ചെന്നൈ: ലഹരിക്കെതിരായ കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയിൽ തമിഴ്നാടും കൈകോർക്കുന്നു. ലഹരി മാഫിയക്കെതിരായ സംയുക്ത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ബോധവത്കരണ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനുമായി തമിഴ്നാട് സർക്കാർ കേരളവുമായി ധാരണയിലെത്തി.
ഇതിനായി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കേരളത്തിലെത്തും. കൊച്ചിയിൽ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയിൽ നടൻ മോഹൻലാലിനൊപ്പം അദ്ദേഹം പങ്കെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ഇതിനോടനുബന്ധിച്ച് രമേശ് ചെന്നിത്തല ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച നടത്തി. ഏകദേശം അരമണിക്കൂർ നീണ്ട ചർച്ചയിൽ ലഹരി കടത്ത് തടയുന്നതിനും അതിർത്തി മേഖലകളിലെ പരിശോധന ശക്തമാക്കുന്നതിനും ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായതായി അദ്ദേഹം പറഞ്ഞു.
കേരള-തമിഴ്നാട് അതിർത്തിയിൽ പരിശോധനകൾ കൂടുതൽ കർശനമാക്കും. ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ തടയുന്നതിനായി ഇരു സംസ്ഥാനങ്ങളുടെയും പൊലീസ് സംവിധാനങ്ങൾ വിവരങ്ങൾ കൈമാറിയും സംയുക്തമായി പ്രവർത്തിച്ചും മുന്നോട്ടുപോകുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാനിന്റെ ബ്രാൻഡ് അംബാസിഡറാണ് നടൻ മോഹൻലാൽ എന്ന വിവരവും കൂടിക്കാഴ്ചയിൽ വിജയിനെ അറിയിച്ചതായി ചെന്നിത്തല പറഞ്ഞു. മോഹൻലാലും വിജയും ഒന്നിച്ചഭിനയിച്ച 'ജില്ല' എന്ന സിനിമയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
കൊച്ചിയിൽ വിപുലമായ ബോധവത്കരണ പരിപാടി സംഘടിപ്പിക്കാനാണ് ആഭ്യന്തര വകുപ്പ് തയ്യാറെടുക്കുന്നത്. ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പങ്കെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് അറിയിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
