ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണി ഉയര്‍ത്തുന്നുവെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി.) റിപ്പോര്‍ട്ട്. പാലക്കാട്, കോയമ്പത്തൂര്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളിലെ ടാപ്പുകളില്‍ നിന്നും വാട്ടര്‍ കൂളറുകളില്‍ നിന്നും ശേഖരിച്ച ജലസാംപിളുകളില്‍ ഇ.കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യവിഷബാധ, വയറിളക്കം, വൃക്കത്തകരാര്‍ തുടങ്ങിയ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകളാണ് വെള്ളത്തില്‍ അടങ്ങിയിരിക്കുന്നത്.
സൗന്ദര്യവല്‍ക്കരണത്തിനും അതിവേഗ ട്രെയിനുകള്‍ക്കും പ്രാധാന്യം നല്‍കുന്ന റെയില്‍വേ, യാത്രക്കാരുടെ പ്രാഥമിക ആവശ്യമായ ശുദ്ധജല വിതരണത്തില്‍ അനാസ്ഥ കാണിക്കുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2019-20 മുതല്‍ 2023-24 വരെയുള്ള കാലയളവിലെ വിവരങ്ങള്‍ അടങ്ങിയതാണ് നിലവിലെ സി.എ.ജി റിപ്പോര്‍ട്ട്. ദക്ഷിണ, ദക്ഷിണ-മധ്യ, മധ്യ, കിഴക്കന്‍ റെയില്‍വേ സോണുകളിലെ വാട്ടര്‍ കൂളറുകളിലും ശുദ്ധീകരിക്കപ്പെടാത്ത വെള്ളമാണ് എത്തുന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞു.
2022-23 കാലയളവില്‍ 8 സോണുകളിലെ 49 സ്റ്റേഷനുകളിലും, 2023-24-ല്‍ 9 സോണുകളിലെ 56 സ്റ്റേഷനുകളിലും നടത്തിയ ജലസാംപിള്‍ പരിശോധനകളില്‍ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കൃത്യമായ ഇടവേളകളില്‍ ജലപരിശോധന നടത്തുന്നതിലും ക്ലോറിനേഷന്‍ അളവ് രേഖപ്പെടുത്തുന്നതിലും റെയില്‍വേയുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും നിലവിലുള്ള പരിശോധനാ പ്രോട്ടോക്കോളുകള്‍ കശനമായി പാലിക്കണമെന്നും സി.എ.ജി നിര്‍ദേശിച്ചു. യാത്രക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനൊപ്പം ശൗചാലയങ്ങളിലെ ശുചിത്വം കണിശമായി ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം കുടിവെള്ളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പാലക്കാട് ഡിവിഷന്‍ റെയില്‍വേ അധികൃതരുടെ വിശദീകരണം. സി.എ.ജി റിപ്പോര്‍ട്ടിലുള്ളത് 2024 ല്‍ ശേഖരിച്ച സാംപിളുകളുടെ വിവരങ്ങളാണെന്നും തൊട്ടടുത്ത മാസം നടത്തിയ പരിശോധനയില്‍ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രതിമാസം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ സാംപിളുകള്‍ പരിശോധിച്ച് വരുന്നുണ്ടെന്നും, അപാകതകള്‍ കണ്ടാല്‍ ഉടന്‍ തന്നെ ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള ശുദ്ധീകരണ നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
