കൊച്ചി : കൊച്ചിയിലെെത്തിയ യുഎസ് പൗരനെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കി മർദിച്ച് പണവും സ്വർണമോതിരവും അടക്കം 3.10 ലക്ഷം രൂപയുടെ മുതലുകൾ മോഷ്ടിച്ചു. സംഭവത്തിൽ 2 പേർ അറസ്റ്റിലായി.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുളന്തുരുത്തി സ്വദേശി ആദർശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്. യുഎസ് പൗരനും ന്യൂയോർക്കിൽ ഐടി പ്രഫഷനലുമായ ഒഡീഷ സ്വദേശി ഇൻഫോപാർക്കിൽ ഐടി കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വെള്ളിയാഴ്ചയാണ് കൊച്ചിയിൽ എത്തിയത്.
ശനിയാഴ്ച മദ്യം വാങ്ങാൻ ഇറങ്ങിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് ഡ്രൈ ഡേ ആയതിനാൽ മദ്യം ലഭിച്ചില്ല. ഈ സമയം മറൈൻ ഡ്രൈവ് പരിസരത്ത് ചുറ്റിത്തിരിയുകയായിരുന്ന ആദർശ് സഹായത്തിന് എത്തുകയായിരുന്നു.തുടർന്ന് അനധികൃത മദ്യം വാങ്ങി നൽകിയ ആദർശും മദ്യപിക്കാൻ യുഎസ് പൗരനൊപ്പം ഹോട്ടൽ മുറിയിലേക്ക് പോയി.
രാത്രി ഇരുവരും മദ്യപിച്ച് മുറിയിൽത്തന്നെ ഉറങ്ങി. മറൈൻ ഡ്രൈവിലെ ഷൺമുഖം റോഡിലുള്ള ഹോട്ടലിലെ 101ാം നമ്പർ മുറിയിലായിരുന്നു താമസം. ഞായറാഴ്ച രാവിലെ കോഴിക്കോട് പോകേണ്ടതിനാൽ യുഎസ് പൗരൻ ഉണർന്ന് ആദർശിനെയും വിളിച്ചുണർത്തി. ഇതിനു മുൻപു തന്നെ ആദർശ് സുഹൃത്തായ ആകാശിനെ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു എന്നാണ് സൂചന.
സംഭവത്തെക്കുറിച്ച് യു എസ് പൗരൻ പറഞ്ഞത് ഇങ്ങനെ
വാതിലിൽ മുട്ടുന്നതുകേട്ട് താൻ വാതിൽ തുറന്നപ്പോൾ പുറത്തുണ്ടായിരുന്ന ആൾ തന്നെ കയറിപ്പിടിച്ചെന്നും ഈ സമയം ആദർശ് പുറകിൽ നിന്നും പിടിച്ചെന്നുമാണ് യുഎസ് പൗരൻ പറയുന്നത്. തുടർന്ന് ഇരുവരും ചേർന്ന് ശുചിമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മർദിച്ചു. തങ്ങൾ പറയുന്നതനുസരിച്ചാൽ കൊല്ലില്ലെന്നും ഇല്ലെങ്കിൽ ജീവനെടുക്കുമെന്നും ഇരുവരും ഭീഷണിപ്പെടുത്തി. തുടർന്ന് യുഎസ് പൗരന്റെ അക്കൗണ്ടിലുണ്ടായിരുന്ന 75,000 രൂപ 3 അക്കൗണ്ടുകളിലേക്ക് അയപ്പിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. കൂടാതെ 500 യുഎസ് ഡോളറും സ്വർണമോതിരവും എടിഎം കാർഡും തട്ടിയെടുത്തു. മുറി പുറത്തു നിന്നു പൂട്ടി പുറത്തു പോയ ഇരുവരും ചേർന്ന് 10,000 രൂപ വീതം 4 തവണകളായി 40,000 രൂപ കൂടി പിൻവലിച്ചു. ഇത്തരത്തിൽ ആകെ, 3,10,290 രൂപയുടെ മുതലാണ് കവർച്ച ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു.
ഹോട്ടൽ ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സെൻട്രൽ പൊലീസിന്റെ പരിശോധനയിൽ ഗുണ്ടാ ലിസ്റ്റിൽപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന് ആദർശ് മരടിലുള്ള ലോഡ്ജിലുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് അവിടെ എത്തിയെങ്കിലും കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ഇയാൾ രക്ഷപെട്ടു. ഒരു കിലോമീറ്ററോളം ഇയാളെ പിന്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
