ഗ്രാമീണ മേഖലയിൽ തൊഴിലുറപ്പ് നിയമം പരിഷ്‌കരിച്ചതു വഴി ഗ്രാമപ്രദേശങ്ങളിൽ അധിവസിക്കുന്ന എല്ലാ കുടുംബങ്ങൾക്കും ഒരു സാമ്പത്തികവർഷം 100 ദിവസത്തിൽ കുറയാത്ത തൊഴിൽ ഉറപ്പാക്കുന്ന നവീനമായ തൊഴിലുറപ്പു പദ്ധതിയിലാണിപ്പോൾ കേന്ദ്രം കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. കേരളം പോലുള്ള സംസ്ഥാനങ്ങൾ ഇനി അതിനായി വലിയ തുക മാറ്റിവയ്‌ക്കേണ്ടി വരുമെന്നതാണ് മറ്റൊരു പ്രശ്‌നം..!
ഇന്ത്യയിലെ പട്ടിണപ്പാവങ്ങളെ പരമാവധി സഹായിക്കാനായി 2005ൽ ഒരു തൊഴിലുറപ്പു പദ്ധതി ഇവിടെ നടപ്പിൽ വരുത്തി. അതായിരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. നിയമത്തിന്റെ അടിസ്ഥാനത്തിൽ, ഗ്രാമീണ മേഖലയിൽ അവിദഗ്ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള ഒാരോ കുടുംബത്തിനും ഒരു സാമ്പത്തിക വർഷം പരമാവധി 100 ദിവസത്തെ തൊഴിൽ ആവശ്യാധിഷ്ഠിതമായി നൽകുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ഇത്.
ഇത്തരത്തിൽ തൊഴിലുറപ്പ് നിയമം പരിഷ്‌കരിച്ചതു വഴി ഗ്രാമപ്രദേശങ്ങളിൽ അധിവസിക്കുന്ന എല്ലാ കുടുംബങ്ങൾക്കും ഒരു സാമ്പത്തികവർഷം 100 ദിവസത്തിൽ കുറയാത്ത തൊഴിൽ ഉറപ്പാക്കുകയും അതുവഴി നിഷ്‌കർഷിക്കപ്പെട്ട ഗുണമേന്മയുള്ളതും സ്ഥായിയായിട്ടുള്ളതുമായ ഉല്പാദനക്ഷമമായ ആസ്തികളുടെ നിർമ്മാണവും ലക്ഷ്യമിടുന്നുണ്ട്. മണ്ണ്ജലസംരക്ഷണ പ്രവൃത്തികൾക്ക് ഊന്നൽ നൽകി കാർഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതും ഗ്രാമീണ മേഖലയിലെ ദരിദ്രരുടെ വിഭവാടിത്തറ ശക്തിപ്പെടുത്തി ദീർഘകാല അടിസ്ഥാനത്തിലുള്ള ഉപജീവനമാർഗ്ഗം കണ്ടെത്തുന്നതും തൊഴിലുറപ്പ് പദ്ധതിയിൽ സൃഷ്ടിക്കുന്ന ആസ്തികളിലുടെ ലക്ഷ്യമിടുന്നു.
കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള എല്ലാ പ്രദേശങ്ങളിലേയും ഗ്രാമീണ കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്. ഒരു സാമ്പത്തിക വർഷത്തിൽ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കുമായി ഒരേ സമയത്തോ വ്യത്യസ്ത സമയങ്ങളിലോ 100 ദിവസം ഈ പദ്ധതിമൂലം തൊഴിൽ ലഭിക്കും.
പദ്ധതിയിൽ ചേരുന്നതിലേക്കായി അംഗത്വം ആവശ്യമുള്ള കുടുംബങ്ങൾ ഗ്രാമ പഞ്ചായത്തിൽ താമസിക്കുന്നവരാകണം. തൽക്കാലം പ്രസ്തുത പ്രദേശത്തിൽ നിന്നും അകന്നു താമസിക്കുന്നവർക്കും അംഗത്വം ലഭിക്കാൻ അർഹതയുണ്ട്. ഒരു കുടുംബത്തിലെ പ്രായപൂർത്തിയായ എല്ലാ അംഗങ്ങൾക്കും ജോലിക്കായി അപേക്ഷ നൽകാവുന്നതാണ്. അപേക്ഷകർ അവിദഗ്ദ്ധ കായിക തൊഴിലുകൾ ചെയ്യാൻ സന്നദ്ധതയുള്ളവരായിരിക്കണം എന്നു മാത്രം.
അങ്ങിനെയുള്ള ഈ പദ്ധതിയുടെ തിളക്കം കെടുത്തിക്കളയാൻ ഇപ്പോഴത്തെ ഭരണകൂടം മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഒട്ടേറെ പാവങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി നേടിക്കൊടുത്ത ഈ പദ്ധതിയെ തകിടം മറിക്കാനും അതിന്റെ സത്തയും സൗന്ദര്യവും തല്ലിക്കെടുത്താനും വേണ്ടി മാത്രമാണിത് ചെയ്യുന്നത്. ജവഹർ ലാൽ നെഹ്‌റുവിനെ താറടിക്കാൻ ആർ.എസ്.എസും ബി.ജെ.പിയും കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാതായപ്പോൾ ഇനി ഗാന്ധിജിയെ അല്പമെങ്കിലും മയാക്കാനാവുമോ എന്നാണ് നോക്കുന്നത്.
അതിനായി, നിലവിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA)ക്ക് പകരം പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ദ വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) അഥവാ വിബിജി രാം ജി (VB G RAM G) എന്നാണ് പുതിയ പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്. എന്തായാലും ഇപ്പോൽ ഈ പദ്ധതിയിലുള്ള ഒട്ടേറെപ്പേരെ പുറത്തു ചാടിക്കും എന്നുറപ്പാണ്. കേരളം ആയിരിക്കും ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവിക്കാൻ പോകുന്നത്.
കേരളത്തിൽ 22 ലക്ഷം പേരാണു പദ്ധതിയിൽ അംഗമായിരുന്നത്. അതിൽ ബഹുഭൂരിപക്ഷവും സ്ത്രീകൾതന്നെ. 70 വയസ്സിനു മുകളിലുള്ളവരടക്കം പ്രായമായ ഒട്ടേറെപ്പേരും ഗുണഭോക്താക്കളായുണ്ട്. 'കുടുംബശ്രീ' പോലെ തന്നെ കേരളത്തിലെ ദാരിദ്ര്യനിർമാർജനത്തിനും സ്ത്രീ ശാക്തീകരണത്തിനും തൊഴിലുറപ്പു പദ്ധതിയും വലിയ പങ്കാണ് വഹിച്ചത്. റജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും തൊഴിൽ എന്ന തും തൊഴിലാളികളുടെ വേതനം പൂർണമായും കേന്ദ്രം നൽകുന്നുവെന്നതുമായിരുന്നു നിലവിലെ പദ്ധതിയുടെ കാതൽ. എന്നാൽ, പുതിയ ബില്ലിലൂടെ ഈ രണ്ടു ഘടകങ്ങളിലും മാറ്റം വരുന്നു.
ഇതിന് രണ്ടു പ്രത്യാഘാതങ്ങളുണ്ട്. നിലവിൽ പദ്ധതിയിൽ അംഗങ്ങളായ അനേകർ അതിൽനിന്നു പുറത്താകും. ഇല്ലെങ്കിൽ അവരുടെ വേതനം? മുഴുവൻ സംസ്ഥാന സർക്കാർ വഹിക്കേണ്ടി വരും. നമ്മുടെ സംസ്ഥാനത്തിന് ഇപ്പോഴത്തെ അവസ്ഥയിൽ ഇത് താങ്ങാനാവുന്നതല്ല. നിലവിൽ തൊഴിലുറപ്പു പ്രവർത്തനങ്ങളിൽ പണിയായുധങ്ങൾക്കും മറ്റുമുള്ള ചിലവിന്റെ 25 ശതമാനം മാത്രം മുടക്കിയാൽ മതിയായിരുന്നു. എന്നാൽ പുതുക്കിയ അവസ്ഥയിൽ ചിലവിന്റെ 40 ശതമാനം തുക സംസ്ഥാന സർക്കാർ കണ്ടെത്തേണ്ടിയിരിക്കുന്നു.
നിലവിൽ 4000 കോടി രൂപയിലധികം വാർഷീക വിഹിതമായി കേരളത്തിന് ലഭിച്ചിരുന്നു. എന്നാലിനി 1600 കോടിയോളം രൂപ സംസ്ഥാനം അക്കാര്യത്തിനുമാത്രമായി കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത് തികച്ചും കേരളത്തിന് ഒരു വെല്ലുവിളിയായി മാറുമെന്നകാര്യത്തിൽ സംശയമില്ല. പഴയ പദ്ധതിയിൽ ജോലികൾ തീരുമാനിക്കാനുള്ള അധികാരം ഗ്രാമ പഞ്ചായത്തിനായിരുന്നു. എന്നാൽ പുതിയ ബില്ല് ഈ അവകാശം കേന്ദ്ര സർക്കാരിന് നൽകുന്നു. പുതിയ ബിൽ പ്രകാരം വൈദഗ്ധ്യമില്ലാത്ത ജോലികൾ ചെയ്യാൻ സന്നദ്ധരായ ഗ്രാമീണ കുടുംബങ്ങളിലെ മുതിർന്ന അംഗങ്ങൾക്ക് ഒരോ സാമ്പത്തിക വർഷവും 125 ദിവസത്തെ വേതന തൊഴിൽ ഉറപ്പാക്കും.
സാമ്പത്തിക ബാധ്യത കേന്ദ്രസംസ്ഥാന സർക്കാരുകൾ പങ്കുവയ്ക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ഹിമാലയൻ സംസ്ഥാനങ്ങൾക്കും 90:10 എന്ന അനുപാതത്തിലും മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും 60:40 എന്ന അനുപാതത്തിലുമായിരിക്കും ഇത്. നിയമസഭ ഇല്ലാത്ത കേന്ദ്ര ഭരണപ്രദേശങ്ങളുടെ മുഴുവൻ ചെലവും കേന്ദ്രം വഹിക്കും.
അവനവന്റെ ഭവനങ്ങളിൽ ഒതുങ്ങിപ്പോവുമായിരുന്ന വലിയൊരു ജനവിഭാഗത്തെ ഉൽപാദനക്ഷമതയുള്ളവരാക്കാനും അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനും അതുവഴി വ്യായാമവും ആരോഗ്യവും നേടാനും സഹായിച്ച പദ്ധതിയായിരുന്നു ഇത്. മറ്റൊരു പദ്ധതിക്കും അവകാശപ്പെടാനില്ലാത്ത പല തലങ്ങളുള്ള പദ്ധതിയാണ്. അതിന്റെ സത്തയും സൗന്ദര്യവും അപ്പാടെ ഇല്ലാതാക്കുകയാണിപ്പോൾ.
എമ എൽസ് എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
