തൃശ്ശൂർ: ലാന മുൻ പ്രസിഡന്റും സാഹിത്യകാരനുമായ ഷാജൻ ആനിത്തോട്ടത്തിന്റെ പ്രഥമ നോവൽ 'പകർന്നാട്ട'ത്തിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങി. ഒന്നും രണ്ടും പതിപ്പുകൾക്ക് വായനക്കാർ നൽകിയ മികച്ച പ്രതികരണത്തെ തുടർന്നാണ് കെട്ടിലും മട്ടിലും പുതുമയോടെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കറന്റ് ബുക്‌സ് തൃശ്ശൂർ ആണ് പ്രസാധകർ.
ഹൈറേഞ്ചിലെ കമ്പിളികണ്ടം എന്ന കുഗ്രാമത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഒരു നഴ്‌സാണ് കഥയിലെ നായിക. തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലുമായി നടന്ന വിദ്യാഭ്യാസ കാലയളവിലും തുടർന്നങ്ങോട്ട് ഇന്ത്യയിലും അമേരിക്കയിലും ഏർപ്പെട്ട തൊഴിൽ ജീവിതത്തിലും അവർ നേരിട്ട വെല്ലുവിളികളുടെയും വൈകാരിക മുഹൂർത്തങ്ങളുടെയും ഹൃദ്യമായ ആവിഷ്‌കാരമാണീ നോവൽ. ആദ്യകാല കുടിയേറ്റ നഴ്‌സുമാർ അഭിമുഖീകരിച്ചിരുന്ന കനത്ത ജീവിത, തൊഴിൽ പ്രതിസന്ധികളെ സത്യസന്ധമായി ഇതിൽ വർണ്ണിച്ചിരിക്കുന്നു.
ഇന്ത്യയിലെ അടിയന്തരാവസ്ഥ മുതൽ അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പുകളുൾപ്പെടെ 1968 മുതൽ 2018 വരെയുള്ള അര നൂറ്റാണ്ട് കാലയളവിൽ ഇരു രാജ്യങ്ങളിലും നടന്ന രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളും കഥാവിവരണത്തിനിടെ കടന്നുപോകുന്നുണ്ട്; ഒപ്പം വടക്കേ മലബാറിലെ ഉൾനാടൻ ഗ്രാമങ്ങളും മയ്യഴിപ്പുഴയും ലദീഞ്ഞത്തുമ്പികളും വെള്ളിയാങ്കല്ലിൽ വിശ്രമിക്കുന്ന പരേതാത്മാക്കളും!
പ്രശസ്ത എഴുത്തുകാരായ സി. രാധാകൃഷ്ണൻ, സക്കറിയ, പെരുമ്പടവം ശ്രീധരൻ എന്നിവരുടെ ആസ്വാദനക്കുറിപ്പുകളും ആർ. ഗോപാലകൃഷ്ണന്റെ അവതാരികയും പുസ്തകത്തിന്റെ പ്രൗഡി വർദ്ധിപ്പിച്ചിരിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്ററും പ്രമുഖ നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രനാണ്, അക്കാദമി അവാർഡ് ജേതാവും എഴുത്തുകാരനുമായ യു.കെ. കുമാരന് ആദ്യപ്രതി നൽകി 'പകർന്നാട്ടം' പ്രകാശിപ്പിച്ചത്. പ്രസിദ്ധീകരിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ നോവലിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങിയിരുന്നു.
ഹിച്ച്‌ഹൈക്കർ (ചെറുകഥാ സമാഹാരം), പൊലിക്കറ്റ (കവിതാസമാഹാരം), ഒറ്റപ്പയറ്റ് (ലേഖന സമാഹാരം), ഹിമ (കഥാസമാഹാരം) എന്നിവയാണ് ഷാജൻ ആനിത്തോട്ടത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട മറ്റ് കൃതികൾ. കറന്റ് ബുക്‌സ് ശാഖകളിൽ നിന്നോ ആമസോൺ (ഇന്ത്യ), കറന്റ് ബുക്‌സ് ഓൺലൈൻ എന്നിവിടങ്ങളിൽ നിന്നോ 'പകർന്നാട്ടം' ലഭ്യമാണ്.
പേജുകൾ 468. വില: അഞ്ഞൂറ് രൂപ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
