ജയ്‌സാല്‍മര്‍: മോഷണം ഭയന്നും കുടുംബാംഗങ്ങള്‍ ചെലവഴിക്കാതിരിക്കാനുമായി പാടത്ത് കുഴിച്ചിട്ട അഞ്ച് ലക്ഷം രൂപ ചിതലുകള്‍ തിന്നു തീര്‍ത്ത നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ പച്പദ്ര സ്വദേശിയായ മാംഗിലാല്‍ മേഘ്വാള്‍ എന്ന കര്‍ഷകനാണ് ഒരു വര്‍ഷം മുമ്പ് സ്ഥലം വിറ്റ വകയില്‍ ലഭിച്ച തുക ഇത്തരത്തില്‍ നഷ്ടമായത്. കൃഷിയിടത്തില്‍ ഒരു മുറി പണിയാന്‍ കരുതിവെച്ചിരുന്ന തുക രാത്രിയുടെ മറവില്‍ പോളിത്തീന്‍ ബാഗിലാക്കി പാടത്ത് കുഴിച്ചിടുകയായിരുന്നു. എന്നാല്‍ മദ്യപാന ശീലവും ഓര്‍മക്കുറവും മൂലം പണം കുഴിച്ചിട്ട സ്ഥലം മാംഗിലാലിന് പിന്നീട് പൂര്‍ണമായി മറന്നുപോയി.
മുറി പണിയുന്നതിനായി പണം ആവശ്യമായി വന്നതോടെ ദിവസങ്ങളോളം പാടത്ത് തിരച്ചില്‍ നടത്തിയെങ്കിലും തുക കണ്ടെത്താനായില്ല. തുടര്‍ന്ന് ഭാര്യയോടും മക്കളോടും വിവരം പറയുകയും എല്ലാവരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയും ചെയ്‌തെങ്കിലും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു. കുടുംബം ഈ വിവരം പുറത്ത് ആരെയും അറിയിച്ചിരുന്നില്ല.
ഒരു വര്‍ഷത്തിന് ശേഷം മഴ പെയ്തതിനെ തുടര്‍ന്ന് കൃഷിയിടം ഉഴുതുമറിക്കുന്നതിനിടെയാണ് കുഴിച്ചിട്ട ബാഗ് പുറത്തെത്തിയത്. പിറ്റേന്ന് രാവിലെ വേലി നന്നാക്കാനെത്തിയ ഭാര്യയും മകനുമാണ് കീറിപ്പറിഞ്ഞ ബാഗ് കണ്ടത്. അത് തുറന്ന് പരിശോധിച്ചപ്പോഴാണ് 500 രൂപ നോട്ടുകള്‍ ചിതലുകള്‍ തിന്ന് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
കേടുവന്ന നോട്ടുകളുടെ അവശിഷ്ടങ്ങളുമായി കുടുംബം പച്പദ്രയിലെയും ബലോത്രയിലെയും ബാങ്ക് ശാഖകളെ സമീപിച്ചെങ്കിലും നോട്ടുകളുടെ ദയനീയ അവസ്ഥ കാരണം അധികൃതര്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ല. ജയ്പൂരിലെ റിസര്‍വ് ബാങ്ക് ശാഖയെ സമീപിക്കാന്‍ ബാങ്ക് അധികൃതര്‍ നിര്‍ദേശിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും നിരക്ഷരതയും മൂലം മാംഗിലാലിന് അങ്ങോട്ട് യാത്ര ചെയ്യാന്‍ സാധിച്ചില്ല. കഷ്ടപ്പെട്ട് സമ്പാദിച്ച മുഴുവന്‍ തുകയും നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ഈ നിര്‍ധന കുടുംബം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
