കൊച്ചി: മഞ്ഞപ്രയ്ക്ക് സമീപം മദ്ധ്യവയസ്‌കൻ വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നിൽ പഴയ വൈരാഗ്യമാണെന്ന് പൊലീസ് കണ്ടെത്തൽ. വടക്കുംഭാഗം സ്വദേശിയും കെഎസ്ആർടിസി ഡ്രൈവറുമായ കിലുക്കൻ ജോസ് (55) ആണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് അയൽവാസിയും മുൻ സൈനികനുമായ പോളി പൊലീസ് കസ്റ്റഡിയിൽ എത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ നടന്ന സംഭവത്തിൽ, ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ജോസ് സമീപത്തെ കുളിക്കടവിൽ കുളിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഈ സമയത്ത് എത്തിയ പോളി വെടിയുതിർക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ജോസ് സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടർന്ന് പോളി സമീപത്തെ അയ്യമ്പുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പൊലീസ് നടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
അന്വേഷണത്തിൽ, വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് കണ്ടെത്തി. എട്ട് വർഷം മുൻപ് പോളിയുടെ പിതാവ് കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയായി കിലുക്കൻ ജോസിനെതിരെ കേസുണ്ടായിരുന്നു. എന്നാൽ തെളിവുകളുടെ അഭാവം മൂലം കോടതി പിന്നീട് അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു. ഈ സംഭവത്തോടെയാണ് പോളിക്ക് വിരോധം വളർന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവത്തിന് മുമ്പ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. സൈന്യത്തിൽ നിന്ന് വിരമിച്ച പോളി ഇപ്പോൾ ഒരു ബാങ്കിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. ജോലിക്കായി ലൈസൻസുള്ള തോക്ക് കൈവശം വെച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
