തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ആഗോള ഷിപ്പിംഗ് കമ്പനിയായ എംഎസ്‌സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സമീപനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ട്.
രണ്ട് ദിവസം മുൻപ് ഹൈക്കമാൻഡ് പ്രതിനിധി മുഖ്യമന്ത്രിയെ നേരിൽകണ്ട് പാർട്ടിയുടെ നിലപാട് അറിയിച്ചെന്നാണ് വിവരം. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദേശീയതലത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടിൽ നിന്ന് കേരള സർക്കാർ വ്യതിചലിക്കരുതെന്നും ഹൈക്കമാൻഡ് നിർദേശിച്ചതായാണ് സൂചന.
അദാനി ഗ്രൂപ്പിന് കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുവെന്നും രാജ്യത്തെ പ്രധാന സാമ്പത്തിക മേഖലകളിൽ കുത്തകാധിപത്യം സ്ഥാപിക്കുകയാണെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടർച്ചയായി ആരോപിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡിന്റെ ഇടപെടൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിലെ സുരക്ഷാ വ്യവസ്ഥകളിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും, അദാനി ഗ്രൂപ്പിന്റെ സമ്മർദങ്ങൾക്ക് സർക്കാർ വഴങ്ങരുതെന്നും കേന്ദ്രനേതൃത്വം നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഹൈക്കമാൻഡിന്റെ ഇടപെടലിന് പിന്നാലെയാണ് വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രി പിന്നീട് കൂടുതൽ കടുത്ത നിലപാട് സ്വീകരിച്ചതെന്ന് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ അവകാശപ്പെടുന്നു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണവും എംഎസ്‌സിയെക്കുറിച്ചുള്ള പരാമർശങ്ങളും വിഷയത്തിന്റെ ഗൗരവത്തിന് അനുസൃതമായിരുന്നില്ലെന്നാണ് അവരുടെ വിമർശനം.
അതേസമയം, ഈ ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങൾ തള്ളി. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ പ്രചാരണത്തിന്റെ ഭാഗമാണ് ഇത്തരം വാർത്തകളെന്നും അവർ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
