കേരളത്തിന്റെ യുവതലമുറയാകെ ജീവിതം കരുപ്പിടിപ്പിക്കാൻ വിദേശങ്ങളിലേക്കൊഴുകുന്നതിന്റെ നാനാവശങ്ങൾ കുറേക്കാലമായി സജീവ ചർച്ചാവിഷയമാണ്. ഐസ്ലാൻഡിൽ ചെന്നാൽ അവിടെ വ്യത്യസ്തമായ ഐസ്‌ക്രീം വിൽക്കുന്ന മലയാളിയുണ്ടാകുമെന്നു വരെ ചൂണ്ടിക്കാട്ടുന്നു ഇതുമായി ബന്ധപ്പെട്ടു ഗവേഷണം നടത്തുന്നവർ. അള്ളാഹുവിന്റെ വിളി കേട്ടു സിറിയയിൽ ആടുമേയ്ക്കാൻ പോയവരുടെ കഥ വേറെ. വിദേശ ജോലിയും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ ചൂഷണ കഥകളും ഇടയ്ക്കിടെ പുറത്തുവരാറുണ്ട്.
ഇതിനിടെ, തൊഴിൽ തട്ടിപ്പിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമകേണ്ടി വന്ന ഇന്ത്യക്കാരിൽ മലയാളികൾ ഉൾപ്പെടെ 12 പേർ ഇതുവരെ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. യുക്രെയിൻ സൈന്യത്തിന്റെ വെടിയേറ്റ് തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവിനു ജീവൻ നഷ്ടപ്പെട്ടു. ബിനിലിനൊപ്പം റഷ്യയിലേക്ക് പോയ വടക്കഞ്ചേരി സ്വദേശിയും ബന്ധുവുമായ ജെയിൻ കുര്യൻ വെടിയേറ്റ് മോസ്‌കോയിൽ ചികിത്സയിലാണത്രേ. കേരളത്തിൽ പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞ ദിവസം നിയോഗിക്കപ്പെട്ട പൊലീസ് സംഘം ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇത്തരം ജീവനെടുക്കുന്ന തൊഴിൽ തട്ടിപ്പ് എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് തടയപ്പെടണമെന്ന ആവശ്യം ഇതോടെ ശക്തമായി. മറ്റൊരു രാജ്യത്തിന്റെ കൂലിപ്പട്ടാളത്തിൽ ചേർന്ന് പ്രവർത്തിക്കുന്നത് നിയമവിരുദ്ധവും അപകടകരവുമാണ്. എത്ര മലയാളികൾ പോയിട്ടുണ്ടെന്നതിന് ഇതുവരെ കൃത്യമായ വിവരമില്ല.
നിലവിലെ കണക്കു പ്രകാരം 126 ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിന്റെ ഭാഗമായിട്ടുണ്ട്. ഇതിൽ 96 പേർ തിരിച്ചെത്തിയിട്ടുണ്ട്. 18 പേർ ഇപ്പോഴും അവിടെ തുടരുകയാണ്. 16 പേരെക്കുറിച്ച് വിവരമില്ല. ഇന്ത്യയിൽ നിന്നും റഷ്യയിലേക്ക് റിക്രൂട്ടിംഗ് നടത്തുന്നതിന് പിന്നിൽ വലിയ മനുഷ്യക്കടത്ത് മാഫിയയാണ് പ്രവർത്തിക്കുന്നത്. യുദ്ധമുഖത്തേക്കാണ് കൊണ്ടുപോകുന്നതെന്ന് തുടക്കത്തിൽ വെളിപ്പെടുത്തില്ല. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ ആരോഗ്യമുള്ള ചെറുപ്പക്കാരെ മനുഷ്യക്കടത്ത് മാഫിയയുടെ ഏജന്റുമാർ വലവീശിപ്പിടിക്കുന്നു. റഷ്യയിൽ എത്തിച്ചതിന് ശേഷമാണ് യുദ്ധമുഖത്ത് ജോലി ചെയ്താൽ രണ്ടര മുതൽ മൂന്നര ലക്ഷം വരെ മാസ ശമ്പളം കിട്ടുമെന്ന് പറയുന്നത്. റഷ്യൻ പൗരത്വമാണ് മറ്റൊരു ആകർഷക വാഗ്ദാനം. അഡ്വാൻസായി നാല് ലക്ഷത്തോളം രൂപ ബാങ്കിലിടുകയും ചെയ്യും. വൈദ്യുത ലൈൻ ജോലികൾക്കും മറ്റുമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇവരെ റഷ്യയിൽ എത്തിച്ചത്. പിന്നീട് ഒരു ഹ്രസ്വകാല ട്രെയിനിംഗ് നൽകിയതിന് ശേഷം റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമാക്കി.
ദീർഘകാലത്തെ വിദഗ്ധ പരിശീലനം ലഭിച്ച പ്രൊഫഷണൽ സൈനികർക്ക് പോലും യുദ്ധമുഖത്ത് പിടിച്ചുനിൽക്കുക പ്രയാസമായിരിക്കേ ആധുനിക യുദ്ധസാമഗ്രികൾ കൈകാര്യം ചെയ്യാനും സുരക്ഷാമാർഗങ്ങൾ അവലംബിക്കാനും അറിവില്ലാത്തവർക്ക് വളരെ പെട്ടെന്ന് മരണത്തിന് കീഴടങ്ങാനല്ലാതെ മറ്റൊന്നുമാവില്ല. യുദ്ധമുഖത്ത് ബങ്കറുകൾക്കായി കുഴിയെടുക്കൽ, ഭക്ഷണവിതരണം, യുദ്ധസാമഗ്രികൾ കടത്തൽ തുടങ്ങിയ ജോലികൾക്കായാണ് ഇവരെ നിയോഗിക്കുന്നത്. കൂലിപ്പട്ടാളത്തിലെ ഒരു വർഷത്തെ കരാർ പൂർത്തിയാക്കിയാൽ റഷ്യൻ കമ്പനികളിൽ ജോലി കിട്ടുമെന്ന ഉറപ്പുണ്ടായിരുന്നത്രേ. പക്ഷേ ഭൂരിപക്ഷം പേർക്കും കരാർ അവസാനിക്കുന്നതിന് മുൻപ് ജീവൻ തന്നെ നഷ്ടപ്പെടുമെന്ന് റിക്രൂട്ടിംഗ് നടത്തിയവർ മനസിലാക്കിയിരുന്നു. എന്തായാലും കൂലിപ്പട്ടാളത്തിൽ ചേർന്ന ആർക്കും റഷ്യൻ പൗരത്വം നൽകിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് ഇതുവരെ അറിവില്ല.
അവസ്ഥ ഭീകരം
യുഎൻ സംവിധാനത്തിൽ മനുഷ്യക്കടത്ത് പരിഹരിക്കുന്നതിനായി പ്രവർത്തിക്കുന്ന മുൻനിര സ്ഥാപനമായ യുഎൻ ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈംസ് (മയക്കുമരുന്ന്, കുറ്റകൃത്യങ്ങൾക്കായുള്ള ഓഫീസ് യുഎൻഒഡിസി) പുറപ്പെടുവിച്ചിട്ടുള്ള ഡാറ്റ മനുഷ്യാവകാശ പ്രവർത്തകരെ വല്ലാതെ ഞെട്ടിച്ചിരുന്നു. മനുഷ്യക്കടത്ത് സംബന്ധിച്ച ദേശീയ നിയമങ്ങളുടെയും നയങ്ങളുടെയും വികസനത്തെ പിന്തുണയ്ക്കുകയും പോലീസ് ഉദ്യോഗസ്ഥർ, അതിർത്തി നിയന്ത്രണ ഗാർഡുകൾ, ലേബർ ഇൻസ്‌പെക്ടർമാർ, ഇരകളുടെ സംരക്ഷകർ എന്നിവരുൾപ്പെടെയുള്ള പൊതു ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു യുഎൻഒഡിസിയുടെ വിദഗ്ധർ.
മനുഷ്യക്കടത്ത് ഗുരുതര സ്വഭാവമുള്ള ഒരു ആഗോള പ്രശ്‌നമാണെന്നും അതിനെ ചെറുക്കാനുള്ള വ്യാപകമായ ശ്രമങ്ങൾക്കിടയിലും, ദശലക്ഷക്കണക്കിന് ആളുകൾ ഈ രംഗത്തു ശക്തി പടർത്തിയ മാഫിയാ സംഘങ്ങളുടെയും ഏജന്റുമാരുടെയും ഇരകളായി മാറുന്നുവെന്നും യുഎൻഒഡിസി ചൂണ്ടിക്കാട്ടുന്നു. മയക്കുമരുന്ന്, ആയുധക്കടത്ത് എന്നിവയ്‌ക്കൊപ്പം മനുഷ്യക്കടത്ത് ഏറ്റവും വേഗത്തിൽ വളരുന്ന കുറ്റകൃത്യങ്ങളിൽ ഒന്നാണ്; ഒരോ വർഷവും ഏകദേശം 150 ബില്യൺ ഡോളർ ലാഭം ഉണ്ടാക്കുന്ന വൻ ബിസിനസ്സ്്. മനുഷ്യക്കടത്തെന്ന കുറ്റകൃത്യം എന്തുകൊണ്ട് സംഭവിക്കുന്നു, ഇരകളെ എങ്ങനെ റിക്രൂട്ട് ചെയ്യുന്നു, ചൂഷണം ചെയ്യുന്നു, മനുഷ്യക്കടത്തും കുടിയേറ്റവും തമ്മിലുള്ള ബന്ധം, കാലാവസ്ഥാ വ്യതിയാനം അല്ലെങ്കിൽ സംഘർഷം എത്രത്തോളം ഇതിനു വഴിതെളിക്കുന്നു തുടങ്ങി എട്ട് പ്രധാന വസ്തുതകൾ ഉൾപ്പെടുന്നു യുഎൻഒഡിസി രേഖയിൽ.
ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും മനുഷ്യക്കടത്ത് നടക്കുന്നു. ആളുകളെ പ്രധാനമായും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ നിന്ന് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലേക്കാണ് കടത്തുന്നത്. മിക്ക ഇരകളെയും, ഏകദേശം 60 ശതമാനത്തെയും, ആഭ്യന്തരമായി കണ്ടെത്തി വലയിലാക്കാൻ ചൂഷണ മാഫിയക്ക് കഴിയുന്നുണ്ട്. അതിർത്തി കടന്നുള്ള പ്രയാണവേളയിൽ 16 ശതമാനം പേർ ഇരകളാക്കപ്പെടുന്നു. അതിർത്തി കടന്നുള്ള കടത്തിന്റെ ഇരകളിൽ ഭൂരിഭാഗവും ആഫ്രിക്കയിൽ നിന്നും, പ്രത്യേകിച്ച് സബ്‌സഹാറൻ ആഫ്രിക്കയിൽ നിന്നും, ദക്ഷിണ, കിഴക്കൻ ഏഷ്യയിൽ നിന്നുമാണ്. ദാരിദ്ര്യം, സംഘർഷം, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലം മനുഷ്യക്കടത്ത് വളരുന്നു. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഘടകങ്ങൾ സങ്കീർണ്ണമായി ഇടകലരുന്നതോടെ മനുഷ്യക്കടത്ത് അനിയന്ത്രിതമായി പെരുകുന്നു.
മനുഷ്യക്കടത്ത് ഒരു വ്യാപകമായ കുറ്റകൃത്യവും ലാഭകരമായ ബിസിനസ്സുമാണ്: ലാഭത്തിനായി ചൂഷണവിധേയരാക്കി ആളുകളെ ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ കണ്ടെത്തിയാണ് റിക്രൂട്ട്‌മെന്റ്, ഗതാഗതം, കൈമാറ്റം, അഭയം എന്നിവ വാഗ്ദാനം ചെയ്ത് കൊണ്ടുപോയി പണം ഈടാക്കുന്നത്. കുറ്റകൃത്യത്തിന്റെ യഥാർത്ഥ വ്യാപ്തി കണ്ടെത്താൻ പ്രയാസമാണെന്ന് യുഎൻഒഡിസി പറയുന്നു. 2020ൽ 141 രാജ്യങ്ങളിലായി ഏകദേശം 50,000 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോകമറിയാത്ത കേസുകൾ അസംഖ്യം. ആഗോളതലത്തിൽ 50 ദശലക്ഷം ആളുകൾ ദക്ഷിണ കൊറിയയിലോ ഉഗാണ്ടയിലോ ഉള്ള ജനസംഖ്യയ്ക്ക് തുല്യമായത് വിവിധ തരത്തിലുള്ള മനുഷ്യക്കടത്ത് ചൂഷണത്തിന് വിധേയരാകുന്നതായി വിദഗ്ധർ കണക്കാക്കുന്നു.
സംഘർഷവും പീഡനവും, ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും, വിദ്യാഭ്യാസത്തിലേക്കും ജോലിയിലേക്കുമുള്ള പ്രവേശന വൈഷമ്യവും, ലിംഗ അസമത്വവും വിവേചനവും, പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും എല്ലാം മനുഷ്യക്കടത്തിന് ഇന്ധനമാകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ലോകജനസംഖ്യയുടെ പകുതിയോളം പേർ നാമമാത്ര വരുമാനക്കാരാണ്. ലോകമെമ്പാടുമായി പരിസ്ഥിതി തകർച്ച രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിൽ കുറഞ്ഞത് 30 കോടി ആളുകൾ നരകിച്ചു ജീവിക്കുന്നു. ഈ സാഹചര്യത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട് ജീവിതം നിലനിർത്താൻ അടിയന്തിര ജോലി ആവശ്യമുള്ളവരെ നിരാശ, അസമത്വം, ദാരിദ്ര്യം എന്നിവ മുതലെടുത്ത് മാഫിയ കീഴ്‌പ്പെടുത്തുന്നു.
മനുഷ്യക്കടത്ത് പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. അഥവാ കണ്ടെത്തിയാലും പല കാരണങ്ങളാൽ കുറ്റം ചുമത്തപ്പെടാതെ പോകുന്നു. ഉയർന്ന പ്രതിഫല സാധ്യതയുള്ളപ്പോൾതന്നെ കുറ്റവാളികൾക്ക് കുറഞ്ഞ അപകടസാധ്യതയേയുള്ളൂ. മാഫിയയുടെ ഭാഗമായി മാറുന്ന മനുഷ്യക്കടത്തുകാരും ഏജന്റുമാരും ശിക്ഷയെ ഭയപ്പെടാതെ ഗണ്യമായ ലാഭം കൊയ്യുന്നു. വിലകുറഞ്ഞ തൊഴിൽ, വാണിജ്യ ലൈംഗികത അല്ലെങ്കിൽ മറ്റ് സേവനങ്ങൾ എന്നിവയ്ക്കുള്ള ഉയർന്ന ഡിമാൻഡ് മുതലെടുക്കപ്പെടുന്നു. നിയമനിർമ്മാണത്തിലും അതിന്റെ നിർവ്വഹണത്തിലുമുള്ള പോരായ്മകൾ അവർക്ക് താങ്ങാകുന്നു. അഴിമതിക്കാരും ദുർബലരുമായ ഭരണകൂട നേതാക്കളെ ചൂഷണം ചെയ്തും നിയമവിരുദ്ധമായി അവർ വിഹരിക്കുന്നു. ലൈംഗിക വൃത്തി അല്ലെങ്കിൽ നിർബന്ധിത തൊഴിൽ പോലുള്ള ചൂഷണ പ്രവർത്തനങ്ങളിലേക്ക് ഇരകളെ നിർബന്ധിക്കാൻ അക്രമവും നടത്തുന്നു.
ചൂഷക വിളയാട്ടം
മനുഷ്യക്കടത്ത് ചൂഷണത്തിൽ നിന്ന് രക്ഷപ്പെടുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന നിരീക്ഷണമാണ് യുഎൻഒഡിസി മുന്നോട്ടുവയ്ക്കുന്നത്. പലപ്പോഴും മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾ സഹിക്കനേ ഇരകൾക്കു കഴിയൂ. അവരെ കീഴടക്കി നിർത്താൻ വിവിധ ഔദ്യോഗിക സംവിധാനങ്ങളും ചൂഷകർ ദുരുപയോഗിക്കുന്നു. ഇരകളെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യും. അവരെ അപമാനിക്കുകയും ദുരുപയോഗവിധേയരാക്കുകയും മറ്റെവിടെയും പോകാനാകാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്യാനുള്ള തന്ത്രവും മാഫിയ പ്രയോഗിക്കാറുണ്ട്. പാസ്‌പോർട്ടുകളും മറ്റ് രേഖകളും കൈക്കലാക്കുന്നു.
പ്രതികാര നടപടികളെക്കുറിച്ചുള്ള ഭയം പലപ്പോഴും സഹായം തേടുന്നതിൽ നിന്ന് ഇരകളെ തടയുന്നു. യുഎൻഒഡിസി യുടെ ഗവേഷണം കാണിക്കുന്നത് 38.7 ശതമാനം ഇരകളും ലൈംഗിക ചൂഷണത്തിനായി കടത്തപ്പെടുന്നവരാണെന്നാണ്. തെരുവുകളിലും വേശ്യാലയങ്ങളിലും മസാജ് സെന്ററുകളിലും ഹോട്ടലുകളിലും ബാറുകളിലും ചൂഷണം നടക്കുന്നു. ഇരകൾ പ്രധാനമായും സ്ത്രീകളും പെൺകുട്ടികളും പലപ്പോഴും കടുത്ത അക്രമവും ദുരുപയോഗവും അനുഭവിക്കുന്നു.
38.8 ശതമാനം പേർ നിർബന്ധിത തൊഴിലിനായി ചൂഷണം ചെയ്യപ്പെടുന്നു. ശമ്പളം ഇല്ലാത്തതോ നാമമാത്രമായുള്ളതോ ആയ ഫാക്ടറികളിൽ ദീർഘനേരം ജോലി ചെയ്യേണ്ടിവരുന്നു പലർക്കും. വസ്ത്രങ്ങൾ, കമ്പ്യൂട്ടറുകൾ അല്ലെങ്കിൽ ഫോണുകൾ നിർമ്മിക്കുന്നതാണിത്തരം കൂടുതൽ ഇടങ്ങളും. മറ്റുള്ളവർ വയലുകളിലോ തോട്ടങ്ങളിലോ മത്സ്യബന്ധന ബോട്ടുകളിലോ ജോലി ചെയ്യുന്നു, പലപ്പോഴും കഠിനമായ കാലാവസ്ഥയിൽ. ഏകദേശം 10 ശതമാനം പേർ പോക്കറ്റടി, ബാഗ് പിടിച്ചുപറി, ഭിക്ഷാടനം അല്ലെങ്കിൽ മയക്കുമരുന്ന് വിൽപ്പന പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിർബന്ധിതരാകുന്നു. നിർബന്ധിത വിവാഹം, അവയവം നീക്കം ചെയ്യൽ, ഗാർഹിക അടിമത്തം എന്നിവയാണ് മനുഷ്യക്കടത്ത് ചൂഷണത്തിന്റെ മറ്റ് രൂപങ്ങൾ.
എല്ലാ ലിംഗഭേദങ്ങളിലും, പ്രായത്തിലും, പശ്ചാത്തലത്തിലും, ലോകത്തിലെ എല്ലാ പ്രദേശങ്ങളിലുമുള്ള ആളുകൾ മനുഷ്യക്കടത്തിന് ഇരയാകുന്നു. മാഫിയകൾ ഇരകളെ റിക്രൂട്ട് ചെയ്യുന്നതിനും ചൂഷണം ചെയ്യുന്നതിനും വിവിധ മാർഗങ്ങൾ അവലംബിക്കുന്നു. സ്ത്രീകളും പെൺകുട്ടികളുമാണ് ഇരകളിൽ ഭൂരിഭാഗവും, യഥാക്രമം 42 ഉം 18 ഉം ശതമാനം. ലൈംഗിക ചൂഷണത്തിനാണ് അവർ പ്രധാനമായും കടത്തപ്പെടുന്നത്. പുരുഷന്മാരെയും ആൺകുട്ടികളെയും അപേക്ഷിച്ച് ശാരീരികമോ തീവ്രമോ ആയ അക്രമത്തിന് അവർ ഇരയാകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ്.
അതേസമയം, കഴിഞ്ഞ വർഷങ്ങളിൽ പുരുഷ ഇരകളുടെ എണ്ണം വർദ്ധിച്ചു: ഇരകളിൽ 23 ശതമാനം പുരുഷന്മാരും 17 ശതമാനം ആൺകുട്ടികളുമാണ്. നിർബന്ധിത ജോലിക്കാണ് അവരെ പ്രധാനമായും കടത്തുന്നത്. കഴിഞ്ഞ 15 വർഷത്തിനിടയിൽ, മനുഷ്യക്കടത്തിന് ഇരയായതായി തിരിച്ചറിഞ്ഞവരിൽ കുട്ടികളുടെ അനുപാതം 35 ശതമാനമായി. യുഎൻഒഡിസി യുടെ ഡാറ്റ കാണിക്കുന്നത് മനുഷ്യക്കടത്തിന് ശിക്ഷിക്കപ്പെട്ടവരിൽ 58 ശതമാനവും പുരുഷന്മാരാണെന്നാണ്. അതേസമയവും, ഈ കുറ്റകൃത്യത്തിൽ സ്ത്രീകളുടെ പങ്കാളിത്തം മറ്റ് കുറ്റകൃത്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ് ശിക്ഷിക്കപ്പെട്ടവരിൽ 40 ശതമാനം.
മനുഷ്യക്കടത്തിൽ ഏർപ്പെടുന്നവരിൽ സംഘടിത ക്രിമിനൽ ഗ്രൂപ്പുകൾ ആണ് കൂടുതലും. ഒറ്റയ്‌ക്കോ ചെറു ഗ്രൂപ്പുകളയോ പ്രവർത്തിക്കുന്നവരും അത്ര കുറവല്ല. മനുഷ്യക്കടത്തിന് പുറമേ, മയക്കുമരുന്ന് അല്ലെങ്കിൽ ആയുധക്കടത്ത്, അഴിമതി, പൊതു ഉദ്യോഗസ്ഥരുടെ കൈക്കൂലി എന്നിവയുൾപ്പെടെയുള്ള മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങളിലും ഇതേ ക്രിമിനൽ സംഘങ്ങൾ പലപ്പോഴും ഏർപ്പെടാറുണ്ട്. അത്തരം ഗ്രൂപ്പുകൾ കൂടുതൽ ഇരകളെ ചൂഷണം ചെയ്യുന്നു, പലപ്പോഴും കൂടുതൽ ദൂരത്തേക്ക്. അസംഘടിതമല്ലാത്ത കുറ്റവാളികളേക്കാൾ കൂടുതൽ അക്രമത്തിനും മുതിരുന്നു ഇവർ.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്