മുംബൈ: വിവാഹത്തിന് വീട്ടുകാർ നിർബന്ധിക്കുന്നതിനാൽ വീട് വിട്ടിറങ്ങിയ 21-കാരിക്ക് സംരക്ഷണം നൽകാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. തെലങ്കാന സ്വദേശിനിയായ യുവതിയുടെ ഹർജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്.
21 വയസുള്ള പ്രായപൂർത്തിയായ വ്യക്തിക്ക് സ്വന്തം ജീവിതവും ഭാവിയും സംബന്ധിച്ച തീരുമാനങ്ങൾ സ്വതന്ത്രമായി എടുക്കാനുള്ള പൂർണ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ആരെ വിവാഹം കഴിക്കണം, എവിടെ ജീവിക്കണം, എവിടെ പഠിക്കണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം യുവതിക്കാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
തന്നെക്കാൾ പത്ത് വയസ് കൂടുതലുള്ള ബന്ധുവിനെ വിവാഹം കഴിക്കാൻ കുടുംബം നിർബന്ധിക്കുന്നുവെന്നാരോപിച്ചാണ് യുവതി തെലങ്കാനയിലെ സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിയത്. തുടർന്ന് മഹാരാഷ്ട്രയിൽ തന്നെ വളർത്തിയവരുടെ വീട്ടിലെത്തി താമസിച്ച ശേഷം സംരക്ഷണം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇതിനിടെ യുവതിയെ കാണാനില്ലെന്ന് കുടുംബം തെലങ്കാന പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കണ്ടെത്തിയാൽ ബലമായി നാട്ടിലേക്ക് കൊണ്ടുപോയി വിവാഹം നടത്തുമെന്ന ഭയമാണ് കോടതിയെ സമീപിക്കാൻ കാരണമെന്ന് യുവതി ഹർജിയിൽ ചൂണ്ടിക്കാട്ടി. തെലങ്കാന പൊലീസിൽ നിന്നോ മഹാരാഷ്ട്ര പൊലീസിൽ നിന്നോ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ ഉപദ്രവമോ ഉണ്ടാകാതിരിക്കാൻ സംരക്ഷണം നൽകണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു.
ഹർജി അടിയന്തരമായി പരിഗണിച്ച ഹൈക്കോടതി യുവതിയെ ചേംബറിലേക്ക് വിളിച്ച് നേരിട്ട് സംസാരിച്ചു. യുവതിക്ക് വ്യക്തമായ കാഴ്ചപ്പാടും പക്വതയുമുണ്ടെന്ന് ബോധ്യപ്പെട്ട കോടതി, സംരക്ഷണം നൽകാൻ ഉത്തരവിടുകയായിരുന്നു.
കൂടാതെ, യുവതിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന മിസ്സിങ് കേസ് റദ്ദാക്കാനും, ബലമായി വീട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളിൽ നിന്നും മറ്റ് ഭീഷണികളിൽ നിന്നും യുവതിയെ സംരക്ഷിക്കണമെന്നും ബോംബെ ഹൈക്കോടതി തെലങ്കാന പൊലീസിനും മഹാരാഷ്ട്ര പൊലീസിനും നിർദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
