്, സിഗരറ്റ്, പുകയില എന്നിവ കത്തിച്ച് ദേഹം മുഴുവൻ പൊള്ളിക്കും. പിന്നെ ഒരുതരം കാട്ടുമുള്ളുള്ള വള്ളികൊണ്ട് ദേഹത്ത് മുഴുവൻ മുറിവുണ്ടാക്കും. അതിൽ ഏതോ ലഹരിയുള്ള പൊടി വിതറിയ ശേഷം ഉണങ്ങിക്കഴിയുമ്പോൾ ആ പൊറ്റ ബ്ലേഡുകൊണ്ടോ, കത്തികൊണ്ടോ വടിച്ചെടുക്കും. അത് ഏറെ ലഹരികിട്ടുന്ന ഒരുതരം പൗഡറാണത്രെ..!'
റോബിൻസും ഗിച്ചാരുവും ആശങ്കയോടെയാണ് ആ കഥ കേട്ടുകൊണ്ടിരിുന്നത്.
(തുടരും)
ജോഷി ജോർജ്
നോവൽ ഇതുവരെ
നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം
https://vachakam.com/local/mysterious-plane-crash
പുലിറ്റ്‌സർ ജേതാവ് അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!
https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth
പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം
https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky
പുലിറ്റ്‌സർ ജേതാവ് അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!
https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion
പുലിറ്റ്‌സർ ജേതാവ് നോവൽ 5 ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം
https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi
പുലിറ്റ്‌സർ ജേതാവ് നോവൽ 6 രഹസ്യം ചുരുളഴിയുന്നു
https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd
പുലിറ്റ്‌സർ ജേതാവ് നോവൽ 7 പുതിയൊരു അന്വേഷണത്തിന്റെ ആരംഭം
https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation
പുലിറ്റ്‌സർ ജേതാവ് - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം
https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty
പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ
https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again
പുലിറ്റ്‌സർ ജേതാവ് നോവൽ 10 ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ
https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
