പൊന്നാനിപ്പള്ളിയിലെ വിളക്കത്തിരുന്ന് മർകസ് വിദ്യാർത്ഥികൾ
കോഴിക്കോട്: പൊന്നാനി കേന്ദ്രമാക്കി മഖ്ദൂമുമാർ നടത്തിയ വൈജ്ഞാനികസാമൂഹിക ഇടപെടലും നവോത്ഥാന മുന്നേറ്റങ്ങളും പുതിയ തലമുറക്കും മതവിദ്യാർത്ഥികൾക്കും വലിയ മാതൃകയാണെന്ന് ജാമിഅ മർകസു സ്സഖാഫതി സ്സുന്നിയ്യ ചാൻസിലർ സി മുഹമ്മദ് ഫൈസി. ജാമിഅയിൽ നിന്ന് ഈ വർഷം പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികളുടെ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ വിളക്കത്തിരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേ സമയം വൈജ്ഞാനിക പ്രസരണത്തിലും ഗ്രന്ഥ രചനയിലും അക്കാലത്തെ നാടിന്റെ പൊതു പ്രശ്‌നമായ വൈദേശികർക്കെതിരെയുള്ള പോരാട്ടത്തിലും മഖ്ദൂമുമാർ ഭാഗമായി. ഇത് ഉലമാ ആക്ടിവിസത്തിന്റെ വലിയ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.
കർമരംഗത്തേക്കിറങ്ങുന്ന അഞ്ഞൂറോളം വിദ്യാർത്ഥികളും മുദരിസുമാരും ചടങ്ങിൽ സംബന്ധിച്ചു. അഞ്ചുനൂറ്റാണ്ട് കാലത്തെ ആത്മീയ വിജ്ഞാന പ്രസരണത്തിന്റെ പ്രഭവ കേന്ദ്രമാണ് പൊന്നാനി വലിയ പള്ളി. മഹത്തുക്കളായ നിരവധി പണ്ഡിതർ വിളക്കത്തിരുന്ന് പഠിച്ചതിന്റെ ഓർമ പുതുക്കാനായി എല്ലാ വർഷവും മർകസ് വിദ്യാർത്ഥികൾ വലിയ പള്ളിയിൽ എത്താറുണ്ട്. കർമ രംഗത്തേക്കിറങ്ങുന്നതിന് മുന്നോടിയായി മതപണ്ഡിതർ പഴയകാല വിജ്ഞാന കേന്ദ്രങ്ങളും മഹത്തുക്കളുടെ അന്ത്യവിശ്രമ സ്ഥാനങ്ങളും സന്ദർശിക്കുന്നതും പൗരാണിക ജ്ഞാന സമ്പാദന രീതി അനുധാവനം ചെയ്യുന്നതും പതിവാണ്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും ജാമിഅ മർകസ് പ്രൊചാൻസിലറുമായ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. പൊന്നാനി മഖ്ദൂം സയ്യിദ് എംപി മുത്തുക്കോയ തങ്ങൾ, സയ്യിദ് ഹബീബ് തുറാബ് തങ്ങൾ, സംസ്ഥാന ഹജ്ജ് കമ്മറ്റി മുൻ അംഗം കെ.എം. മുഹമ്മദ് കാസിം കോയ, അബ്ദുല്ല ബാഖവി ഇയ്യാട്, വലിയ ജുമുഅത്ത് പള്ളി സെക്രട്ടറി അശ്‌റഫ് ഹാജി, ടി.വി. അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, സയ്യിദ് ആമീൻ തങ്ങൾ മിഹ്‌ളാർ, മർകസ് മുദരിസുമാരായ സത്താർ കാമിൽ സഖാഫി മൂന്നിയൂർ, ഉമറലി സഖാഫി എടപ്പുലം, സൈനുദ്ദീൻ അഹ്‌സനി മലയമ്മ, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, അബ്ദുൽ കരീം ഫൈസി വാവൂർ, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, അസ്‌ലം നൂറാനി, റിയാസ് സഖാഫി ചൊക്ലി, പൊന്നാനി വലിയ പള്ളി മുദരിസുമാരായ അബ്ദുൽ സ്വമദ് അഹ്‌സനി വെളിമുക്ക്, ഉമർ ശാമിൽ ഇർഫാനി ചെലേമ്പ്ര, ഉവൈസ് അദനി വിളയൂർ, സയ്യിദ് ഫള്ൽ തുറാബ് തങ്ങൾ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു. വിളക്കത്തിരിക്കൽ ചടങ്ങിനെത്തിയ വിദ്യാർത്ഥികൾക്ക് വലിയ പള്ളി കമ്മറ്റി സ്‌നേഹ സ്വീകരണം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
