രണ്ട് സുപ്രധാന വിധി പ്രസ്താവങ്ങൾ അറിഞ്ഞ് കേരളം ഞെട്ടിപ്പോയ മണിക്കൂറുകളാണ് ഈ വാരം കടന്നുപോയത്.
ഒന്ന്: തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ കുറിച്ചിട്ട സുപ്രധാന വിധി.
രണ്ട്: നടിയെ ആക്രമിച്ച കേസിൽ എട്ടരവർഷം കഴിഞ്ഞ് പുറത്തുവന്ന 'പ്രതീക്ഷിത' കോടതിവിധി.
രണ്ട് വിധിക്കും അതിന്റേതായ മാനങ്ങളിൽ പൊതുസമൂഹത്തിൽ ഞെട്ടൽ ഉളവാക്കാനുള്ള നിരവധി കാരണങ്ങൾ ഉണ്ടായിരുന്നു. ആ കാരണങ്ങൾ സമകാലിക കേരളീയ സമൂഹം ഇഴകീറി ചർച്ച ചെയ്യുകയാണ് ഇപ്പോൾ. രണ്ടിലും ഒരുതരം ഗൂഢലോചനാ സിദ്ധാന്തം നമുക്ക് ആരോപിക്കാവുന്നതാണ്. ആദ്യത്തേതിൽ പോളിംഗ് സ്റ്റേഷനിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് മുന്നിലെത്തുന്നതുവരെ പൗരൻ മനസ്സിൽ ഒളിപ്പിച്ചുവെക്കുന്ന ആ ഇഷ്ടം. അല്ലെങ്കിൽ അനിഷ്ടം. അത് ഒരു ആയുധ പ്രയോഗമാണ്.
ഒരാളോടുള്ള ഇഷ്ടത്തിനപ്പുറം മറ്റു നാലുപേരോടുള്ള അനിഷ്ടത്തിൻമേലാണ് ചൂണ്ടുവിരൽ അമരുന്നത്. അതൊരു ക്വട്ടേഷനല്ല. പക്ഷേ,നിഗൂഢമായ ഒരു ആത്മാവിഷ്‌കാരമാണ്. ആ നിലയ്ക്ക് അതും വ്യക്തികളുടെ ഗൂഢാലോചനയാണ് ! അതുകൊണ്ടാണ് തോൽവിയോടുള്ള പ്രതികരണത്തിൽ പോലും സി.പി.എം അനുഭാവികൾ ഒരു കേഡർ സ്വഭാവം വോട്ടർമരോട് പ്രകടിപ്പിക്കുന്നത്. സി.പി.എം അണികളുടെ പ്രകടനം, അത് ആഹ്‌ളാദിക്കാനാണെങ്കിലും ആക്രമിക്കാനാണെങ്കിലും സംഘബലം കാട്ടുന്ന കാഴ്ച! ജനവിധിയെന്ന ഗൂഢാലോചനയോടുള്ള അമർഷം! അവരുടെ ഞെട്ടൽ സ്വാഭാവികം. എന്നാൽ ജനവിധി അറിഞ്ഞ് ശരിക്കും ഞെട്ടിയത് കോൺഗ്രസും യു.ഡി.എഫുമാണ്. വിജയത്തിന്റെ ഗ്രാഫ് അവർപോലും കണക്കാക്കിയതിനു മുകളിൽ ചെന്നു തൊട്ടു.
ഇടതുപക്ഷത്തിനാവട്ടെ, തോൽവി ഏത് ചുമലിൽ ചാരണമെന്നേ നോക്കേണ്ടതുള്ളു. വെള്ളാപ്പള്ളിയുമായി ഏറ്റവും ഒടുവിൽ ചങ്ങാത്തം കൂടിയത് പ്രതീക്ഷിച്ച ഗുണം ചെയ്തില്ല. ഈഴവ സമുദായത്തെ മുഴുവൻ വെള്ളാപ്പള്ളി നടേശൻ പ്രതിനിധീകരിക്കുന്നില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു ഈ തദ്ദേശ തെരഞ്ഞെടുപ്പ്. തോൽവിയെത്തുടർന്ന് രംഗത്ത് വന്ന വെള്ളാപ്പള്ളി, സഖാക്കളുടെ മസിലുപിടുത്തം കുറയ്ക്കണമെന്ന് ഉപദേശം നൽകുകയാണ് പകരം ചെയ്തത്.
വീഴ്ചകൾ എണ്ണിയാൽ തീരില്ലെന്ന് ഗോവിന്ദൻ മാസ്റ്റർക്കും ടി.പി. രാമകൃഷ്ണനും നന്നായറിയാം. നേരത്തെ, പൂരം കലക്കൽ തുടങ്ങിയ വിഷയങ്ങളിൽ ആക്ഷേപം ഉയർന്നപ്പോൾ സി.പി.എം നേതൃത്വം പരിഹാരത്തിന് ശ്രമിക്കാതെ പലരെയും രക്ഷിക്കാൻ നോക്കുകയാണ് ചെയ്തത്. 9 വർഷത്തെ ഭരണത്തിനെതിരെയും പാർട്ടിക്കെതിരെയും വിമർശനങ്ങൾ ഉയർന്നപ്പോൾ, പാർട്ടി യോഗങ്ങളിൽ പോലും അത് തുറന്നു പറയാൻ സഖാക്കൾ ധീരത കാട്ടിയില്ല.
നല്ല സഖാക്കൾ
ഗോവിന്ദൻമാസ്റ്ററുടെ വ്യാഖ്യാനങ്ങൾ അല്ല പൊതുജനത്തിന്റെ ബോധ്യമെന്ന് കുറഞ്ഞപക്ഷം സി.പി.എം സെക്രട്ടറിയേറ്റ് അംഗങ്ങളെങ്കിലും ചിന്തിക്കണമായിരുന്നു. പാർട്ടിയിൽ ഏകചത്രാധിപതിയായി പിണറായി വിജയൻ ഭാവിക്കുന്നില്ലെങ്കിലും കാര്യങ്ങൾ അങ്ങനെയാണെന്ന പ്രതീതി പൊതു സമൂഹത്തിനുണ്ടായി. ഇത് സഖാക്കൾക്കിടയിൽ പോലും ചർച്ചാവിഷയമായിരുന്നു. പാർട്ടി ഘടകങ്ങളിൽ നിന്നുയരുന്ന സ്വയം വിമർശനങ്ങൾ മേലെത്തട്ടിലേക്ക് എത്തുമ്പോൾ നിർവീര്യമായിപ്പോകുന്ന അനുഭവം. അതുകൊണ്ടാണ് വിജയശ്രീലാളിതനായ വി.ഡി. സതീശൻ പറഞ്ഞത്, 'നല്ല' സഖാക്കളെല്ലാം യു.ഡി.എഫിനെ പിന്തുണച്ചു എന്ന്.
വിവിധങ്ങളായ പദ്ധതികളുമായി ജനുവരി മുതൽ യു.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൃത്യമായ പദ്ധതികളോടെയാണ് യു.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും, 2026 ലെ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തുമെന്നും പറയാനുള്ള ആത്മവിശ്വാസം സതീശനുണ്ടായി. രാഹുൽ മാങ്കൂട്ടവും അടൂർ പ്രകാശും രാഹുൽ ഈശ്വറും ചേർന്ന് തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പ് നടത്തിയ കൂട്ടപ്പൊരിച്ചിലിൽ കോൺഗ്രസ് എന്ന പ്രസ്ഥാനം നന്നായി വിയർത്തതാണ്.
തദ്ദേശ തെരഞ്ഞെടുപ്പുനാളിലെ വലിയ വിവാദത്തിന് തിരികൊളുത്തിയത് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശായിരുന്നു. വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളെക്കണ്ട അടൂർ പ്രകാശ്, നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് നീതി ലഭിച്ചുവെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് തുറന്നടിച്ചു. അതിജീവിതക്കൊപ്പമെന്ന് പറഞ്ഞ് അപ്പീലിനു പോകുന്നത് സർക്കാരിന് വേറെ പണിയില്ലാത്തതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. നടി എന്ന നിലയിൽ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവർക്കും ലഭിക്കണം.
ദിലീപിന് അനുകൂലമായി അടൂർ പ്രകാശ് നടത്തിയ പ്രസ്താവന കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയാണ് വെളിപ്പെടുത്തുന്നതെന്ന് സി.പി.എം കയ്യോടെ പ്രതികരിച്ചെങ്കിലും ഭാഗ്യത്തിന് അത് മലവെള്ളം പോലെ ഒന്നാകെവന്ന യു.ഡി.എഫ് തരംഗത്തിൽ ഒലിച്ചുപോയി. ഒളിവിൽ പോയ മാങ്കൂട്ടം തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷംവരെ കോൺഗ്രസിനെ പരിഹാസ്യമാക്കിക്കൊണ്ടിരുന്നു. അകറ്റി നിർത്തിയിട്ടും രാഹുൽ ബാധ്യതയായി. അവിടെയാണ് ഞെട്ടലിന്റെ കഥ പൂർത്തിയാകുന്നത്.
എങ്ങനെ നമ്മൾ ജയിച്ചു എന്ന ചോദ്യം സ്വയം ചോദിക്കേണ്ടി വന്ന അവസ്ഥ. യു.ഡി.എഫിന്റെ എല്ലാ പ്രതികൂല ഘടകങ്ങളെയും തള്ളി മാറ്റുന്ന നെഗറ്റീവ് തരംഗം മറുവശത്ത് ഒരു സുനാമിക്ക് മുൻപുള്ള നിശബ്ദത പോലെ മയങ്ങി കിടന്നിരുന്നു. അതിനിടെ, തിരഞ്ഞെടുപ്പ് പരാജയത്തിൽ ഭരണവിരുദ്ധ വികാരമാണ് അലയടിച്ചതെന്ന സി.പി.ഐയുടെ വിമർശനം വല്യേട്ടനോടുള്ള പ്രതിഷേധം തന്നെയായി. സി.പി.എമ്മിന്റെ നിലപാടിന് വിരുദ്ധമാണ് ഇത്. ന്യൂനപക്ഷ വോട്ടുകളിൽ ചോർച്ച സംഭവിച്ചത് മുഖ്യമന്ത്രിയുടെ വെള്ളാപ്പള്ളിയോടുള്ള മനോഭാവം കൊണ്ടാണ്. വർഗീയ പരാമർശം നടത്തിയ വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടിയത് മുസ്ലീങ്ങളെ എൽ.ഡി.എഫിൽ നിന്ന് അകറ്റി. എന്നാൽ ന്യൂനപക്ഷ പ്രീണനത്തിനെതിരെ എൻ.എസ്.എസും പറഞ്ഞിട്ടുണ്ട് എന്നാണ് വെള്ളാപ്പള്ളിയുടെ മറുവാദം.
ഇടത് വസന്തം വാടിയതിന് പിന്നിലെ കൊച്ചു കൊച്ചു കാര്യങ്ങൾ തിരക്കിയാൽ ആ പട്ടിക നീളും. അത് പൊതുവേ പറയപ്പെടുന്നതുപോലെ ശബരിമലയുടെ മേൽ മാത്രം ചാർത്തപ്പെടേണ്ടതല്ല. അത് ആശമാരുടെ രാപ്പകൽ സമരം മുതൽ ദേശീയപാതയുടെ തകർച്ചവരെയും, വയനാട് പുനരധിവാസം മുതൽ പോലീസുകാരുടെ ആത്മഹത്യ വരെയും നീളും. രണ്ടു കുപ്പി കുടിവെള്ളം ബസ്സിന് മുന്നിൽ വെച്ചതിന് കെ.എസ്.ആർ.ടി.സി ഡ്രൈവറെ സസ്‌പെൻഡ് ചെയ്ത ആ ജാഗ്രത എത്ര ജീവനക്കാരുടെ കുടുംബങ്ങളെ ഇരുത്തി ചിന്തിപ്പിച്ചു കാണും?
ഏറ്റവും ഒടുവിൽ, സ്വർണ്ണപ്പാളി കടത്തിയ പോറ്റിയെ ട്രോളി പുറത്തുവന്ന അയ്യപ്പഭക്തി പാരഡി ഗാനം വരെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. ഏതായാലും, തോൽവിയുടെ താത്വിക അവലോകനം മാഷ് നടത്തിക്കഴിഞ്ഞു. തോറ്റതല്ല; പക്ഷേ, ജയിക്കാനായില്ല. പരിശോധിക്കും. മിഷൻ 2025, ടീം കെ.പി.സി.സി എന്നിങ്ങനെ യു.ഡി.എഫ് കളം പിടിക്കുന്ന കാഴ്ചയാണ് രാഷ്ട്രീയത്തിന്റെ സ്‌ക്രീനിൽ ഇപ്പോൾ തെളിയുന്നത്.
അതിജീവിതം
അതിനിടെ, നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം. വർഗീസിനെതിരായ സൈബർ അധിക്ഷേപത്തിൽ നടപടിയാവശ്യപ്പെട്ട് ന്യായാധിപരുടെ സംഘടന ഹൈക്കോടതിയിലെത്തി. ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ഇടപെടണമെന്നാണ് ആവശ്യം. അധിക്ഷേപ പരാമർശം ഉയർത്തുന്നവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷന് പറയേണ്ടിവന്നു.
നമുക്ക് ഹിതം അല്ലാത്ത വിധികൾ ഉണ്ടായാൽ വിധി പറഞ്ഞ കോടതിയെ തിരുത്താൻ മേൽകോടതികളെ സമീപിക്കാനുള്ള നിയമപരമായ സ്വാതന്ത്ര്യവും അവകാശവും നിലനിൽക്കുന്ന രാജ്യമാണിത്. അവിടെയാണ് ജുഡീഷ്യറിയുടെ അന്തസ്സിനുവേണ്ടി ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് കോടതിയെ തന്നെ സമീപിക്കേണ്ട സാഹചര്യം സംജാതമായത്.
ഈ കേസിൽ ഇരയായ നടിയും പ്രതിയായ നടനും ഒരുപോലെ അതിജീവനത്തിന് വേണ്ടി കേഴുന്ന ദൃശ്യങ്ങളാണ് ഇരവാദത്തിന്റെ മേമ്പൊടിയോടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോടതിവിധി ചോർന്നതിന്റെ പേരിൽ കോടതി തന്നെ ഇരയാക്കപ്പെടുന്നു. ഡിജിറ്റൽ തെളിവുകളും ദൃശ്യങ്ങളും അഭിമുഖങ്ങളും ഇരുട്ടിൽ നിന്ന് മറനീക്കി പുറത്തുവരുമ്പോൾ ഇരുഭാഗത്തും ഞെട്ടൽ തുടരുകയാണ്.
ക്രിസ്മസ് അവധിക്ക് ശേഷം നടി കേസിൽ നിയമ പോരാട്ടം തുടരുമ്പോൾ മലയാളിയുടെ ഞെട്ടൽ പരമ്പര തുടരുമെന്ന് തന്നെ വേണം കരുതാൻ. എല്ലാറ്റിനുമപ്പുറം ശബരിമലയിലെ സ്വർണ്ണ കൊള്ള വിവാദം നിയമസഭാ തെരഞ്ഞെടുപ്പ് വരെ നീളുന്ന മെഗാ പരമ്പരയായി മാറും. ക്ലൈമാക്‌സിൽ കൈവിലങ്ങ് അണിയുന്ന ചില സമുന്നതർ കൂടി ഉണ്ടാവുമെന്നാണ് സൂചന.
പ്രിജിത്ത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
