ഇന്ത്യ-ജോര്‍ദാന്‍ രാജ്യങ്ങള്‍ക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഒരു ചരിത്രപരമായ നാഴികക്കല്ലായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജോര്‍ദാന്‍ സന്ദര്‍ശനം. നാല് പതിറ്റാണ്ടിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജോര്‍ദാനില്‍ പൂര്‍ണ്ണതോതിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി എത്തുന്നത്. ഇന്ത്യയും ജോര്‍ദാനും തമ്മിലുള്ള ഊഷ്മളമായ നയതന്ത്ര ബന്ധത്തിന് 75 വര്‍ഷം തികയുന്ന വേളയിലാണ് ഈ കൂടിക്കാഴ്ച എന്നതും ഈ സന്ദര്‍ശനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
പരസ്പര സഹകരണവും പ്രാദേശിക സ്ഥിരതയും ലക്ഷ്യമിട്ടുള്ള ഈ ഉന്നതതല ഇടപെടല്‍, ദീര്‍ഘകാല സൗഹൃദത്തിന്റെ പുതിയ അധ്യായങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സന്ദര്‍ശനത്തിന് ജോര്‍ദാനില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഒരു നൂറ്റാണ്ടിലേറെയായി രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരതയുടെയും സ്വത്വത്തിന്റെയും നെടുംതൂണായി നിലകൊള്ളുന്ന ഹാഷെമൈറ്റ് രാജവാഴ്ചയുടെ ഭരണത്തിന്‍ കീഴിലാണ് ഈ നിര്‍ണായക സംഭാഷണങ്ങള്‍ നടക്കുന്നത്.
ഇസ്ലാമിക പ്രവാചകനായ മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിന്‍ഗാമികളാണെന്ന് അവകാശപ്പെടുന്ന ഹാഷെമൈറ്റുകള്‍, ജോര്‍ദാന്റെ ചരിത്രത്തിലും വിശ്വാസത്തിലും ആഴത്തില്‍ വേരൂന്നിയവരാണ്. പ്രക്ഷുബ്ധമായ പശ്ചിമേഷ്യന്‍ സാഹചര്യങ്ങള്‍ക്കിടയിലും ജോര്‍ദാനെ ഒരു സ്ഥിരതയുള്ള രാഷ്ട്രമായി നിലനിര്‍ത്തുന്നതിലും, പ്രാദേശിക വെല്ലുവിളികളെ നയതന്ത്രപരമായി നേരിടുന്നതിലും ഈ രാജകുടുംബം വഹിക്കുന്ന പങ്ക് നിസ്തുലമാണ്. അതിനാല്‍, പ്രധാനമന്ത്രി മോദിയുടെ ജോര്‍ദാന്‍ സന്ദര്‍ശനം, ഈ രാജ്യത്തിന്റെ ആധുനിക ഭരണത്തിന് രൂപം നല്‍കിയ ഹാഷെമൈറ്റ് പാരമ്പര്യത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നു.
ജോര്‍ദാന്‍ രാഷ്ട്ര നിര്‍മ്മാണം
ആധുനിക ജോര്‍ദാന്‍ രാഷ്ട്രം സ്ഥാപിതമായ 1921 മുതല്‍, ഹാഷെമൈറ്റ് രാജകുടുംബം രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥാപനങ്ങളെയും, സ്വത്വത്തെയും, പ്രാദേശിക നിലപാടുകളേയും നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ന് ജോര്‍ദാനെ മനസ്സിലാക്കണമെങ്കില്‍, അതിന്റെ ചരിത്രത്തിലും വിശ്വാസത്തിലും ആഴത്തില്‍ വേരൂന്നിയ ഒരു രാജവംശമായ ഹാഷെമൈറ്റുകളെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. ഒരു നൂറ്റാണ്ടിലേറെയായി ജോര്‍ദാനെ ഭരിക്കുന്ന ഈ രാജകുടുംബം, രാജ്യത്തിന്റെ നിലനില്‍പ്പിന് ഒരു തുടര്‍ച്ചയും ഉറപ്പും നല്‍കുന്നു.
പ്രവാചകന്റെ വംശാവലി
ബാനി ഹാഷിം എന്നും അറിയപ്പെടുന്ന ഹാഷെമൈറ്റുകള്‍, തങ്ങളുടെ വംശാവലി പ്രവാചകന്‍ ഇബ്രാഹിമിന്റെ (അബ്രഹാം) മകനായ ഇസ്മായില്‍ പ്രവാചകനിലേക്കും മക്കയിലെ ഖുറൈഷ് ഗോത്രത്തിലേക്കും എത്തിച്ചേരുന്നു. ഏകദേശം എ.ഡി 480-ല്‍ ഖുസായി ബിന്‍ കിലാബിന്റെ നേതൃത്വത്തില്‍ ഈ ഗോത്രം മക്കയില്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. ഖുസായിയുടെ ചെറുമകനും പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുതുമുത്തച്ഛനുമായ ഹാഷിമില്‍ നിന്നാണ് ഈ രാജവംശത്തിന് ഈ പേര് ലഭിച്ചത്.
പ്രവാചകന്റെ മകള്‍ ഫാത്തിമയിലൂടെയും അവരുടെ ഭര്‍ത്താവും ഇസ്ലാമിലെ നാലാമത്തെ ഖലീഫയുമായ അലി ബിന്‍ അബി താലിബിലൂടെയും ഹാഷെമൈറ്റുകള്‍ പ്രവാചകന്റെ നേരിട്ടുള്ള പിന്‍ഗാമികളാണ് എന്ന് അവകാശപ്പെടുന്നു. ഈ വംശാവലിയാണ് ജോര്‍ദാനിലെ രാജകുടുംബത്തിന് അതിന്റെ മതപരവും ചരിത്രപരവുമായ നിയമസാധുത നല്‍കുന്നത്. അലിയുടെയും ഫാത്തിമയുടെയും മക്കളായ അല്‍-ഹസ്സന്റെ വംശാവലി ശാഖയാണ് ഷെരീഫുകള്‍ (പ്രഭുക്കന്മാര്‍) എന്നും അല്‍-ഹുസൈന്റെ പിന്‍ഗാമികള്‍ സയ്യിദ്‌സ് (പ്രഭുക്കന്മാര്‍) എന്നും അറിയപ്പെടുന്നത്. ജോര്‍ദാനിലെ നിലവിലെ രാജകുടുംബം ഈ ഷെരീഫിയന്‍ പരമ്പരയില്‍ നിന്നുള്ളവരാണ്.
മക്കയിലെ ഭരണപാരമ്പര്യം
ഹാഷെമൈറ്റുകള്‍ക്ക് മക്കയുടെ ഭരണത്തില്‍ ആയിരം വര്‍ഷത്തിലധികം നീണ്ടുനിന്ന ഒരു പാരമ്പര്യമുണ്ട്. 1201 മുതല്‍ 1925 വരെ, ഷെരീഫിയന്‍ കുടുംബങ്ങള്‍ ഹിജാസ് പ്രദേശം ഭരിച്ചു. 1517 മുതല്‍ ഓട്ടോമന്‍ പരമാധികാരം അംഗീകരിച്ചു കൊണ്ടാണ് ഹുസൈന്‍ രാജാവിന്റെ ശാഖ മക്ക ഭരിച്ചിരുന്നത്. ഈ ചരിത്രപരമായ ഭരണപാരമ്പര്യം ഹാഷെമൈറ്റുകള്‍ക്ക് ഒരു സഹസ്രാബ്ദത്തിലേറെ രാഷ്ട്രീയ ഭരണപരിചയം നല്‍കുന്നു, അതോടൊപ്പം ഇസ്ലാമിന്റെ ഏറ്റവും പുണ്യസ്ഥലമായ മക്കയില്‍ ഏകദേശം രണ്ടായിരം വര്‍ഷത്തെ രേഖപ്പെടുത്തിയ സാന്നിധ്യവും അവര്‍ക്കുണ്ടായിരുന്നു.
കലാപം മുതല്‍ സ്വാതന്ത്ര്യം വരെ
1916-ലെ മഹത്തായ അറബ് കലാപകാലത്താണ് ഹാഷെമൈറ്റുകള്‍ ആധുനിക രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയായി ഉയര്‍ന്നുവന്നത്. അന്നത്തെ ഷെരീഫ് ഹുസൈന്‍ ബിന്‍ അലി ഓട്ടോമന്‍ ഭരണത്തിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി. കലാപത്തിന് ശേഷം അദ്ദേഹത്തിന്റെ പുത്രന്മാര്‍ അറബ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേതൃത്വം ഏറ്റെടുത്തു. അബ്ദുള്ള ട്രാന്‍സ്‌ജോര്‍ദാന്റെ ഭരണാധികാരിയായി ഫൈസല്‍ കുറച്ചുകാലം സിറിയയും പിന്നീട് ഇറാഖും ഭരിച്ചു. 1921 ഏപ്രില്‍ 11-ന് സ്ഥാപിതമായ ട്രാന്‍സ്‌ജോര്‍ദാന്‍ എമിറേറ്റ്, 1946-ല്‍ ബ്രിട്ടനില്‍ നിന്ന് പൂര്‍ണ്ണ സ്വാതന്ത്ര്യം നേടി ജോര്‍ദാനിലെ ഹാഷെമൈറ്റ് രാജ്യം ആയി മാറി.
ആധുനിക ജോര്‍ദാന്‍ രാഷ്ട്രം
അബ്ദുള്ള ഒന്നാമന്‍ രാജാവാണ് ആധുനിക ജോര്‍ദാന്റെ അടിത്തറ പാകിയത്. ഭരണഘടനാ ഭരണം അവതരിപ്പിക്കുകയും തിരഞ്ഞെടുപ്പുകള്‍ നടത്തുകയും നയതന്ത്രത്തിലൂടെ ക്രമേണ സ്വാതന്ത്ര്യം നേടുകയും ചെയ്തത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. എന്നാല്‍ 1951 ല്‍ ജറുസലേമിലെ അല്‍-അഖ്സ പള്ളിയില്‍ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടു. തുടര്‍ന്ന് തലാല്‍ രാജാവിന്റെ ഒരു ഹ്രസ്വ ഭരണത്തിനുശേഷം, 1952 ല്‍ 17-ാം വയസ്സില്‍ ഹുസൈന്‍ രാജാവ് സിംഹാസനാരോഹണം ചെയ്തു. അദ്ദേഹത്തിന്റെ നീണ്ട ഭരണം പതിറ്റാണ്ടുകളായി നീണ്ടുനിന്ന പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കിടയിലും ജോര്‍ദാന് സ്ഥിരത നല്‍കി.
1999 ല്‍ ഹുസൈന്‍ രാജാവിന്റെ മരണ ശേഷം, അദ്ദേഹത്തിന്റെ മകനായ അബ്ദുള്ള രണ്ടാമന്‍ രാജാവ് 37-ാം വയസ്സില്‍ സിംഹാസനം ഏറ്റെടുത്തു. ജോര്‍ദാനിയന്‍ സൈന്യത്തില്‍ മേജര്‍ ജനറലായി സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം ഭരണം ഏറ്റത്.
രാജകുടുംബത്തിനുള്ളിലെ ആഭ്യന്തര വിള്ളല്‍
സ്ഥിരതയ്ക്ക് പേരുകേട്ട ഈ രാജകുടുംബത്തിനുള്ളില്‍ 2021 ല്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തത് ശ്രദ്ധേയമാണ്. അബ്ദുള്ള രണ്ടാമന്‍ രാജാവിന്റെ ഇളയ അര്‍ദ്ധ സഹോദരനും മുന്‍ കിരീടാവകാശിയുമായിരുന്ന ഹംസ രാജകുമാരന്‍ രാജ്യത്തിന്റെ നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചു. അഴിമതിയും കഴിവില്ലായ്മയും തുടര്‍ച്ചയായ പീഡനവും ജോര്‍ദാന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്ന് ആരോപിച്ച ഹംസ രാജകുമാരന്‍ തന്നെ വീട്ടുതടങ്കലിലാക്കിയതായും വെളിപ്പെടുത്തി. ഇത് ഹാഷെമൈറ്റ് രാജവാഴ്ചയ്ക്കുള്ളിലെ ഒരു അപൂര്‍വ പൊതു ഭിന്നതയായി കണക്കാക്കപ്പെടുന്നു.
രാജവാഴ്ചയുടെ ഇന്നത്തെ രാഷ്ട്രീയ പങ്ക്
സംഘര്‍ഷഭരിതമായ പശ്ചിമേഷ്യന്‍ മേഖലയില്‍ ജോര്‍ദാന് തുടര്‍ച്ചയുടെയും സ്ഥിരതയുടെയും ഉറപ്പ് നല്‍കുന്നത് ഹാഷെമൈറ്റുകളാണ്. പലസ്തീന്‍ വിഷയത്തില്‍ ജോര്‍ദാന്റെ നിലപാട് വളരെ നിര്‍ണ്ണായകമാണ്. ഉദാഹരണത്തിന്, ജോര്‍ദാനില്‍ പാലസ്തീനികളെ പുനരധിവസിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തെ രാജാവ് അബ്ദുള്ള രണ്ടാമന്‍ ശക്തമായി നിരസിക്കുകയുണ്ടായി. ഇസ്രയേല്‍ കുടിയേറ്റ വികസനം നിര്‍ത്തേണ്ടതിന്റെ ആവശ്യകതയും, പാലസ്തീനികളുടെ ഭൂമി പിടിച്ചെടുക്കാനുള്ള ശ്രമങ്ങളെ നിരാകരിക്കുന്ന നിലപാടും അദ്ദേഹം നിരന്തരം ഊന്നിപ്പറയുന്നു. ഇന്ത്യ-ജോര്‍ദാന്‍ ഉഭയകക്ഷി ബന്ധത്തിന്റെ 75-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം, ജോര്‍ദാനിലെ ഈ സുപ്രധാന രാജകുടുംബത്തിന്റേയും രാജ്യത്തിന്റേയും പ്രാദേശിക, ആഗോള വിഷയങ്ങളിലെ പങ്ക് കൂടുതല്‍ എടുത്തു കാണിക്കുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
