കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടുകൾക്കെതിരെ വിമർശനവുമായി സിപിഎം നേതാവും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസ്. ദുരന്തസമയത്ത് സ്വീകരിക്കേണ്ട സമീപനമല്ല മുഖ്യമന്ത്രിയുടേതെന്നും, എല്ലാവരെയും ഒന്നിപ്പിക്കേണ്ട സമയത്ത് ഭിന്നിപ്പുണ്ടാക്കുന്ന രീതിയിലാണ് അദ്ദേഹം പ്രതികരിക്കുന്നതെന്നും റിയാസ് ആരോപിച്ചു.
"നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കേണ്ടത്. കള്ളാടി ദുരന്തവുമായി ബന്ധപ്പെട്ട് പറയാനുള്ള ചില കാര്യങ്ങളുണ്ട്. അത് പിന്നീട് വിശദമായി പറയും. വിഷയത്തിൽ മന്ത്രിമാർക്ക് പോലും ഭിന്നസ്വരമാണുള്ളത്. ഓരോ മന്ത്രിമാരും തോന്നുന്നതുപോലെ സംസാരിക്കുകയാണ്. സർക്കാരിൽ കൂട്ടായ നേതൃത്വമില്ല," എന്ന് മാധ്യമങ്ങളോട് സംസാരിക്കവെ മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം, വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും രംഗത്തെത്തി.
വിഴിഞ്ഞം വിഷയത്തിൽ താൽപര്യമുള്ളത് ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, കേരളത്തിലെ ഓരോ മലയാളിക്കുമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണ് പാർട്ടി ഉയർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
"ചോദ്യങ്ങൾ ഉയരുമ്പോൾ അസഹിഷ്ണുത കാണിക്കുന്നത് ശരിയല്ല. പൊതുപ്രവർത്തകരെ വിരട്ടി നിർത്താൻ മുഖ്യമന്ത്രി ശ്രമിക്കരുത്. ചോദ്യങ്ങൾ ഉയരുമ്പോൾ മുഖ്യമന്ത്രി അസ്വസ്ഥനാകുന്നത് അദ്ദേഹം പ്രതിരോധത്തിലാണെന്ന സൂചനയാണ്. ഇനിയും ചോദ്യങ്ങൾ ഉയരും," എന്നും കെ.കെ. രാഗേഷ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
