മയക്കു മരുന്നു വിപണി ആഗോള വ്യാപാരത്തിന്റെ ഒരു ശതമാനം വരും എന്നാണ് കണക്ക്. അത്ര ചെറുതൊന്നുമല്ല ഈ ഒരു ശതമാനം. പ്രതിവർഷം ശരാശരി 42,600ലക്ഷം ഡോളർ മുതൽ 65,200 ലക്ഷം ഡോളർവരെ വരും ഈ കച്ചവടം. അതിവിപുലമാണ് ഈ കള്ളവിപണി. ലഹരിവസ്തുക്കളുടെ കൃഷി, അതിന്റെ നിർമാണം, കടത്ത്, പ്രാദേശിക കച്ചവടം തുടങ്ങി വലിയൊരു ചങ്ങലയുണ്ട് ഈ കള്ളക്കച്ചവടത്തിന്.
ഐക്യരാഷ്ട്ര സഭയുടെ ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈം അഥവാ യുഎൻഒഡിസിയുടെ 2026ലെ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പുതിയ പുതിയ ലഹരിവസ്തുക്കളുടെ വരവ് ആശങ്കാജനകമായൊരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്നും അവയിൽ ചിലത് മുമ്പുണ്ടായിരുന്നതിനേക്കാൾ അപകടകരമാണെന്നും യുഎൻഒഡിസിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടർ മോനിക്ക ജുമ ചൂണ്ടിക്കാട്ടുന്നു.
ലോകമെമ്പാടുമായി 33 കോടി ആളുകൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നു. ആറു കോടിയിലേറെപ്പേർ ലഹരി ഉപയോഗത്തിന്റെ ഭാഗമായ ഗുരുതര രോഗങ്ങളുമായി കഴിയുന്നു. ലോകജനസംഖ്യയുടെ പതിനാറിൽ ഒരാൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് യുഎന്നിന്റെ കണക്ക്. ഇതൊന്നും കൊട്ടത്താപ്പ് കണക്കല്ല. ആഗോളതലത്തിൽ വിപുലമായ പഠനവും ഗവേഷണവും നടത്തി തയാറാക്കിയതാണ്.
2024ലെ കണക്കു പ്രകാരം ലോകമെമ്പാടും 59 ലക്ഷം ആളുകളാണ് ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടത്. ഇതിൽ മൂന്നിൽ രണ്ടു ഭാഗവും ലഹരി ഉപയോഗിച്ചതിന്റെയോ കൈവശം വച്ചതിന്റെയോ പേരിൽ നിയമ നടപടി നേരിട്ടവരാണ്. 37 ലക്ഷം പേർക്കെതിരേ പ്രോസിക്യൂഷൻ നടപടി ഉണ്ടായി. 2024ൽ മാത്രം 22 ലക്ഷംപേർ ലഹരി അനുബന്ധ കേസുകളിൽ ശിക്ഷിക്കപ്പെട്ടു. യുഎൻ റിപ്പോർട്ടിലേക്കു കടന്നുചെന്നാൽ ഞെട്ടിക്കുന്നു ലഹരി കണക്കുകൾ ഇനിയുമേറെകാണാം.
ഇന്ത്യയിലേക്കു വന്നാൽ ഇതൊരു ലഹരി കടത്തു മേഖലയായാണു കണക്കാക്കുന്നത്.
അഫ്ഗാനിസ്ഥാൻ, ഇറാൻ, പാക്കിസ്ഥാൻ ഉൾപ്പെടുന്ന ഗോൾഡൻ ക്രസന്റിനും മ്യാൻമർ, ലാവോസ്, തായ്‌ലൻഡ് ഉൾപ്പടുന്ന ഗോൾഡൻ ട്രയാംഗിളിനും ഇടയിലുള്ള ഇന്ത്യയുടെ സ്ഥാനം ലഹരി കടത്തിനു വഴി സുഗമമാക്കുന്നു. കടൽമാർഗമാണ് കൂടുതൽ ലഹരി കടത്ത് നടക്കുന്നത്.
ഇന്ത്യയിൽ നിയമവിരുദ്ധ ലഹരി വ്യാപാരം ഓരോ വർഷവും വർധിച്ചുവരികയാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, നിയമവ്യവസ്ഥയുടെ ദൗർബല്യങ്ങൾ, അഴിമതി, വമ്പൻ ലാഭം, ആവശ്യക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധന തുടങ്ങി നിരവധി കാരണങ്ങൾ ഇതിനു പിന്നിലുണ്ട്.
ഫാർമസ്യുട്ടിക്കൽ കമ്പനികളും ലഹരി വ്യാപനത്തിന്റെ കണ്ണികളാകാറുണ്ട്. പല മരുന്നുകളും ഡോക്ടറുടെ കുറിപ്പടി കൂടാതെ നൽകരുതെന്ന കർശന നിയമം വന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. ലഹരി ഉപയോഗിക്കുന്നവർ മരുന്നുകളും ദുരുപയോഗിക്കുന്നു. അതിന്റെയൊക്കെ ആഘാതം വളരെ ഗുരുതരമായിരിക്കും.
ദേശീയ തലത്തിലും വലിയ ലഹരിവേട്ടകൾ നടക്കാറുണ്ട്. അയൽരാജ്യങ്ങളിൽനിന്നു കടൽ മാർഗം വൻതോതിൽ ലഹരിവസ്തുക്കൾ രാജ്യത്ത് എത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് താത്പര്യമെടുത്ത് ചില നീക്കങ്ങൾ നടത്തിയിട്ടുണ്ട്. 'ലഹരിമുക്ത ഇന്ത്യ' എന്ന മുദ്രാവാക്യവുമായി ദേശീയ തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റുമായി ബന്ധിപ്പിച്ച് 'നാശമുക്ത ഭാരതീയ അഭിയാൻ' എന്ന പേരിൽ വലിയൊരു പദ്ധതി 2020 ഓഗസ്റ്റ് 15ന് ആരംഭിച്ചിരുന്നു. ഈ വർഷം ഇതിന്റെ ഭാഗമായുള്ള പ്രത്യേക ബോധവത്കരണ പരിപാടി ജൂൺ 17 മുതൽ ഒരാഴ്ചക്കാലം നടന്നു.
നാർകോട്ടിക് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്ത ടൺകണക്കിന് ലഹരിവസ്തുക്കൾ ഈ ദിവസങ്ങളിൽ കൂട്ടിയിട്ടു കത്തിച്ചു കളഞ്ഞു. ലഹരി വ്യാപനം ആഗോള വിഷയമാണെങ്കിലും ഓരോ രാജ്യത്തിനും അതിനെതിരേ പോരാടാനാവും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സംസ്ഥാന സർക്കാരുകൾക്കും ഇക്കാര്യത്തിൽ നിർണായകമായ ഇടപെടലുകൾ നടത്താം.
കേരളത്തിൽ പുതിയ സർക്കാർ നിലവിൽ വന്നശേഷം വളരെ കാര്യക്ഷമമായും ആവേശത്തോടെയും നടപ്പാക്കിവരുന്ന ഒരു പദ്ധതിയാണ് 'ഓപ്പറേഷൻ തുഫാൻ ദ നാർക്കോ ഹണ്ട് '. കേരളത്തെ കാർന്നു തിന്നുകൊണ്ടിരുന്ന ലഹരിവ്യാപനത്തിന്റെ അടിവേററുക്കുക എന്നതാണ് ഓപ്പറേഷൻ തുഫാനിലൂടെ ലക്ഷ്യമിടുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യത്തിൽ പ്രത്യേക താത്പര്യം എടുക്കുക മാത്രമല്ല, അതിന്റെ പ്രവർത്തന പുരോഗതി സൂക്ഷ്മമായി വിശകലനം ചെയ്യുന്നുമുണ്ട്. കൊടുങ്കാറ്റ്, ചുഴലിക്കാറ്റ് എന്നൊക്കൊണ് 'തൂഫാൻ' എന്ന ഹിന്ദി/ ഉറുദു വാക്കിന്റെ അർഥം.
ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ഇതര വകുപ്പുകളുടെ സഹകരത്തോടെയാണ് തൂഫാൻ നടപ്പാക്കുന്നത്. ആയിരക്കണക്കിനു കേസുകൾ എടുത്തു. നൂറു കണക്കിനു ലഹരിക്കച്ചവടക്കാരെയും കടത്തുകാരെയും പിടികൂടി. സമുദായ, സാംസ്‌കാരിക നേതാക്കളെ രംഗത്തിറക്കി ലഹരിവിരുദ്ധ പ്രചാരണം ഊർജിതമാക്കു. മോഹൻലാലും മധുവും ശ്രീകുമാരൻ തമ്പിയുമൊക്കെ ലഹരിവിരുദ്ധ കാമ്പെയിനിന്റെ പ്രചാരകരായി.
വിദ്യാർഥികളുടെ ഇടയിൽ ലഹരിവിരുദ്ധ ബോധവത്കരണം സജീവമാണെങ്കിലും ലഹരി വ്യാപനത്തിന്റെ ഉറവിടങ്ങൾ കണ്ടെത്തി പാടേ ഇല്ലാതാക്കിയാൽ മാത്രമേ ഈ ദുരവസ്ഥയിൽനിന്നു കേരളം മോചിതമാകൂ. അതിഥി തൊഴിലാളികൾ ഏറെയുള്ള പെരുമ്പാവൂരിനെ ലഹരി ഇടപാടുകളുടെ കേന്ദ്രമായാണ് കണക്കാക്കിയിരുന്നത്. മന്ത്രി രമേശ് ചെന്നിത്തല അവിടെ എത്തി ഹിന്ദിയിൽ അതിഥി തൊഴിലാളികളെ അഭിസംബോധന ചെയ്തു.
രാസലഹരിയാണ് ഓപ്പറേഷൻ തൂഫാനിലുടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. കൗമാരക്കാരും യുവജനങ്ങളുമാണ് രാസലഹരിയുടെ ഇരകളിൽ ഏറെയും. വലിയ വിപണന ശൃംഖല ഇതിനുണ്ട്. ഇപ്പോഴത്തെ ലഹരിവിരുദ്ധ ഓപ്പറേഷനിലൂടെ ചെറുകിട രാസലഹരി വിതരണക്കാരാണ് കൂടുതലായും പിടികൂടപ്പെട്ടത്. സംസ്ഥാനത്തെ രാസലഹരി ശൃംഖലയുടെ താഴെത്തട്ടിനെ കാര്യമായി തകർക്കാൻ ഓപ്പറേഷൻ തുഫാനു കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
നാർകോട്ടിക് കൺട്രോൾ ബ്യൂറോ, കോസ്റ്റ് ഗാർഡ്, ആർപിഎഫ് എന്നീ വിഭാഗങ്ങളും ഓപ്പറേഷൻ തൂഫാന്റെ വിജയത്തിനായി സഹകരിക്കുന്നുണ്ട്. ഇതൊക്കൊയാണെങ്കിലും വൻകിടക്കാരിലേക്ക് ലഹരിവേട്ട ഇനിയും കടന്നു ചെന്നിട്ടില്ല. കാരവനിൽ ഉൾപ്പെടെ കടന്നുചെല്ലുമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പു നൽകിയിട്ടുണ്ടെങ്കിലും അത്തരം കോട്ടകളിലേക്കു കടന്നുചെല്ലുക അത്ര എളുപ്പമല്ല. എല്ലാ തലങ്ങളിലും റെയ്ഡ് കർശനമാക്കിയെങ്കിൽ മാത്രമേ ഈ വിപത്തിനെ നമുക്കു അകറ്റി നിർത്താൻകഴിയൂ.
ലഹരിവേട്ടയെയും മദ്യനയത്തെയും കൂട്ടിക്കുഴച്ച് തൂഫാന്റെ പ്രഹരശേഷി തകർക്കരുത്. വലിയ അപകടം ആദ്യം നീക്കട്ടെ. മദ്യത്തിന്റെ കാര്യത്തിലും നിയന്ത്രണങ്ങൾ ആവശ്യമാണ്. അത് മറ്റൊരു തലത്തിൽ കൈകാര്യം ചെയ്യണം. മദ്യത്തേക്കാൾ വിപത്ത് രാസലഹരിയുൾപ്പെടെയുള്ള മറ്റു ലഹരിവസ്തുക്കളുടെ വ്യാപനമാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തിയെങ്കിലും കഞ്ചാവും എംഡിഎംഎയും ഹാഷിഷുമൊക്കെ നാട്ടിൽ സുലഭമാണ്. ലഹരിക്കടത്ത് വൻബിസിനസായി. ലഹരിമരുന്നു പിടികൂടുന്ന വാർത്തകൾ ദിവസേനയെന്നോണം മാധ്യമങ്ങളിൽ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു.
സങ്കീർണവും പല വമ്പന്മാരയും കുഴിയിൽ ചാടിച്ചിട്ടുള്ളതുമാണ് കേരളത്തിലെ മദ്യനയം. ഏതു സർക്കാരിനെയും കുഴപ്പത്തിലാക്കാൻ അതു മതിയാവും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണത്തുടർച്ച ഇല്ലാതാക്കി എന്നു മാത്രമല്ല, അന്നത്തെ ധനകാര്യമന്ത്രി കെ.എം മാണിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു കഴിഞ്ഞു.
പത്തുവർഷം മുമ്പ് യു.ഡി.എഫ് സർക്കാർ അധികാരം വിട്ടൊഴിയുമ്പോൾ ബാറുകളുടെ എണ്ണം 29 ആയിരുന്നു. പത്തുവർഷത്തെ ഭരണം വിട്ടിറങ്ങുമ്പോൾ ബാറുകളുടെ എണ്ണം തൊള്ളയിരത്തിലേറെയായി. മദ്യോപയോഗം കുറച്ചുകൊണ്ടുവരിക എന്നതാണു ലക്ഷ്യം എന്നതിന്റെ പൊള്ളത്തരം ഇതിലൂടെ വ്യക്തമാണ്.
ലഹരിവിരുദ്ധ പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോഴാണ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ മദ്യനയവുമായി ബന്ധപ്പെട്ട വിവാദം പൊട്ടിവീണത്. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതും വിൽക്കുന്നതും സംബന്ധിച്ച് വിദേശമദ്യ ചട്ടത്തിൽ ഭേദഗതി കൊണ്ടുവന്നത് എൽ.ഡി.എഫ് സർക്കാരാണ്. ഇത് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
മദ്യവ്യാപനത്തിനു സഹായകമായ ഏതു നയവും എതിർക്കപ്പെടേണ്ടതുണ്ട്. അതു പൊതുസമൂഹത്തിന്റെ നന്മയ്ക്കും സുരക്ഷയ്ക്കും ആവശ്യമാണ്. മദ്യനയം പോലെ വളരെ സങ്കീർണമായ നയങ്ങളിലും തീരുമാനങ്ങളിലും കൂട്ടായ ചർച്ച ആവശ്യമാണ്. ചില കാര്യങ്ങളിൽ ഉറച്ച തീരുമാനങ്ങൾ വേണ്ടിവരും. അത് എല്ലാവരെയും വിശ്വാസത്തിലെടുത്തായാൻ മാത്രമേ വിജയിക്കൂ.
പുതുതലമുറയെ ലഹരിയുടെ പിടിയിൽനിന്നു രക്ഷപ്പെടുത്തുക എന്നതു പ്രധാനമാണ്. അതുകൊണ്ടുതെന്ന നന്നേ ചെറുപ്പത്തിൽ അവർക്ക് ഇക്കാര്യത്തിൽ വേണ്ട ബോധവത്കരണം നടത്തണം. എന്നാൽ സ്‌കൂളുകളിലും ചില പൊതുവേദികളിലും നടക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണംകൊണ്ടു മാത്രം ഈ വൻവിപത്തിനെ തടയാൻ സാധിക്കുമോ? തീർച്ചയായും അതിനു പ്രചാരണപരമായ പ്രധാന്യമുണ്ട്. എങ്കിലും ശക്തമായ നിയമ നടപടികളാണ് ഏറ്റവും ആവശ്യം.
നിയമസഭയിൽ മുസ്‌ലിം ലീഗ് അംഗം ഫാത്തിമ തഹ്‌ലിയ ലഹരി വ്യാപനത്തെക്കുറിച്ചു നടത്തിയ പ്രസംഗവും അതിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നൽകിയ മറുപടിയും ഏറെ ശ്രദ്ധേയമാണ്. ലഹരിക്കേസുകളുടെ ഉള്ളുകള്ളികളിലേക്കുകൂടി വെളിച്ചം വീശുന്നതാണിത്. ഇത്തരം നിരവധി വസ്തുതകൾ ലഹരി വ്യാപനത്തിനു പിന്നിലുണ്ട്.
തിരുവല്ലയിൽ വർഗീസ് മാമ്മൻ എം.എൽ.എയുടെ മെരിറ്റ് അവാർഡ് വിതരണ ചടങ്ങിൽ ആഭ്യന്തര ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞൊരു കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളം ഏറെ ജാഗ്രതയോടെ കാണേണ്ടതാണീ കാര്യം. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പട്ട ലഹരി മരുന്നു പരിശോധനകളിൽ ആൺകുട്ടികളേക്കാൾ കുടുതൽ ഉൾപ്പെടുന്നതു പെൺകുട്ടികളാണെന്നാണ് പോലീസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ആഭ്യന്തര മന്ത്രി പറഞ്ഞത്. ഹോസ്റ്റലുകളിൽ ഉള്ളവരെയും ഡേ സ്‌കോളേഴ്‌സ് ആയിട്ടുള്ള പെൺകുട്ടികളെയും ലഹരി ലോബി ലക്ഷ്യമിടുന്നു. മാതാപിതാക്കളും സ്‌കൂൾ അധികൃതരും ഇക്കാര്യം ഏറെ ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിലെ പതിനേഴായിരം സ്‌കൂളുകളിലും ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ നടത്താൻ ആധ്യാപക രക്ഷാകർതൃസമിതികളോടും സർക്കാർ നിർദേശിച്ചിട്ടുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ നാർകോ വേട്ടയാണ് ഓപ്പറേഷൻ തൂഫാനിലൂടെ സംസ്ഥാനത്തു നടപ്പാകുന്നതെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അവകാശപ്പെടുന്നത്.
ലഹരിക്കടത്തുകാരെയും കാരിയർമാരെയുമൊക്കെ പിടികൂടുന്നുണ്ടെങ്കിലും ശതകോടികളുടെ ഇടപാടു നടക്കുന്ന ഈ രംഗത്തുള്ള വമ്പന്മാർ ഇപ്പോഴും തിരിശീലയ്ക്കു പിന്നിൽതന്നെയാണോ? എന്തുകൊണ്ടാണ് ഈ വലിയ ഇടപാടുകളുടെ തായ് വേരുകൾ ഇനിയും അറുക്കപ്പെടാതെ പോകുന്നത്? ഇത്തരം ചോദ്യങ്ങൾ ഇപ്പോഴും ഉയരുന്നു.
ക്രിമിനൽ പശ്ചാത്തലമുള്ളവർ മാത്രമല്ല ഈ ഇടപാടുകൾക്കു പിന്നിലുള്ളത്. കോടികളുടെ ഇടപാടുകൾ പലരെയും ഇതിലേക്ക് ആകർഷിക്കുന്നു. ആലുവ മാറമ്പിള്ളിയിലെ ആഡംബര ഫ്‌ളാറ്റിൽനിന്നു ഈയിടെ 18 കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. ഇതു വിദേശത്തുനിന്ന് എത്തിച്ചതാണ്. സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നിരീക്ഷണത്തിലായിരുന്ന ഭർത്താവ് ആയുഷിനെ വേഷംമാറി മാറമ്പള്ളിയിൽ എത്തിയ ഡാൻസാഫ് ടീം വലയിലാക്കുകയായിരുന്നു. തുടർന്ന് ഫ്‌ളാറ്റിൽ പരിശോധന നടത്തിയപ്പോഴാണ് കിലോക്കണക്കിന് ഹൈബ്രീഡ് കഞ്ചാവ് കണ്ടെടുത്തത്.
അവിടെനിന്ന് ഭാര്യ അനികയെയും കസ്റ്റഡിയിലെടുത്തു. വൻതുക വാടക നൽകി എടുത്ത ഈ ഫ്‌ളാറ്റിൽ തന്നെയാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയ എഎസ്പി ഹാർദിക് മീണയും താമസിക്കുന്നത്. കുമരകം ചെങ്ങളത്ത് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്ത കേസിൽ ദമ്പതികളായ സുധി ജബ്ബാർ, ആൽഫിയ എന്നിവരെ എക്‌സൈസ് സംഘം കസ്റ്റഡിയിലടുത്തിരുന്നു. തായ്‌ലൻഡിൽ നിന്നെത്തിയ മലയാളി യുവാവിൽനിന്ന് ആറര കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക്‌സ് കഞ്ചാവ് ചെന്നൈയിൽ ഈയിടെ പിടികൂടിയിരുന്നു. ഇയാൾ രാജ്യാന്തര ലഹരിമാഫിയയിലെ കണ്ണിയാണന്നു പോലീസ് കരുതുന്നു.
കേരളത്തിൽ ഇപ്പോൾ നടക്കുന്ന ലഹരിവേട്ടയ്ക്കു പ്രചോദനമായൊരു വീട്ടമ്മയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേരളത്തിനു പരിചയപ്പെടുത്തിയിരുന്നു. ഒരു വ്യാഴവട്ടംമുമ്പ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയോട് ലഹരിസംഘത്തിന്റെ ഭീഷണിയിൽപെട്ടുപോയ കുറെ കുട്ടികളെക്കുറിച്ചു കണ്ണീരോടെ പരാതിപ്പെട്ട എളങ്കുന്നപ്പുഴ സ്വദേശിനി മിനി ആന്റണിയായിരുന്നു ആ വീട്ടമ്മ. മന്ത്രി അന്നത്തെ ജില്ലാ കളക്ടർ എം.രാജമാണിക്യത്തെ ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ വിന്യസിച്ച് ഒരു കൂട്ടം കുട്ടികളെ രക്ഷപ്പെടുത്താനായി. പന്ത്രണ്ടുവർഷങ്ങൾക്കിപ്പുറവും അതിലും ഗുരുതരമായൊരു ലഹരി സാന്നിധ്യത്തെയാണ് അതേ ആഭ്യന്തരമന്ത്രിക്കു നേരിടേണ്ടിവരുന്നത്.
ലഹരിയുടെ അടിവേരുകൾ ഇനിയും അടർത്തിമാറ്റാനാവുന്നില്ല എന്ന വസ്തുത ഭരണകൂടവും പൊതുസമൂഹവും തിരിച്ചറിയണം. ഇതൊരു ആഗോള ദുരന്തമാണ്. ഇന്ത്യ അതിന്റെ ആഘാതം ഏറെ ഏറ്റുവാങ്ങുന്ന രാജ്യമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളും അതിന്റെ കീഴിലുള്ള എല്ലാ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിച്ചാൽ വലിയൊരു പരിധിവരെ ഈ വലിയ ദുരന്തത്തെ തടയാനാവും. കേരളം അതിനൊരു മാർഗദീപമാകണം.
സെർജി ആന്റണി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
