ഐശ്വര്യ പാതയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിനു മുഖ്യ തടസമായിരിക്കുകയാണ് 'റിവേഴ്‌സ് റെമിറ്റൻസ്' എന്ന പുതു സിദ്ധാന്തം സാമൂഹിക ശാസ്ത്രജ്ഞരുടെയും സാമ്പത്തിക വിദഗ്ധരുടെയും വിമർശനത്തിനു വിധേയമായിത്തുടങ്ങി. പഴയ ബോംബെയിൽ ശിവസേന തൊടുത്തുവിട്ട 'മണ്ണിന്റെ മക്കൾ' വാദം മലയാളികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ഉണ്ടാക്കിയ കടുത്ത തലവേദന മറക്കാൻ സമയമായിട്ടില്ലെന്ന് കാര്യകാരണ സഹിതം അവർ ഓർമ്മിപ്പിക്കുന്നു.
അധ്വാനത്തിന്റെ മൂല്യവും വേതനത്തിന്റെ അവകാശവും അതിരുകൾക്കതീതമാണ്. മറ്റിടങ്ങളിൽ പോയി അധ്വാനിക്കുന്ന തൊഴിലാളികൾ അവരുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം കുടുംബങ്ങൾക്ക് അയക്കുന്നത് പുതിയ കാര്യമല്ല. സാമ്പത്തിക ശാസ്ത്രത്തിലെ സ്വാഭാവിക പ്രക്രിയയാണിത്. ഇത് ഓരോ വ്യക്തിയുടെയും അവകാശമാണ്. അതിനെ സാമ്പത്തിക നഷ്ടത്തിന്റെ ഭാഷയിൽ അവതരിപ്പിക്കുന്നതിനു പിന്നിലെ ഇടുങ്ങിയ ചിന്താഗതി വിമർശിക്കപ്പെടുക സ്വാഭാവികം.
സ്വന്തം അധ്വാനത്തിന്റെ ഫലമാണ് അവർ അയക്കുന്നത്. സർക്കാരിന്റെ ഔദാര്യമോ, സൗജന്യമോ അല്ല. സാമ്പത്തിക ശാസ്ത്രത്തിന്റെ ലളിതമായ സമവാക്യങ്ങൾ വെച്ചോ, ഇടുങ്ങിയ പ്രാദേശികവാദ ചിന്തകളുടെ ഭാഗമാക്കിയോ അളന്നു തീർക്കാവുന്നതല്ല മനുഷ്യന്റെ അധ്വാനവും അതിലൂടെ ലഭിക്കുന്ന പണത്തിന്റെ വിനിമയവും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
1970 കളിൽ ബാൽ താക്കറെയുടെ നേതൃത്വത്തിലാണ് ശിവസേന 'മണ്ണിന്റെ മക്കൾ' വാദം ഉയർത്തിയത്. മുംബൈയിലെ ഫാക്ടറികളിലും ഇതര ബിസിനസ് സ്ഥാപനങ്ങളിലും ബാങ്കുകളിലും സർക്കാർ ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്ന ദക്ഷിണേന്ത്യക്കാർ വിശിഷ്യാ മലയാളികളും തമിഴരും മറാത്തികളുടെ തൊഴിലവസരങ്ങൾ കവർന്നെടുക്കുകയും മഹാരാഷ്ട്രയുടെ പണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഒഴുക്കുകയും ചെയ്യുന്നുവെന്നായിരുന്നു ആരോപണം. മുംബൈയിൽ അക്കാലത്ത് മലയാളികൾക്ക് ശിവസേന 'അപരൻ' പദവി ചാർത്തി. കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് അതേ പദവി ചാർത്തിക്കിട്ടുന്ന ദുരവസ്ഥ ഇപ്പോൾ വന്നിരിക്കുന്നു.
കേരളീയ സമ്പദ്‌വ്യവസ്ഥയുടെയും സാമൂഹികഘടനയുടെയും ചാലക ശക്തിയായി മാറിയ ഇതര സംസ്ഥാന തൊഴിലാളികളെയും അവരിലൂടെയുള്ള പണമൊഴുക്കിനെയും സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ 'റിവേഴ്‌സ് റെമിറ്റൻസ്' പരാമർശം വിവാദ വിഷയമായിരിക്കുകയാണ്. ചോര നീരാക്കി വിദേശ രാജ്യങ്ങളിൽ പണിയെടുത്തുണ്ടാക്കുന്ന ബാഹ്യവരുമാനം കൊണ്ട് അതിജീവനത്തിന്റെ അധ്യായം രചിച്ച ഒരു സംസ്ഥാനം സ്വന്തം മണ്ണിൽ വന്ന് അധ്വാനിക്കുന്ന മനുഷ്യരുടെ കൂലിയെ ചോർച്ചയായി കണക്കാക്കുന്നത് ചരിത്രപരമായ വിരോധാഭാസമാണെന്ന വാദം ശക്തം. കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയ്ക്കും ആഗോളതലത്തിൽ മലയാളി കൈവരിച്ച പ്രവാസി സ്വത്വത്തിനും നിരക്കാത്തതായിപ്പോയി ഈ പ്രസ്താവനയെന്ന ആക്ഷേപവുമുയരുന്നു.
കേരള സമ്പദ്‌വ്യവസ്ഥയുടെയും വികസനത്തിന്റെയും നട്ടെല്ലാണ് ഇതര സംസ്ഥാന തൊഴിലാളികൾ. നിർമ്മാണ മേഖല, പ്ലാന്റേഷൻ തുടങ്ങി കൃഷി അനുബന്ധ മേഖല, ഹോട്ടൽ ബിസിനസ് തുടങ്ങി കായികാധ്വാനം വേണ്ടി വരുന്ന തൊഴിലുകളുടെ കാര്യമെടുത്താൽ പകുതി പേരും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഏകദേശം 40 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലുണ്ടെന്നാണ് കണക്കാക്കുന്നത്. അത്യദ്ധ്വാനം വേണ്ടി വരുന്ന ഒരു മേഖലയും ഇതര സംസ്ഥാന തൊഴിലാളികളെ കൂടാതെ പ്രവർത്തിപ്പിക്കാൻ പറ്റാത്ത സ്ഥിതിയാണ് ഉള്ളത്.
ഇതര സംസ്ഥാന തൊഴിലാളികളില്ലാതെ മുന്നോട്ടുപോകാൻ പറ്റാത്ത സാമ്പത്തിക വ്യവസ്ഥയാണ് നിലവിൽ കേരളത്തിന്റേത്. പശ്ചിമ ബംഗാൾ, അസം, ബിഹാർ, ഒഡിഷ, ഉത്തർപ്രദേശ്, ഝാർഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ സാന്നിധ്യവും സാന്ദ്രതയും ഗണ്യമാണിവിടെ. കേരളീയ യുവാക്കൾ വിദേശ തൊഴിലവസരങ്ങളിലേക്കും സർവകലാശാലകളിലേക്കും നീങ്ങിയതോടെ രൂപപ്പെട്ട തൊഴിലാളി ക്ഷാമം അവരാണു നികത്തിയതത്.
ഗൾഫ് നാടുകളിൽ അറബികൾ ചെയ്യാൻ വിമുഖത കാണിക്കുന്ന ജോലികൾ ചെയ്യാൻ മലയാളി തയ്യാറായതു കൊണ്ടാണ് അവിടെ നമുക്ക് ഇടം ലഭിച്ചത്. സമാന സാഹചര്യമാണ് കേരളത്തിലുമുള്ളത്. ഉയർന്ന സാക്ഷരതയും ജീവിതനിലവാരവും കാരണം മലയാളി ചെയ്യാൻ മടിക്കുന്ന ജോലികൾ കുറഞ്ഞ കൂലിക്ക് ചെയ്യാൻ ഇതര സംസ്ഥാന തൊഴിലാളികൾ അഥവാ 'ഭായി'മാർ തയ്യാറാകുന്നു. കേരളത്തിന്റെ വികസനമുരടിപ്പ് ഒഴിവാകുന്നത് ഇതുകൊണ്ടാണ്. ഇവർ പെട്ടെന്നൊരു ദിവസം കേരളം വിട്ടാൽ സംസ്ഥാനത്തെ നിർമാണ മേഖലയും അനുബന്ധ വ്യവസായങ്ങളും സ്തംഭിക്കും. ഇത് വരുത്തിവെക്കുന്ന സാമ്പത്തിക നഷ്ടം അവർ നാട്ടിലേക്ക് അയക്കുന്നതിനേക്കാൾ പതിന്മടങ്ങായിരിക്കുമെന്നതും പരിഗണിക്കേണ്ടതുണ്ട്.
ഗൾഫ് പണമോ?
ലക്ഷക്കണക്കിന് മലയാളികൾ ഗൾഫ് നാടുകളിലും മറ്റു വിദേശ രാജ്യങ്ങളിലും പോയി ജോലി ചെയ്ത് അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വളർത്തിയത്. ഏതെങ്കിലുമൊരു ഗൾഫ് നാട്ടിലെ ഭരണാധികാരി 'മലയാളികൾ ഇവിടുത്തെ പണം കേരളത്തിലേക്ക് ഒഴുക്കുന്നു. ഞങ്ങളുടെ സമ്പദ്‌വ്യവസ്ഥക്ക് അത് ഭീഷണിയാണെ'ന്നു പ്രസ്താവിച്ചാൽ എന്തായിരിക്കും കേരളീയ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും പ്രതികരണമെന്ന ചോദ്യം തള്ളിക്കളയാനാകില്ല. വംശീയമെന്നോ, വിവേചനപരമെന്നോ കുറ്റപ്പെടുത്തിയുള്ള പ്രതിരോധ ശ്രമം ഉറപ്പ്.
ഇതര സംസ്ഥാന തൊഴിലാളികൾ സമ്പാദിക്കുന്ന പണം മുഴുവൻ പുറത്തേക്ക് പോവുകയാണെന്ന വാദം വസ്തുതാപരമായി ശരിയല്ല. ഇവർ തങ്ങളുടെ ഭക്ഷണം, പാർപ്പിടം, വസ്ത്രം, യാത്ര തുടങ്ങി ദൈനംദിന ജീവിതത്തിനായി വലിയൊരു തുക കേരളത്തിൽ തന്നെയാണ് ചെലവിടുന്നത്. അവർ വാങ്ങുന്ന ഓരോ ഉത്പന്നത്തിന്റെയും ജിഎസ്ടി ഇനത്തിൽ വലിയൊരു തുക സംസ്ഥാന ഖജനാവിലേക്ക് നികുതിയായി എത്തുന്നുമുണ്ട്. കേരളത്തിലെ ആഭ്യന്തര വിപണി സജീവമായി നിലനിർത്തുന്നതിൽ ഇവരുടെ പങ്ക് ചെറുതല്ല. വിപണിയുടെ ആരോഗ്യകരമായ നിലനിൽപ്പിനാവശ്യമായ ഒരു കൊടുക്കൽ വാങ്ങൽ പ്രക്രിയയാണ് നടക്കുന്നത്. കേരളത്തിന് സാമ്പത്തിക പ്രയാസമുണ്ടായിരിക്കാം.
അത് വരച്ചുകാണിക്കേണ്ടത് ഇതര സംസ്ഥാന തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കിയല്ല. അവർക്ക് മേൽ എന്തെങ്കിലും നിയന്ത്രണങ്ങൾ കൊണ്ടുവരികയോ സാമ്പത്തിക ചെലവിടലിൽ ഇടപെടുകയോ ആകാമെങ്കിലും അധിക്ഷേപത്തിന് തുല്യമായ വാക്കുകൾ അപലപനീയം.
മനുഷ്യാവകാശങ്ങൾക്കും തൊഴിലാളികളുടെ വിയർപ്പിനും മുൻഗണന നൽകിയ രാഷ്ട്രീയപാരമ്പര്യമാണ് സംസ്ഥാനത്തിന്റേത്. ഇതേ കേരളത്തിൽ അധ്വാനിച്ചു ജീവിക്കുന്ന ഒരു വിഭാഗത്തെക്കുറിച്ച് പൊതുസമൂഹത്തിൽ തെറ്റായ ധാരണ സൃഷ്ടിക്കാൻ ഇടയാക്കുന്ന പ്രസ്താവനകൾ ഉണ്ടാകുന്നത് സംസ്ഥാനത്തിന്റെ പാരമ്പര്യത്തിന് യോജിച്ചതല്ല.
ഇതര സംസ്ഥാന തൊഴിലാളികളെ കേവലമൊരു സാമ്പത്തിക ഘടകമായി കാണാതെ അവരെ മനുഷ്യരായി ഉൾക്കൊള്ളാനുള്ള സാമാന്യബോധം നേതാക്കൾക്കുണ്ടാകുകയാണാവശ്യം. സംശയത്തിന്റെ നിഴലിൽ നിർത്താതെ, കഠിനാധ്വാനം ചെയ്യുന്ന അവരുടെ അന്തസ്സും സാമൂഹികസുരക്ഷിതത്വവും ഉറപ്പാക്കാൻ വിവേകപൂർണ്ണമായ നടപടികളുണ്ടാകണം.
മനുഷ്യത്വ നിഷേധം
എന്നാൽ ഇവർ കടുത്ത തൊഴിൽ പീഡനങ്ങളും അവഗണനയും നേരിടുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിലാണ് ഇവർ പലപ്പോഴും ജോലി ചെയ്യുന്നത്. ഇതുമൂലം അപകടമരണങ്ങൾ ആവർത്തിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വേതന മോഷണമാണ്. എറണാകുളം ജില്ലയിലും പരിസരത്തുമായി പണിയെടുത്ത വകയിൽ മാത്രം ഏകദേശം 10 കോടിയിലധികം രൂപ തൊഴിലാളികൾക്ക് കിട്ടാനുണ്ടെന്ന് അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ 'ഇന്ത്യ ലേബർ ലൈൻ' വ്യക്തമാക്കുന്നു. കേരളത്തിലെ മൊത്തം കണക്കെടുത്താൽ ഈ സംഖ്യ വളരെ കൂടുതലായിരിക്കും. പലപ്പോഴും പണിയെടുത്ത കൂലി ചോദിക്കുമ്പോൾ തൊഴിലുടമകൾ നൽകാൻ തയാറാകാറില്ല.
കൂലി സമയാധിഷ്ഠിതമായി നൽകാതെ തൊഴിലാളികളെ നിർബന്ധിതമായി പണിസ്ഥലത്ത് പിടിച്ചുനിർത്തുന്ന പ്രവണത വ്യാപകം. മിക്കവാറും പേർ അസംഘടിത മേഖലയിലായതിനാൽ, അവർ അവിടെ പണിയെടുക്കുന്നു എന്നതിന് യാതൊരു രേഖയുമില്ലാത്തത് നിയമനടപടികൾ സ്വീകരിക്കുന്നത് ബുദ്ധിമുട്ടാക്കുന്നതായി ഇതര സംസ്ഥാന തൊഴിലാളികളുടെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്‌മെന്റ് കണ്ടെത്തിയിരുന്നു. തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുമ്പോൾ അവരെ കള്ളക്കേസുകളിൽ കുടുക്കുന്ന രീതിയുമുണ്ട്.
കൂലി ചോദിച്ച ഒരു തൊഴിലാളിക്കെതിരെ കാലടി മേഖലയിൽ 25,000 രൂപ മോഷ്ടിച്ചു എന്നാരോപിച്ച് തൊഴിലുടമ കൗണ്ടർ കേസ് നൽകിയ സംഭവം അടുത്തിടെ ഉണ്ടായി. താമസസൗകര്യം പലപ്പോഴും തൊഴിലുടമകൾ തന്നെ നൽകുന്നതിനാൽ, പരാതിപ്പെട്ടാൽ ആ നിമിഷം പെരുവഴിയിലാകുമെന്ന പേടിയും ഇവരെ നിശബ്ദരാക്കുന്നു.
തൊഴിലാളികളുടെ രേഖകൾ ഉപയോഗിച്ച് നടക്കുന്ന വൻകിട തട്ടിപ്പുകളാണ് മറ്റൊരു ഗുരുതരമായ വിഷയം. സിം കാർഡുകൾക്കോ മറ്റോ വേണ്ടി നൽകുന്ന തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ജിഎസ്ടി തട്ടിപ്പുകൾ നടത്തുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. പെരുമ്പാവൂരിൽ ഒരു ബേക്കറിയിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് 16 കോടി രൂപ ജിഎസ്ടി അടയ്ക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് നോട്ടീസ് ലഭിച്ചത് ഇത്തരത്തിൽ നടത്തുന്ന തട്ടിപ്പുകളിൽ ഞെട്ടിക്കുന്നതായിരുന്നു. പാവപ്പെട്ട തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള അനധികൃത പണമിടപാടുകളും നടക്കുന്നു.
ഇവരുടെ കാര്യത്തിൽ ജോലിക്കിടയിലുണ്ടാകുന്ന അപകട മരണങ്ങൾക്കോ അംഗഭംഗത്തിനോ അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ നിലവിലെ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ല. ട്രൈബ്യൂണലുകളിൽ ഇത്തരം കേസുകൾ വർഷങ്ങളോളം നീണ്ടുപോകുന്നു. അപകടം നടന്നാൽ പോലീസ് പലപ്പോഴും എഫ്‌ഐആർ ഇടാൻ വിമുഖത കാണിക്കുന്നു. വോട്ട് ബാങ്ക് അല്ലാത്തതിനാൽ രാഷ്ട്രീയ പാർട്ടികളോ ട്രേഡ് യൂണിയനുകളോ ഇവരുടെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടാൻ തയാറാകുന്നില്ല.
കുറഞ്ഞ വേതനത്തിൽ കൂടുതൽ സമയം ജോലി ചെയ്യിപ്പിച്ചും, സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടുത്താതെയും സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നു. ഈ 'ആധുനിക അടിമത്തം' അവസാനിപ്പിക്കാൻ ശക്തമായ നിയമനടപടികളും സാമൂഹിക ഇടപെടലുകളും അനിവാര്യമാണെന്ന് ഈ മേഖലയിൽ നടത്തിയ നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വികസനം വർദ്ധിക്കുന്നതും അവിടുത്തെ പുതിയ സാമൂഹിക സുരക്ഷാ പദ്ധതികളും മൂലം തൊഴിലാളികൾ കേരളത്തിലേക്ക് വരുന്നത് കുറയുമെന്ന നിരീക്ഷണവുമുണ്ട്. ഈ സാഹചര്യത്തിൽ എഐ ഉപയോഗിച്ചുള്ള മെക്കനൈസേഷനിലേക്കും ഓട്ടൊമേഷനിലേക്കും കടക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാൻ സംസ്ഥാനം ഇനി വൈകരുതെന്ന് വിദഗ്ധർ പറയുന്നു.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
