പോലീസ് സേനയിൽ വനിതാ പങ്കാളിത്തം 30 ശതമാനമാക്കും: മന്ത്രി രമേശ് ചെന്നിത്തല

NOVEMBER 26, 2026, 5:54 AM

തിരുവനന്തപുരം: പോലീസ് സേനാ റിക്രൂട്ട്‌മെന്റിൽ ഒൻപത് പുരുഷന്മാരെ തിരഞ്ഞെടുക്കുമ്പോൾ ഒരു സ്ത്രീ എന്ന നിലവിലുള്ള 9:1 അനുപാതം മാറ്റി, 7:3 അനുപാതത്തിലൂടെ 30 ശതമാനം സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൃപ്പൂണിത്തുറ കേരള ആംഡ് പോലീസ്  ഒന്നാം ബറ്റാലിയൻ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ 64 എസ്.എച്ച്.ഒമാർ സ്ത്രീകളാണ്. കാര്യക്ഷമമായി പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് സാധിക്കുന്നുണ്ടെന്നും, ലിംഗസമത്വമുള്ള ഈ കാലഘട്ടത്തിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. 

ക്രമസമാധാന പാലനം, കുറ്റകൃത്യങ്ങൾ തെളിയിക്കൽ തുടങ്ങിയവയിൽ സാങ്കേതിക വൈദഗ്ധ്യത്തോടെ കൃത്യനിർവഹണം നടത്തുന്നതിൽ കേരള പോലീസ് രാജ്യത്തിന് തന്നെ മാതൃകയാണ്. 'മൈ പോലീസ് സ്റ്റേഷൻ' എന്ന ലക്ഷ്യത്തിലേക്കാണ് കേരള പോലീസ് സഞ്ചരിക്കുന്നത്. സ്റ്റേഷനുകളിൽ കിടന്നിരുന്ന പഴയ വാഹനങ്ങളെല്ലാം മാറ്റി പുതിയ മുഖച്ഛായയിൽ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിച്ചും, നിയമം അനുശാസിക്കുന്ന എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് സാധ്യമാക്കിയും മുന്നോട്ട് പോകുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 

vachakam
vachakam
vachakam

ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് 'ഓപ്പറേഷൻ തൂഫാൻ'. നമ്മുടെ യുവതലമുറയെ മയക്കുമരുന്നിന് അടിമകളാക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിയെ പൂർണമായും നിയന്ത്രിക്കാനും നേരിടാനും കേരള പോലീസ് സജീവമായി രംഗത്തുണ്ട്. ഇതിനോടകം 16,000-ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്യുകയും 13,000-ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

കേരളത്തിന്റെ മണ്ണിൽ നിന്ന് ലഹരി പൂർണമായും തുടച്ചുനീക്കുന്നതുവരെ 'ഓപ്പറേഷൻ തൂഫാൻ' വിട്ടുവീഴ്ചയില്ലാതെ ശക്തമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.   ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കഠിനപ്രയത്നത്തിലാണ് തൃപ്പൂണിത്തുറയിൽ കെ.എ.പി ഒന്നാം ബറ്റാലിയൻ മന്ദിരം യാഥാർഥ്യമായതെന്നും, ആസ്ഥാനത്തെ ആധുനിക സൗകര്യങ്ങളോടുകൂടിയ വികസനത്തിനായി 27 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.   

മുഖ്യാതിഥിയായി ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് 'ഓപ്പറേഷൻ തൂഫാൻ 2.0' പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഫ്രാൻസിസ് ജോർജ് എം.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ദീപക് ജോയ് എം.എൽ.എ, തൃപ്പൂണിത്തുറ നഗരസഭ കൗൺസിലർ ജിൻസി റോയ്, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ, ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി ബൽറാം കുമാർ ഉപാധ്യായ, സിറ്റി പോലീസ് കമ്മിഷണർ ഐ.ജി ആർ. നിശാന്തിനി, ഡി.ഐ.ജി ജെ. ഹിമേന്ദ്രനാഥ്, ആംഡ് പോലീസ് ബറ്റാലിയൻ ആസ്ഥാനത്തെ  കമാൻഡന്റ് കെ.ഇ. ബൈജു, കെ.എ.പി ഒന്നാം ബറ്റാലിയൻ കമാൻഡന്റ് ജാക്സൺ പീറ്റർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam