ഇവന്റുകൾ പടച്ചുണ്ടാക്കി, ആ നവകേരള ഉഡായിപ്പുകൾ ജനമധ്യത്തിൽ അവതരിപ്പിച്ച ഇടതുഭരണത്തെ നവമാധ്യമങ്ങൾ തേച്ചൊട്ടിച്ചുവെന്നതാണ് തദ്ദേശതെരഞ്ഞെടുപ്പിന്റെ ഗുണപാഠം. മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനെയും (ഒരു ലക്ഷം രൂപയാണ് പ്രതിമാസം ഇതിനായി നികുതിപ്പണത്തിൽനിന്ന് ഡോ. ഐസക്കിന് നൽകുന്നത്) ജില്ലകൾതോറും ഐ.ടി. പ്രൊഫഷണലുകളെയും കൂലിക്കെടുത്ത് സർക്കാർ നവമാധ്യമങ്ങളിൽ പ്രചാരണം നടത്തിയെങ്കിലും ജനങ്ങൾ നേരിട്ട് നവമാധ്യമങ്ങൾ ഉപയോഗിച്ച് ഭരിക്കുന്നവരെ വെട്ടിലാക്കിയെന്നതാണ് സത്യം.
പാർട്ടി എന്തുകൊണ്ട് തോറ്റുവെന്ന ചോദ്യത്തിനുള്ള പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ ചപ്പടാച്ചി മറുപടി ജനം പുച്ഛിച്ചുതള്ളുകയാണുണ്ടായത്. ഭരണവിരുദ്ധ വികാരം ഇല്ലെന്നും രാഷ്ട്രീയാടിത്തറ ഭദ്രമെന്നും ന്യൂനപക്ഷങ്ങൾ പാർട്ടിയെ കൈവിട്ടിട്ടില്ലെന്നും ശബരിമല കൊള്ള തെരഞ്ഞെടുപ്പിൽ വിഷയമായില്ലെന്നുമുള്ള ഗോവിന്ദൻ മാസ്റ്ററുടെ അഭിപ്രായ പ്രകടനങ്ങളിലെ പൊള്ളത്തരം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതൊരു ജയവും പരാജയവും യാഥാർഥ്യബോധത്തോടെ വിലയിരുത്താനുള്ള രാഷ്ട്രീയ വിവേകം സി.പി.എമ്മിന് നഷ്ടപ്പെട്ടുപോകുന്നതിൽ ഇടതുപക്ഷത്തെ ഇപ്പോഴും സ്‌നേഹിക്കുന്ന പലർക്കും സങ്കടമുണ്ട്.
എന്നാൽ 'തോറ്റിട്ടില്ല, തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല' എന്ന മുദ്രാവാക്യ രീതിയിൽ രാഷ്ട്രീയ വിശദീകരണത്തിന് സി.പി.എം. മുതിരുന്നത്, ഭരണം നയിക്കുന്ന ചിലരെ ഇനിയും വാഴ്ത്തുപാട്ടുകൾ ചമച്ച ചില്ലുകൂട്ടിൽനിന്ന് താഴെ ഇറക്കാതിരിക്കാനാണ്.
ഭരണവിരുദ്ധ വികാരമോ, അതെന്താ?
ഭരണവിരുന്ധ വികാരമില്ലെന്നു പറയുമ്പോൾ മുഖ്യമന്ത്രിയുടെ ധർമ്മടം നിയമസഭാ മണ്ഡലത്തിലെ 7 ഗ്രാമപഞ്ചായത്തുകൾ എൽ.ഡി.എഫ്. നേടിയെന്നുള്ളത് സത്യമാണ്. എന്നാൽ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലെ സ്ഥിതി എന്താണ്? സി.പി.എമ്മിന് എതിരെ ശബ്ദിക്കരുതെന്ന 'രാജകല്പന' പുറപ്പെടുവിച്ചിട്ടുള്ളത് കണ്ണൂരിലെ 120 വാർഡുകളിലാണ്. ഈ വാർഡുകളിൽ 36 എണ്ണം സി.പി.എമ്മിന് ഇത്തവണ നഷ്ടമായി. പാർട്ടി വിട്ട് സ്വതന്ത്ര സ്ഥാനാർഥിയായ യുവാവിനെ തട്ടിക്കളയുമെന്ന് എം.വി. ജയരാജൻ പരോക്ഷമായി പൊതുയോഗത്തിൽവച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഒരു മുന്നണിയുടേയും പാർട്ടികളുടേയും പിന്തുണയില്ലാതെ പയ്യന്നൂരിൽ 'ധീരസഖാവ്' ജയിച്ചുവെന്ന വാർത്ത കണ്ടു.
കണ്ണൂർ കോർപ്പറേഷനിലെ 56 സീറ്റിൽ 36ഉം യു.ഡി.എഫ്. നേടി. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് വടിവാളുകളുമായി ഗുണ്ടകൾ ഇറങ്ങി യു.ഡി.എഫ്. അനുഭാവികളുടേയും മറ്റും വീട്ടിൽ കയറി 'കൊലവിളി' നടത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് 50 സി.പി.എം. പ്രവർത്തകരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ സി.പി.എം. കോട്ടകളിൽ നടന്ന ഇലക്ഷൻ അക്രമക്കേസുകളുടെ ഗതി എന്താണെന്നതിന് കെ.എം. മാണി സാറിന്റെ മരുമകനും മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ എം.പി. ജോസഫ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നൽകിയ കേസുകൾതന്നെയാണ് ഉദാഹരണം.
പാർട്ടി ഗ്രാമങ്ങളിലെ കേസുകളിൽ ഭരിക്കുന്ന സി.പി.എമ്മിനെ വിചാരണചെയ്യാൻ കോടതികൾപോലും ഭയപ്പെടുന്നുവെന്നല്ലേ ഇതിൽനിന്ന് അനുമാനിക്കേണ്ടത്? തൃക്കരിപ്പൂരിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർഥിയായ എം.പി. ജോസഫിനെ വധിക്കാൻവേണ്ടി അദ്ദേഹത്തിന്റെ മഹീന്ദ്ര കമ്പനിയുടെ 'മരാസ്സോ' എസ്.യു.വി.ക്കു ബോംബെറിഞ്ഞതും മുടിനാരിഴയ്ക്ക് രക്ഷപ്പെട്ടതും അദ്ദേഹത്തിന്റെതന്നെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആ കേസുകളെക്കുറിച്ച് ചോദിച്ചപ്പോൾ എം.പി. ജോസഫ് തന്നെ പറഞ്ഞത് കേസിന്റെ പുരോഗതി എങ്ങുമെത്തിയിട്ടില്ലെന്നാണ്!
ഒ.ആർ. കേളു (വയനാട്), വീണാ ജോർജ് (ആറന്മുള), വി.എൻ. വാസവൻ (കോട്ടയം), വി. ശിവൻകുട്ടി (നേമം), എം.ബി. രാജേഷ് (തൃത്താല), കെ. രാജൻ (ഒല്ലൂർ), കെ.ബി. ഗണേഷ്‌കുമാർ (പത്തനാപുരം), പി.എ. മുഹമ്മദ് റിയാസ് (ബേപ്പൂർ), വി. അബ്ദുറഹിമാൻ (താനൂർ), പി. രാജീവ് (കളമശ്ശേരി) തുടങ്ങിയ മന്ത്രിമാരുടെ മണ്ഡലങ്ങളിൽ യു.ഡി.എഫിന് മുൻതൂക്കമുള്ളപ്പോൾ ഭരണവിരുദ്ധ വികാരമില്ലെന്ന ഇടതിന്റെ അവകാശവാദത്തിൽ കഴമ്പില്ലെന്ന് കാണാനാകും.
കാണാതെപോകുമോ ചില പാർട്ടികൾ?
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അന്യംനിന്നുപോയ പാർട്ടികൾ പലതുണ്ട്. പി.എസ്.പി., കെ.എസ്.പി., കെ.ടി.പി., എസ്.ആർ.പി. അങ്ങനെ ഈ പട്ടിക നീണ്ടതാണ്. കേരള കോൺഗ്രസിൽനിന്ന് ചിതറിത്തെറിച്ച അഞ്ച് കഷണങ്ങളിൽ മൂന്നെണ്ണം ഇടതുമുന്നണിക്കൊപ്പമാണ്. രണ്ടെണ്ണം യു.ഡി.എഫിന് ഒപ്പവും. ഇടതുമുന്നണിക്കൊപ്പമുള്ള കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ അവരുടെ വേരുകൾതന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. മധ്യ തിരുവിതാംകൂറിലും കുടിയേറ്റ ഗ്രാമങ്ങളിലുമുണ്ടായിരുന്ന 'രണ്ടില'യുടെ പച്ചപ്പ് പൂർണമായും നഷ്ടപ്പെട്ടുകഴിഞ്ഞു.
മാണിഗ്രൂപ്പ് ചോദിച്ച സീറ്റുകൾ മുഴുവനും ഒന്നൊഴിയാതെ സി.പി.എം. അവർക്ക് നൽകിയിട്ടും ആ സീറ്റുകളിൽ നാലിൽ ഒന്നുപോലും ജയിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇനിയുള്ള നാളുകളിൽ, പ്രത്യേകിച്ച് നിയമസഭാ സീറ്റുകൾ പങ്കുവയ്ക്കുമ്പോൾ, തദ്ദേശതെരഞ്ഞെടുപ്പിലെ തോൽവി ഇടതുനേതാക്കൾ ചൂണ്ടിക്കാട്ടി സീറ്റുകൾ കുറയ്ക്കുമോ എന്നതും കണ്ടറിയണം. പാലായിലെ തോൽവി ജോസ് കെ. മാണിക്ക് മറക്കാൻ കഴിയുന്നതെങ്ങനെ? സി.പി.എം. നിർദേശിച്ച ചെയർമാൻ സ്ഥാനാർഥിയെ ജോസ് തള്ളിക്കളഞ്ഞതോടെ തുടങ്ങിയ സംഭവവികാസങ്ങളിൽനിന്ന് മുതലെടുക്കാൻ കോട്ടയം ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് എല്ലാ അടവുകളും പയറ്റി.
മാണി ഗ്രൂപ്പിനെതിരെയുള്ള പോരാട്ടം പാലായിലാണ് കോൺഗ്രസ് തുടങ്ങിവച്ചത്. ഇപ്പോൾ ആ പോരാട്ടം പൂർണമായും വിജയിച്ചുകഴിഞ്ഞു. പുളിക്കണ്ടം ബ്രദേഴ്‌സും ആ കുടുംബത്തിലെ ഒരു ഇളമുറക്കാരിയും ചേർന്ന് ജോസിന് മുട്ടൻ പണികൊടുത്തു. പുളിക്കണ്ടം കുടുംബക്കാർ മത്സരിച്ച മൂന്ന് സീറ്റിലും യു.ഡി.എഫ്. സ്ഥാനാർഥികളെ നിർത്തിയില്ലെന്നതും ശ്രദ്ധേയമാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, കോഴിക്കോടിന്റെ കുടിയേറ്റ മേഖലകൾ തുടങ്ങിയ പ്രദേശങ്ങളിൽ മാണി ഗ്രൂപ്പ് സ്ഥാനാർഥികൾ തോറ്റുതൊപ്പിയിട്ടിട്ടും ജോസ് കെ. മാണി ഗോവിന്ദൻ മാഷിനെപ്പോലെ 'താത്വികാവലോകനം' നടത്തുന്നത് രാഷ്ട്രീയ യാഥാർഥ്യങ്ങളെ തമസ്‌കരിക്കലാണ്.
ചാണ്ടി ഉമ്മന്റെ മധുര പ്രതികാരം
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ യു.ഡി.എഫിന് വൻ പരാജയം രുചിക്കേണ്ടിവന്നു. ഇത്തവണ ഓ.സി. യുടെ മകൻ ചാണ്ടി ഉമ്മൻ ആ പഞ്ചായത്തിലെ 2100ഓളം വീടുകളിൽ നേരിട്ടെത്തി വോട്ട് ചോദിക്കുകയായിരുന്നു. ഏതായാലും പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ ഏഴും ഇത്തവണ യു.ഡി.എഫ്. പിടിച്ചെടുത്തു. മന്ത്രി വി.എൻ.വാസവന്റെ തട്ടകമായ പാമ്പാടിയിൽ പോലും ജയിക്കാൻ ഇത്തവണ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല.
പ്രതികാരത്തിന്റെ മറ്റൊരു കഥ തലസ്ഥാനത്തുനിന്നും കേൾക്കുകയുണ്ടായി. തിരുവനന്തപുരം കോർപ്പറേഷനിലെ കണ്ണമ്മൂല ഡിവിഷനിൽനിന്ന് മത്സരിച്ച പാറ്റൂർ രാധാകൃഷ്ണൻ എന്ന സ്വതന്ത്ര സ്ഥാനാർഥി എല്ലാ പാർട്ടിക്കാർക്കും കണ്ണിലെ കരടായിരുന്നു. ഇടതുമുന്നണിയുടെ ഭാഗത്തുനിന്ന് വധഭീഷണിവരെയുണ്ടായിട്ടും രാധാകൃഷ്ണന്റെയൊപ്പം 200ഓളം വരുന്ന അഭ്യുദയകാംക്ഷികൾ അദ്ദേഹത്തിന് രക്ഷാവലയം തീർക്കുകയായിരുന്നു. ഈ ഇരുന്നൂറുപേരിൽ നിന്നുള്ള 10 പേരടങ്ങുന്ന കോർ കമ്മിറ്റിയാണ് രാധാകൃഷ്ണനെ എല്ലാ കാര്യത്തിലും പിന്തുണച്ചതും സഹായിച്ചതും. ഇപ്പോൾ രാധാകൃഷ്ണന്റെ രാഷ്ട്രീയ ഔദാര്യത്തിനുവേണ്ടി കൈനീട്ടിയിരിക്കുകയാണ് പാർട്ടികൾ.
എ.വി. ഗോപിനാഥും ലതികാ സുഭാഷും
കോൺഗ്രസിൽനിന്ന് പടിയിറങ്ങിപ്പോയ ചില നേതാക്കളെ വോട്ടർമാർ പാഠം പഠിപ്പിച്ചതും ഈ തെരഞ്ഞെടുപ്പിൽ നാം കണ്ടു. പാലക്കാട്ട് 'ഞാനാണ് കോൺഗ്രസ്' എന്ന് വീമ്പുപറഞ്ഞ ഒരു നേതാവാണ് എ.വി. ഗോപിനാഥ്. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അദ്ദേഹത്തിന് പതിച്ചുനൽകിയിരിക്കുകയാണെന്ന ചിന്ത തലയ്ക്കുപിടിച്ചപ്പോൾ അദ്ദേഹം പാർട്ടി വിട്ടു. മുൻ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ നേരിട്ട് ഇടപെട്ടിട്ടും ഗോപിനാഥ് വഴങ്ങിയില്ല. സ്വന്തമായി മുന്നണിയുണ്ടാക്കി മത്സരിച്ചിട്ടും (കിട്ടിയത് 134 വോട്ട് മാത്രം) ഗോപിനാഥിനെ നിലംതൊടാൻ വോട്ടർമാർ അനുവദിച്ചില്ല.
മറ്റൊരു കഥാപാത്രം ലതികാ സുഭാഷാണ്. കോട്ടയമാണ് തട്ടകം. കോൺഗ്രസ് വിട്ട് എൻ.സി.പി.യിൽ ചേർന്ന് ലതിക പോരിനിറങ്ങി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് ഇന്ദിരാഭവനുമുന്നിൽ വച്ച് തലമൊട്ടയടിച്ച ലതികയെ രാഷ്ട്രീയ കേരളം അത്രവേഗം മറക്കില്ലായിരിക്കാം. പക്ഷെ ഇത്തവണ തദ്ദേശപ്പോരിനിറങ്ങിയ ലതിക സുഭാഷിണ് ലഭിച്ചത് 113 വോട്ട്. കെട്ടിവച്ച കാശും ലതികയ്ക്ക് നഷ്ടമായി.
ഇടുക്കിയിൽനിന്ന് കോൺഗ്രസിലെ ഒരു സീനിയർ നേതാവിന്റെ വിലാപമുയരുന്നുണ്ട്. ഇടുക്കിയിലെ കോൺഗ്രസിന്റെ മൊത്തം മേൽവിലാസമായിരുന്ന ഇ.എം. ആഗസ്തി 60 വോട്ടിന്റെ വ്യത്യാസത്തിൽ എൻ.ഡി.എഫിന്റെ സി.ആർ. മുരളിയോട് പരാജയപ്പെട്ടതിനു പിന്നിൽ കോൺഗ്രസിലെതന്നെ കാലുവാരലുകാരുണ്ടാകാം.
നവമാധ്യമങ്ങളും ജനരോഷവും
ഈ തെരഞ്ഞെടുപ്പുകാലത്തിനു ഒന്നോ ഒന്നരയോ വർഷം മുമ്പ് പൊട്ടിമുളച്ച നവമാധ്യമ ചാനലുകൾ ഒറ്റക്കെട്ടായി സർക്കാരിനെ വലിച്ചുകീറുകയായിരുന്നു. പോസ്റ്റ് കാർഡ്, ട്രൂത്ത് ന്യൂസ്, ഫസ്റ്റ് റിപ്പോർട്ട്, മലയാളി വാർത്ത തുടങ്ങിയ യൂട്യൂബ് ചാനലുകളിലൂടെ വന്ന സർക്കാർ വിരുദ്ധ വാർത്തകൾക്കും സംഭവങ്ങൾക്കും വലിയതോതിൽ ജനപ്രീതി ലഭിച്ചിരുന്നു.
മുഖ്യധാരാ ചാനലുകളും പത്രങ്ങളും 'അലക്കിത്തേച്ച' വാർത്തകളുമായി ജനത്തെ വെറുപ്പിച്ചപ്പോൾ പല നവമാധ്യമ ചാനലുകളും സർക്കാരിന്റെ കെടുകാര്യസ്ഥതകൾ അക്കമിട്ടുനിരത്തി. ഏറ്റവും ഒടുവിൽ ഇപ്പോൾ കോടതി കയറാപോകുന്ന 'പോറ്റിയെ കേറ്റിയേ...' എന്ന പാരഡി പാട്ടും സർക്കാരിനെതിരെയുള്ള ആയുധമായി മാറി.
ഒരു പ്രവാസിയായ നാദാപുരംകാരൻ കുഞ്ഞബ്ദുള്ളയാണ് സ്വർണക്കൊള്ളയെക്കുറിച്ചുള്ള പാരഡി ഗാനമെഴുതിയത്. 46 വർഷമായി കുഞ്ഞബ്ദുള്ള ഗൾഫിലാണ്. 600ഓളം മാപ്പിളപ്പാട്ടുകൾ എഴുതിയിട്ടുള്ളയാളാണ്. ഈ പാട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു.ഡി.എഫിന് ഗുണംചെയ്യുമെന്ന് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് നേതാക്കളെ അറിയിച്ചിട്ടും അവർ അവഗണിച്ചതായി കുഞ്ഞബ്ദുള്ളതന്നെ പറയുന്നു. പിന്നീട് ഈ പാട്ട് ഒരു തരംഗമായി മാറി.
വൈറലായ ഈ പാട്ട് അയ്യപ്പഭക്തരുടെ വിശ്വാസത്തിന് മുറിവേൽപ്പിച്ചേക്കുമെന്ന 'സർക്കാർ സ്‌പോൺസേർഡ്' വിചിത്രവാദം ഇപ്പോൾ പൊന്തിവന്നിട്ടുണ്ട്. എന്താണോ നിരോധിക്കുന്നത്, അതെല്ലാം ഒന്നുകൂടി കത്തിപ്പടരുമെന്ന് അറിയാത്ത 'തലയിൽ ആൾതാമസമില്ലാത്ത' ഭരണത്തിന്റെ എച്ചിൽനക്കികളോട് എന്തു പറയാൻ?
ആന്റണി ചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
