രണ്ടു പതിറ്റാണ്ടു മുമ്പ് അടൽ ബിഹാരി വാജ്‌പേയി സർക്കാരാണ് പ്രവാസി ഭാരതീയ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചത്. ആദ്യത്തെ സമ്മേളനം ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്നത് 2003 ജനവരി 9-11 തിയ്യതികളിലായിരുന്നു. ജനവരി 9നു അതിന്റെ തുടക്കം കുറിക്കാൻ കാരണം അതിനും ഒരു നൂറ്റാണ്ടു മുമ്പ് 1915ൽ അതേ ദിവസമാണ് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചത് എന്നതാണ്.
ഇന്ത്യൻ പ്രവാസികളിൽ എക്കാലത്തെയും പ്രമുഖൻ മോഹൻദാസ് കരംചന്ദ് ഗാന്ധി തന്നെയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം അദ്ദേഹം ദക്ഷിണാഫിക്കയിൽ എത്തിയത് ഒരു പ്രവാസി അഭിഭാഷകൻ എന്ന നിലയിലാണ്. എന്നാൽ 21 വർഷം നീണ്ട പ്രവാസി ജീവിതത്തിനു ശേഷം അദ്ദേഹം ഇന്ത്യയിൽ മടങ്ങിയെത്തിയത് മഹാത്മാഗാന്ധി എന്ന പുതിയൊരു വ്യക്തിയായാണ്. പ്രവാസം നമ്മുടെ ജീവിതത്തെയും ചിന്തകളെയും പ്രവർത്തനങ്ങളെയും എങ്ങനെ മാറ്റിമറിക്കുന്നു, എങ്ങനെ നമുക്കൊരു പുതിയ ജീവിതം നൽകുന്നു എന്നതിന് ഗാന്ധിജിയുടെ ജീവിതം തന്നെയാണ് മികച്ച മാതൃക.
എന്നാൽ പ്രവാസം അതിന്റെ ആദ്യകാലങ്ങളിലെങ്കിലും അങ്ങേയറ്റം കഠിനമായ അനുഭവങ്ങളാണ് പലർക്കും നൽകിയത്. ഇന്ത്യയിൽ നിന്നും കെളോണിയൽ ഭരണകാലത്തു കരാർ തൊഴിലാളികൾ എന്ന നിലയിൽ കരീബിയൻ ദ്വീപുകളിലും മറ്റു വിദൂര പ്രദേശങ്ങളിലും എത്തിച്ചേർന്ന മനുഷ്യരുടെ കഥ പറയുന്ന മൂന്നു നോവലുകൾ അമിതാവ് ഘോഷ് എഴുതിയിട്ടുണ്ട്. കൽക്കത്തയിൽ നിന്നും പുറപ്പെട്ട ഐബിസ് എന്ന കപ്പലിൽ യാത്ര ചെയ്ത നൂറുകണക്കിന് സ്ത്രീകളുടേയും പുരുഷൻമാരുടെയും കഥയാണ് അദ്ദേഹം പറയുന്നത്. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിൽ നിന്നും കങ്കാണികൾ അവരെ പല വാഗ്ദാനങ്ങളും നൽകി വിദൂരദേശങ്ങളിലെ തോട്ടങ്ങളിൽ പണിക്കാരായി കൊണ്ടുപോകുകയായിരുന്നു.
വിദൂരപൂർവ ഏഷ്യൻ പ്രദേശങ്ങളിലും ഗയാന, ട്രിനിഡാഡ് തുടങ്ങിയ കരീബിയൻ ദ്വീപുകളിലും യൂറോപ്യൻമാർ റബ്ബറും തേയിലയും കാപ്പിയും മറ്റു വാണിജ്യ വിളകളും ഉല്പാദിപ്പിക്കുന്ന കൂറ്റൻ തോട്ടങ്ങൾ അക്കാലത്തു ആരംഭിച്ചുന്നു. അവിടെ പണിയെടുക്കാൻ ആഫ്രിക്കയിൽ നിന്നും ആയിരക്കണക്കിന് ആളുകളെ അടിമകളാക്കി പിടിച്ചു കൊണ്ടുവന്നു. എന്നാൽ ഇന്ത്യയിൽ നിന്നും കരാർ തൊഴിലാളികൾ എന്ന പേരിലാണ് ഇങ്ങനെ ആളുകളെ കൊണ്ടുപോയത്. അതിനു കാരണം 1840കളിൽ തന്നെ തങ്ങളുടെ ഏഷ്യൻ കോളനികളിൽ ബ്രിട്ടൻ അടിമത്തം നിരോധിച്ചിരുന്നു എന്നതാണ്. പടിഞ്ഞാറുള്ള അമേരിക്കയിൽ പക്ഷേ അടിമത്തം പിന്നെയും ഒരു നൂറ്റാണ്ടിലധികം കാലം നിലനിന്നു.
അടിമകളായാലും കരാർ തൊഴിലാളികളായാലും അവരുടെ ജീവിതം നരകതുല്യമായിരുന്നു. ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾ ഗിരിമിത്യാസ് എന്ന പേരിലാണ് പൊതുവിൽ അറിയപ്പെട്ടിരുന്നത്. ഗിർമിത് എന്ന വാക്കിനു കരാർ എന്നാണർത്ഥം. സ്വന്തം നാട് വീണ്ടും ഒരിക്കലും കാണുകയില്ല എന്നറിഞ്ഞു കൊണ്ടുതന്നെയാണ് അവരിൽ പലരും കപ്പൽ കേറിയത്. പക്ഷേ അവർ പിടിച്ചുനിന്നു. കാലാന്തരത്തിൽ ജീവിതം പൂക്കുകയും തളിർക്കുകയും ചെയ്തു. ലോകത്തിന്റെ ഏതൊക്കെയോ ഭാഗങ്ങളിൽ ഒറ്റപ്പെട്ടു പോയ ഈ മനുഷ്യർ തങ്ങളുടെ ജീവിതം പുതിയ നാടുകളിൽ വീണ്ടും കെട്ടിപ്പടുത്തു.
അവരിൽ പലരും ധനം സമ്പാദിച്ചു. അവരുടെ കുട്ടികൾ ഉയർന്ന വിദ്യാഭ്യാസം നേടി. തങ്ങളുടെ പുതിയ നാടുകളിൽ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക രംഗങ്ങളിൽ അവരിൽ പലരും മികച്ച ഉയരങ്ങൾ കണ്ടെത്തി. പൂർവകാല ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഓർമ്മകൾ അവർ നിലനിർത്തി. ശ്രീലങ്ക മുതൽ ജപ്പാൻ വരെയും സൈബീരിയ മുതൽ കരീബിയൻ ദ്വീപുകൾ വരെയും ഇങ്ങനെ സവിശേഷമായ സാംസ്‌കാരിക സ്വത്വമുള്ള ഒരു ഇന്ത്യൻ സമൂഹം ഉയർന്നുവന്നു. അവരിൽ വലിയ എഴുത്തുകാരും നേതാക്കളും പണ്ഡിതന്മാരും ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ദ്ധരും ഉണ്ടായി. അവരിൽ പലരും സമ്പന്നമായ വൻസാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തു.
ഇന്ത്യൻ പ്രവാസികളുടെ ഈ ദീർഘചരിത്രം ലോകത്തെ പ്രവാസി സമൂഹത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു അധ്യായമാണ്. എന്നാൽ അവരുടെ ചരിത്രം ഇനിയും വേണ്ടവിധം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ട്രിനിഡാഡിൽ ജനിച്ച ഇന്ത്യൻ വംശജനായ എഴുത്തുകാരൻ വി.എസ്. നയ്പാൽ അടക്കമുള്ള പലരും അതേക്കുറിച്ചു എഴുതിയിട്ടുണ്ട്. എന്നാൽ ആദ്യകാല ഇന്ത്യൻ പ്രവാസത്തിന്റെ ഒരു വസ്തുനിഷ്ഠ ചരിത്രം ഇനിയും രേഖപ്പെടുത്തേണ്ടതായിട്ടാണ് ഇരിക്കുന്നത്. കഴിഞ്ഞ ദിവസം ഒഡീസയിൽ സമാപിച്ച ഭാരതീയ പ്രവാസി സംഗമം ഉത്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഊന്നിപ്പറഞ്ഞത് ഇക്കാര്യമാണ്.
കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിൽ വികസ്വരമായ ഇന്ത്യൻ പ്രവാസം പ്രവാസികളെ മാത്രമല്ല അവരുടെ മാതൃരാജ്യത്തെയും വലിയ തോതിൽ മാറ്റിയിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തികവും സാംസ്‌കാരികവുമായ പുരോഗതിയ്ക്കും ആഗോള രംഗത്തെ അതിന്റെ ഇന്നത്തെ വമ്പിച്ച സ്വാധീനത്തിനും ഒരു പ്രധാന കാരണം വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസി സമൂഹമാണ്. ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും വളരെ സജീവവും സമ്പന്നവും ചലനാത്മകവുമായ ഒരു ഇന്ത്യൻ പ്രവാസി സമൂഹം നിലനിൽക്കുന്നുണ്ട്. അവർ തങ്ങളുടെ ജന്മനാടിനെ സേവിക്കുക മാത്രമല്ല, പൂർവ്വപിതാക്കൾ വന്ന വിദൂരസ്ഥമായ ഇന്ത്യയെ ഓർക്കുന്നുമുണ്ട്. പലരും ഇന്ത്യയിൽ വമ്പിച്ച വ്യവസായവിദ്യാഭാസ്യ സാമൂഹികക്ഷേമ സംവിധാനങ്ങളും സ്ഥാപനങ്ങളും കെട്ടിപ്പടുത്തിട്ടുണ്ട്.
ആധുനികലോകത്തിന്റെ ചലനാത്മകയുടെ മുഖ്യ പ്രഭവ കേന്ദ്രമാണ് പ്രവാസം. ആളുകൾ നിരന്തരം യാത്ര ചെയ്യുകയും പുതിയ അനുഭവലോകങ്ങൾ കൈയ്യെത്തിപ്പിടിക്കുകയും ചെയ്യുന്നു. സമീപകാലത്തു ഇന്ത്യയിലേക്ക് പലരും തിരിച്ചുവരുന്നുമുണ്ട്. പ്രവാസി ഇന്ത്യൻ സമൂഹം ഇന്ത്യൻ സമൂഹത്തിലും രാഷ്ട്രീയത്തിലും ഇന്ന് നിർണായക ശക്തിയാണ്. ലോകത്തെ മറ്റു രാജ്യങ്ങളിലും ഈ പ്രവാസി സമൂഹത്തിന്റെ ശക്തിയും സ്വാധീനവും വളരെ പ്രകടമാണ്. അമേരിക്കയിൽ ചൈനീസ് വംശജരെപ്പോലെ തന്നെ ശക്തരായ ഒരു വിഭാഗമായി ഇന്ത്യൻ സമൂഹവും ഉയർന്നുവന്നിരിക്കുന്നു. സമീപകാലത്തു അവരിൽ പലരും അവിടെ വ്യത്യസ്ത മേഖലകളിൽ സമുന്നത പദവികൾ വഹിക്കുന്നു.
വൈസ് പ്രസിഡന്റ് കമലാ ഹാരിസും പുതിയ ട്രംപ് ഭരണകൂടത്തിൽ പ്രവർത്തിക്കുന്ന വിവേക് രാമസ്വാമി അടക്കമുള്ള നിരവധി പ്രമുഖരും അക്കൂട്ടത്തിൽ ഉൾപ്പെടുന്നു. കാനഡയിൽ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നവരിൽ ഒരാൾ ഇന്ത്യൻ വംശജനായ ചന്ദ്ര ആര്യയാണ്. ബ്രിട്ടനിൽ കൺസർവേറ്റിവ് പാർട്ടിയുടെ അവസാനത്തെ പ്രധാനമന്ത്രിയായി വന്നത് ഇന്ത്യയിൽ നിന്നും ആഫ്രിക്ക വഴി ഇംഗ്ലണ്ടിൽ എത്തിയ കുടുംബത്തിൽ പിറന്ന ഋഷി സുനാക് ആയിരുന്നു.
സാമ്പത്തികസങ്കേതിക രംഗങ്ങളിലും എഴുത്ത് അടക്കമുള്ള ക്രിയാത്മക മേഖലകളിലും ശാസ്ത്ര രംഗത്തും ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സംഭാവനകൾ മികച്ചതാണ്. ലോകത്തെ ഏറ്റവും മികച്ച വിവരവിജ്ഞാന കമ്പനികളിൽ മുന്നിൽ നിൽക്കുന്ന മൈക്രേസോഫ്റ്റ്, ഗൂഗിൾ എന്നിവയെ നിയന്ത്രിക്കുന്നത് ഇന്ത്യൻ വംശജരാണ്. സൽമാൻ റുഷ്ദിയെപ്പോലുള്ള എഴുത്തുകാർ ഇന്ത്യൻ അനുഭവങ്ങൾ തന്നെയാണ് തങ്ങളുടെ ആഗോള അനുവാചകരുടെ മുന്നിൽ വെക്കുന്നത്.
അത്തരത്തിൽ ലോകരംഗത്തു ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകൾ ഇന്ന് വിവരണാതീതമായ വിധം അത്യന്തം വിപുലമാണ്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഇന്ത്യൻ സർക്കാരും സമൂഹവും പ്രവാസി ഭാരതീയ ദിനം ജനവരിയിൽ കൊണ്ടാടുന്നത്. ഓർമ പുതുക്കലിന്റെയും കൂടിച്ചേരലിന്റെയും മഹനീയമായ അനുഭൂതികൾ നൽകുന്ന ഒരു അസുലഭ അവസരം തന്നെയാണത്. കഴിഞ്ഞ വർഷങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇന്ത്യൻ പ്രവാസികളെ ആദരിക്കുന്ന ചടങ്ങുകൾ നടക്കുകയുണ്ടായി. വൈകിയാണെങ്കിലും പ്രവാസി ഇന്ത്യൻ സമൂഹം അവരുടെ മാതൃരാജ്യത്തു ആദരിക്കപ്പെടുന്നു എന്നത് സന്തോഷം നൽകുന്ന കാര്യം തന്നെയാണ്.
എൻ.പി. ചെക്കുട്ടി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്