കെ.എസ്.ഇ.ബി. തുലഞ്ഞാലും വേണ്ടില്ല, മണിയാർ ജലവൈദ്യുതി പദ്ധതി 25 വർഷത്തേയ്ക്കു കൂടി 'കാർബോറാണ്ടം'. കമ്പനിക്ക് തന്നെയെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു കഴിഞ്ഞു. ഈ കരാർ നീട്ടലിന് വൈദ്യുതി മന്ത്രി എതിരാണ്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ബോർഡിന് ഗുണം ചെയ്യില്ലെന്ന് ബോർഡിന് ഉറപ്പാണ്. ഇതോടെ ഇങ്ങനെയുള്ള ഒരു ഡസനോളം കരാറുകൾ സ്വകാര്യ കമ്പനികൾക്ക് പുതുക്കി നൽകാൻ സർക്കാർ നിർബന്ധിതമാകും. വൈദ്യുതി ബോർഡിന്റെ ആസ്തിയിലും വരുമാനത്തിലും വൻ നേട്ടമുണ്ടാക്കാൻ കഴിയുന്ന ഈ കരാറുകൾ നീട്ടി നൽകിയതിനു പിന്നിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണം ഇടതുസർക്കാർ നിഷ്‌ക്കരുണം തള്ളിക്കളഞ്ഞത് വരും നാളുകളിൽ ചർച്ചയാകുകയും ചെയ്യും.
പാലക്കാട്ട് കൃഷി ചെയ്യാൻ വെള്ളമില്ലെങ്കിലും ഡെൽഹിയിൽ നിന്നുള്ള മദ്യക്കമ്പനിക്ക് മദ്യം നിർമ്മിക്കാൻ മലമ്പുഴ ഡാമിൽ നിന്ന് വെള്ളം നൽകാനുള്ള തീരുമാനം ഇതുപോലെതന്നെ ഇടതു സർക്കാർ താമസിയാതെ നടപ്പാക്കിയേക്കാം. എലപ്പുള്ളി പഞ്ചായത്തിനോടും ജല അതോറിറ്റിയോടും പച്ചക്കള്ളം പറഞ്ഞാണ് ഈ കമ്പനി ഭൂമി വാങ്ങാനുള്ള അനുമതി തരപ്പെടുത്തിയതെന്ന് വാർത്തകളുണ്ടായിരുന്നു. പാലക്കാട്, ചേലക്കര തെരഞ്ഞെടുപ്പ് ചെലവുകൾക്ക് സി.പി.എം. പണം കണ്ടെത്തിയത് ഈ വിവാദ ഇടപാടുകളിൽ നിന്നായിരിക്കുമോ?
പഞ്ചായത്ത്, നിയമസഭാ, തെരഞ്ഞെടുപ്പുകൾക്കായി തെരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താൻ പാടുപെടുന്ന രാഷ്ട്രീയ കക്ഷികൾ മണിയാർ, ഒയാസീസ് മദ്യക്കമ്പനി ഇടപാടുകളെ സംബന്ധിച്ച വിവാദങ്ങളുമായി അധികം മുന്നോട്ടുപോകാനിടയില്ല.
ഒയാസിസ് ഇടപാടിനെതിരെ (യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഇഷ്ടക്കാരുടേതാണ് ഈ കമ്പനിയെന്ന് ആരോപണമുണ്ട്) കോൺഗ്രസും ബി.ജെ.പി.യും സമരരംഗത്തുണ്ടെങ്കിലും ബി.ജെ.പി.യിലെ ഒരു ഗ്രൂപ്പ് സമരത്തിൽ നിന്ന് പിന്മാറുമെന്ന സൂചന ഇന്നത്തെ (ബുധൻ) ചാനൽ വാർത്തകളിലുണ്ട്. എന്തായാലും ഒയാസിസ് കമ്പനി പറഞ്ഞ നുണകൾ വാറ്റിക്കുറുക്കിയാലൊന്നും പാലക്കാട് ജില്ല നേരിടുന്ന ശുദ്ധജലക്ഷാമം പരിഹരിക്കാൻ കഴിയില്ല. ബ്രൂവറി സ്ഥാപിച്ചാൽ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ പാലക്കാട്ടെ കർഷക ജനത യാഥാർത്ഥ്യ ബോധത്തോടെ കണ്ടാൽ അവർക്ക് നല്ലത്.
അരിയാഹാരമോ, എവിടെ കിട്ടാൻ?
'അരിയാഹാരം കഴിക്കുന്നവർ' എന്നൊരു പദപ്രയോഗം ഇപ്പോൾ കേരളത്തിൽ വ്യാപകമാണ്. കോവിഡിനെ വരച്ചവരയിൽ നിർത്തിയ മന്ത്രിസഭയ്‌ക്കെതിരെ, അഞ്ച് വർഷം കഴിഞ്ഞ് 10 കോടി രൂപയുടെ അഴിമതി ഉന്നയിക്കുന്നവരുടെ ഉദ്ദേശ്യമെന്താണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകുമെന്ന്, ഏഷ്യാനെറ്റ് ന്യൂസിന്റെ 'നമസ്‌തേ കേരള' ത്തിലേക്ക് ഫേസ് ബുക്ക് പോസ്റ്റിട്ട 'സൈബർ പോരാളിയുടെ' തൊലിക്കട്ടിക്ക് തുടക്കത്തിലേ ഒരു പൊളപ്പൻ സല്യൂട്ട്.
പാലക്കാട്ടെ ബ്രൂവറി വിവാദം, പി.പി.ഇ. കിറ്റ് അഴിമതി, സർക്കാർ ജീവനക്കാരിൽ ചിലരുടെ പണിമുടക്ക്, കുറ്റിയാടിയിലെ ആദിവാസികളോടുള്ള വനംവകുപ്പിന്റെ തോന്ന്യവാസം, കോൺഗ്രസിലെ 63 സീറ്റ് വിവാദം, കൂത്താട്ടുകുളത്തെ പാർട്ടി സഖാത്തിയോട് പാർട്ടിക്കാർ തന്നെ ചെയ്ത പോക്രിത്തരം എന്നിങ്ങനെ മാ.പ്ര.കൾ പാടിനടക്കുന്ന വാർത്താഗീതങ്ങൾ കേട്ട് പുളകിതരാണ് ജനം.
ഇതിനിടയിലാണ് അരിയാഹാരവും ചർച്ചയാകുന്നത്. പക്ഷെ കേരളീയർക്ക് 'അരിയാഹാരം' സംഘടിപ്പിക്കാൻ ഇപ്പോൾ സൂപ്പർ മാർക്കറ്റുകളിൽ പോകേണ്ടിവരും. കാരണം, റേഷൻകടകളിൽ 'അരിമണിയൊന്നു കൊറിക്കാനില്ലെ' ന്ന് ആധാർകാർഡെടുത്ത് സ്വതന്ത്രമായി താമസിക്കുന്ന എലികളും പാറ്റകളും ഉറുമ്പുകളുമെല്ലാം സംയുക്ത പ്രസ്താവനയിറക്കിക്കഴിഞ്ഞിട്ടുണ്ട്!
ധനവകുപ്പിന്റെ 'കുടിശ്ശിക കോമഡി'
റേഷൻ സാധനങ്ങൾ ന്യായവില ഷാപ്പുകളിൽ എത്തിച്ചുകൊടുക്കുന്ന 'വാതിൽപ്പടി' വിതരണക്കാർ, റേഷൻ വിതരണം നടത്തുന്ന കടയുടമകൾ, റേഷൻ വിതരണം ഡിജിറ്റലായി നിയന്ത്രിക്കുന്ന ഇ പോസ് സംവിധാനം എന്നിങ്ങനെയാണ് കേരളത്തിലെ പൊതുവിതരണത്തിന്റെ ത്രിതലഘടന. ഈ മൂന്ന് വിഭാഗങ്ങൾക്കുമുള്ള പണം ധനവകുപ്പ് നൽകിയിട്ട് മാസങ്ങളായി.
ആദ്യം നമുക്ക് ഇ പോസ് സംവിധാനത്തിന്റെ ചുമതലക്കാരായ കമ്പനിയുടെ കാര്യമെടുക്കാം. അവർക്ക് കൊടുക്കാനുള്ള കുടിശ്ശിക 2.75 കോടി രൂപ. കുടിശ്ശികയ്ക്കായി കമ്പനി 10 തവണ സർക്കാരിന് കത്തെഴുതി. ഫീൽഡ് ഇൻസ്‌പെക്ടർമാരടക്കം നൂറോളം ജോലിക്കാർക്ക് ശമ്പളം, ടി.എ, ബാങ്ക് വായ്പയുടെ തിരിച്ചടവ് എല്ലാം അവതാളത്തിലാണ്. 2018 ഫെബ്രുവരി മാസത്തിലാണ് കമ്പനിയുമായി കരാറുണ്ടാക്കിയത്.
2023 മേയ് മാസത്തിൽ കരാർ ഔദ്യോഗികമായി അവസാനിച്ചിട്ടും ഈ കമ്പനി സേവനം തുടരുകയാണ്. ഇപ്പോൾ ഗതികെട്ട് ജനുവരി 31 ന് സേവനം അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചിരിക്കുകയാണ്. ഇതിനിടെ ഊരാളുങ്കൽ ലേബർ സൊസൈറ്റി പോലെ ദിനേശ് ബീഡി സൊസൈറ്റിയെ ഐ.ടി. സേവനരംഗത്തേയ്ക്ക് കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നുണ്ട്. അങ്ങനെയെങ്കിൽ പുതിയ കരാറും 'പുത്തനും' അവർക്കേ കിട്ടൂ. കിട്ടാനുള്ള കാശിനായി ഹൈദ്രാബാദ് കമ്പനി നെട്ടോട്ടമോടേണ്ടി വരാം.
ആവശ്യങ്ങൾ ഒന്ന്, നോട്ടീസ് പലത്
റേഷൻ വ്യാപാരികൾക്ക് 4 സംഘടനകളാണുള്ളത്. റേഷൻ വിതരണം തകൃതിയായി നടക്കേണ്ട അവസാനത്തെ ആഴ്ച (ജനുവരി 27) യിലാണ് സമരം തുടങ്ങുന്നത്. ഡീലർമാരുടെ സംഘടന നയിക്കുന്നത് കോൺഗ്രസ് നേതാവ് അടൂർ പ്രകാശാണ്. മറ്റൊരു സംഘടന കൂടി റേഷൻകടക്കാരുടേതായുണ്ട്. ആ സംഘടനയുടെ നേതാവ് ജോണി നെല്ലൂരാണ്. കടകളിലെ ജീവനക്കാർക്കായി സി.ഐ.ടി.യു.വിന്റെയും ഏ.ഐ.ടി.യു.സി.യുടേയും സംഘടനകളുണ്ട്. ഒരുമിച്ച് സമരം നടത്തുമ്പോഴും, സമരത്തിനായുള്ള നോട്ടീസ് യൂണിയനുകൾ നൽകിയിട്ടുള്ളത് വെവ്വേറെയാണത്രെ.
കേരളത്തിൽ മഞ്ഞ കാർഡുകാർ 19,07,314 ഉം പിങ്ക് കാർഡുടമകൾ 1,29,79919 ഉം ആണ്. ഇവരിൽ റേഷൻ വിഭവങ്ങൾ കൊണ്ട് ജീവിക്കുന്നവരെയാണ് റേഷൻ സമരം ദോഷകരമായി ബാധിക്കുക. മന്ത്രി ജി.ആർ.അനിൽ വിളിച്ചു കൂട്ടിയ അനുരഞ്ജന ചർച്ച തീരുമാനമാകാത്തതുകൊണ്ട് അഞ്ചുനാൾ കഴിഞ്ഞാൽ സമരമെന്നാണ് കരുതേണ്ടത്. എന്നാൽ എല്ലാറ്റിനും 'ഒറ്റമൂലി' യെന്ന മട്ടിൽ മുഖ്യമന്ത്രി പ്രശ്‌നത്തിൽ ഇടപെട്ട് 'സമരം ഒഴിവാക്കുക' യെന്ന പിണറായി ഭക്തരുടെ തന്ത്രം ഇവിടെയും പയറ്റിയേക്കാം.
വാതിൽപ്പടി വിതരണം നടത്തുന്ന ലോറിയുടമകളെയും ധനവകുപ്പ് കബളിപ്പിക്കുകയാണ്. 50 കോടി കൂടിശ്ശിക തീർക്കാൻ അനുവദിച്ചെന്നു പറയുന്ന ധനവകുപ്പ് ഇതുവരെ 21 കോടി രൂപ മാത്രമേ നൽകിയിട്ടുള്ളൂവെന്നാണ് ലോറിയുടമകളുടെ പരാതി. എന്തായാലും റേഷൻകടകളിലൂടെ 'അരി' നൽകാതിരുന്നാൽ 'അരിയാഹാരം' കഴിക്കുന്നവരുടെ എണ്ണം കുറയുമെന്നു സർക്കാർ കരുതുന്നുണ്ടാവാം. അങ്ങനെ വന്നാൽ അഴിമതിയുടെ ചെളിപുരണ്ട ചില സർക്കാർ വകുപ്പുകൾക്ക് ആശ്വാസമായേക്കാം.
കിറ്റും വോട്ടും തുട്ടും കോവിഡും..
പി.പി.ഇ. കിറ്റും മറ്റും അഞ്ചും പത്തും ഇരട്ടിവിലയ്ക്ക് കോവിഡ് കാലത്തെ അടിയന്തിര രക്ഷാ പ്രവർത്തനത്തിനായി വാങ്ങേണ്ടി വന്നതായി മുൻ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചർ മാധ്യമങ്ങളുടെ മുമ്പിൽ ന്യായീകരിക്കുന്നതു കേട്ടു. 24 മണിക്കൂറിനുള്ളിൽ 500 രൂപയ്ക്ക് കിറ്റ് നൽകാമെന്നു പറഞ്ഞ തിരുപ്പൂരിൽ നിന്നുള്ള കമ്പനിക്കു പകരം, 1500 രൂപയ്ക്ക് 27 ദിവസം കഴിഞ്ഞ് ഡെലിവറി നൽകാമെന്നു പറഞ്ഞ കമ്പനിയെ ആരോഗ്യവകുപ്പ് കണ്ടെത്തിയതിന്റെ ഗുട്ടൻസ് നാട്ടുകാർക്ക് മനസ്സിലായിട്ടും ടീച്ചർ 'പൊട്ടൻ' കളിക്കുന്നതെന്തിനാണാവോ?
കേരളത്തിലെ ആരോഗ്യ രംഗം സർക്കാരിന്റെ പി.ആർ.വർക്കനുസരിച്ച് നമ്പർവൺ ആയിരിക്കാം. പക്ഷെ ഇപ്പോഴത്തെ സ്ഥിതി എന്താണ്? കോഴിക്കോട്ട് മരുന്നു വിതരണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പാർലിമെന്റംഗം വരെ സർക്കാർ ആശുപത്രിക്കു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തിക്കഴിഞ്ഞു. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ മരുന്ന് വിതരണം ചെയ്യുന്ന മെഡിക്കൽ സർവീസ് കോർപ്പറേഷൻ മരുന്ന് കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക 660 കോടി രൂപയാണ്. 3 വർഷത്തെ കണക്കാണിത്. 2024 നവംബറിൽ മരുന്ന് വാങ്ങാനുള്ള ടെൻഡർ നടപടികൾ തുടങ്ങേണ്ടതായിരുന്നു.
ഇതിനിടെ സർക്കാർ ഉറപ്പിൽ ബാങ്കിൽ നിന്ന് മരുന്നു കമ്പനികൾക്ക് പണം ലഭ്യമാക്കാനുള്ള ബിൽ ഡിസ്‌കൗണ്ടിംഗ് സമ്പ്രദായത്തിനും ധനവകുപ്പ് തുടക്കമിട്ടു. ഈ തുകയ്ക്കു നൽകേണ്ട 7.14 ശതമാനം പലിശ മരുന്നു കമ്പനികൾ നൽകണമെന്നാണ് വ്യവസ്ഥ. വൻകിട മരുന്നു കമ്പനികൾ ഈ വ്യവസ്ഥ അംഗീകരിക്കാൻ സന്നദ്ധരല്ല. പിടിച്ചു നിൽക്കാൻ പാടുപെടുന്ന ചെറുകിട മരുന്നു കമ്പനികൾ ഈ വ്യവസ്ഥയ്ക്കും തലവച്ചു കൊടുത്തു. അങ്ങനെ 20ഓളം കമ്പനികൾക്ക് 96 കോടിയോളം രൂപ കിട്ടിയിട്ടുണ്ട്.
മരുന്നിന് ഓർഡർ ചെയ്യാം പക്ഷെ കിട്ടില്ല
ഔഷധക്കച്ചവട രംഗത്ത് രോഗികളെ ബലികൊടുത്തായാലും പണമുണ്ടാക്കിക്കോളൂ എന്ന മൗന സമ്മതം സർക്കാർ നൽകിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാകാം 26 സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തതെന്ന പരാതിയുയർന്നിട്ടുള്ളത്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിലും കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തതായി ആരോപണമുയർന്നിട്ടുണ്ട്. കൂടാതെ ഒരു കുഞ്ഞിനു നൽകിയ ക്യാപ്‌സ്യൂളിൽ സൂചി കണ്ടത്തിയതായും വാർത്ത വന്നു. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ അത് വൈക്കോൽ കൂനയിൽ സൂചി തപ്പുന്നത് പോലെയാകാനാണ് സാധ്യത.
മെഡിക്കൽ കോളജുകളടക്കം സർക്കാർ തലത്തിലുള്ളത് ഏഴായിരം ആതുര ശൂശ്രൂഷാ സ്ഥാപനങ്ങളാണ്. 67 ആശുപത്രികളിൽ 2016 മുതൽ 2022 വരെ നടത്തിയ പരിശോധനയിൽ 62,826 അവസരങ്ങളിൽ മരുന്നുകൾ നൽകാനായില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. 2017 മുതൽ 2022 വരെ 4732 ഇനം മരുന്നുകൾ വേണമെന്ന് സർക്കാർ ആശുപത്രികൾ ആവശ്യപ്പെട്ടുവെങ്കിലും കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ 536 മരുന്നുകൾ മാത്രമാണ് നൽകിയത്.
ആവശ്യമുള്ള മരുന്നിന്റെ 11.33 ശതമാനമാണിത്. 1085 മരുന്നുകൾക്ക് കോർപ്പറേഷൻ കരാർ നൽകിയതേയില്ല. മരുന്നുകൾ വാങ്ങുന്നതിലും വിതരണം ചെയ്യുന്നതിലും കോർപ്പറേഷൻ ഗുരുതരമായ വീഴ്ച വരൂത്തിക്കൊണ്ടിരിക്കുകയാണെന്ന് ചുരുക്കം.
ആന്റണിചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്