തൃശ്ശൂര്‍: സ്വര്‍ണപ്പണയ വായ്പാ രംഗത്ത് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യോഗ ക്ഷേമം ലോണ്‍സ് ലിമിറ്റഡിനെ (യോഗ് ലോണ്‍സ്) ടാറ്റാ ഗ്രൂപ്പിന്റെ സാമ്പത്തിക സേവന വിഭാഗമായ ടാറ്റാ കാപ്പിറ്റല്‍ ഏറ്റെടുക്കുന്നു. 318 കോടി രൂപ മൂല്യം കണക്കാക്കുന്ന ഈ വന്‍ ഇടപാടിലൂടെ കമ്പനിയുടെ 88.6 ശതമാനം ഓഹരികളാണ് ടാറ്റ സ്വന്തമാക്കുന്നത്. മൊത്തം തുകയില്‍ 93 കോടി രൂപ യോഗ് ലോണ്‍സിന്റെ വരുംകാല ബിസിനസ് വികസനത്തിനായി നേരിട്ട് നിക്ഷേപിക്കുമ്പോള്‍, ബാക്കി തുക നിലവിലെ ഓഹരി ഉടമകള്‍ക്ക് ലഭിക്കും.
ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ യോഗ് ലോണ്‍സ്, ടാറ്റാ കാപ്പിറ്റലിന്റെ പൂര്‍ണ അനുബന്ധ സ്ഥാപനമായി പ്രവര്‍ത്തനം തുടരും. 1991 ല്‍ തൃശ്ശൂരിലെ അന്തിക്കാട് 'യോഗക്ഷേമം കുറീസ് ആന്‍ഡ് ലോണ്‍സ്' എന്ന പേരില്‍ കുറിയോടു കൂടി ആരംഭിച്ച ഈ സ്ഥാപനം ചുരുങ്ങിയ കാലം കൊണ്ടാണ് വലിയ വളര്‍ച്ച കൈവരിച്ചത്. 2015 ല്‍ പ്രവാസി വ്യവസായി രാമചന്ദ്രന്‍ ഒറ്റപ്പത്തും മണപ്പുറം ഫിനാന്‍സിന്റെ മുന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഐ. ഉണ്ണികൃഷ്ണനും മാനേജ്മെന്റ് തലത്തിലേക്ക് എത്തിയതോടെ കമ്പനിയുടെ ബിസിനസ് ശൈലി മാറി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രതിവര്‍ഷം ശരാശരി 25 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്ന കമ്പനിക്ക് നിലവില്‍ കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 162 ശാഖകളും 32,000 സജീവ ഇടപാടുകാരുമുണ്ട്. 708 കോടി രൂപയുടെ സാമ്പത്തിക ആസ്തി കൈകാര്യം ചെയ്യുന്ന സ്ഥാപനം ടാറ്റയുടെ കൈകളിലേക്ക് മാറുമ്പോഴും, നിലവിലെ മാനേജിങ് ഡയറക്ടര്‍ ഐ. ഉണ്ണികൃഷ്ണന്‍ തന്നെ നേതൃനിരയില്‍ തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
