തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുടെ ഭാഗമായി കേരളം കേന്ദ്ര ഫണ്ട് സ്വീകരിച്ചെന്ന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ പ്രസ്താവന തള്ളി മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കേരളം ഇതുവരെ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും അതിനാൽ ഒരു രൂപ പോലും ഫണ്ട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രി നടത്തിയ പരാമർശം വസ്തുതാവിരുദ്ധമാണെന്നും ശിവൻകുട്ടി ആരോപിച്ചു. പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിന് വിവിധ ഘട്ടങ്ങളുണ്ടെന്നും, അവ പൂർത്തിയാക്കി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ പട്ടിക കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് സമർപ്പിച്ചതിന് ശേഷമാണ് ഫണ്ട് അനുവദിക്കുന്ന നടപടികളിലേക്ക് കടക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
കേരളത്തിന്റെ കാര്യത്തിൽ പരമാവധി 265 സ്കൂളുകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുക്കാനാകുക. ഈ പട്ടിക കേന്ദ്രം അംഗീകരിച്ച ശേഷമേ പദ്ധതിക്കായുള്ള പ്ലാൻ പ്രൊപ്പോസൽ സമർപ്പിക്കാനും ഫണ്ട് ആവശ്യപ്പെടാനുമാകൂ. നിലവിൽ ആ ഘട്ടത്തിലേക്ക് പോലും കേരളം എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന് അർഹമായ കേന്ദ്ര വിദ്യാഭ്യാസ വിഹിതം ലഭിക്കാത്ത സാഹചര്യത്തിലാണ് പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ സംസ്ഥാനം നിർബന്ധിതമായതെന്നും ശിവൻകുട്ടി പറഞ്ഞു. ധാരണാപത്രത്തിൽ ഒപ്പിട്ടാൽ മാത്രമേ സമഗ്ര ശിക്ഷ കേരളയ്ക്ക് (എസ്.എസ്.കെ) ഫണ്ട് അനുവദിക്കൂ എന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ പിന്നീട് ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശങ്ങൾ സംസ്ഥാനത്ത് നടപ്പാക്കാനുള്ള സമ്മർദം പദ്ധതിയിലൂടെ ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ധാരണാപത്രം മരവിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചുവെന്നും ശിവൻകുട്ടി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
