അടൂർ: മുൻ മന്ത്രി ജെ. ചിഞ്ചുറാണിയെ പരിഹസിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്ന് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് എതിരെ വിമർശനം ശക്തമാകുന്നു. സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു വിവാദ പരാമർശം.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിൽക്കുന്ന ജെ. ചിഞ്ചുറാണിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ശ്രീനാദേവി നടത്തിയ പോസ്റ്റാണ് ചർച്ചയായത്. “എല്ലാ സ്ത്രീകൾക്കും കയറാം, മൃഗങ്ങൾക്കും മനുഷ്യർക്കും ഉപകാരമില്ലാത്ത ചിലർക്കും കയറാം. സൗജന്യം മാത്രം സ്വീകരിക്കുന്ന അവർക്കും കയറാം” എന്നായിരുന്നു പോസ്റ്റിലെ പരാമർശം.
പോസ്റ്റ് വ്യാപക വിമർശനത്തിന് ഇടയാക്കിയതോടെ മറ്റൊരു കുറിപ്പുമായി ശ്രീനാദേവി രംഗത്തെത്തി. ചിഞ്ചുറാണി കൈകാര്യം ചെയ്തിരുന്ന വകുപ്പിൽ കോടികളുടെ അഴിമതി നടന്നുവെന്ന ആരോപണവും അവർ ഉന്നയിച്ചു. ഒരു മുൻ സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ പാർട്ടി അന്വേഷണ കമ്മീഷനുകൾ കണ്ടെത്തിയ ക്രമക്കേടുകളെ ചൂണ്ടിക്കാട്ടിയാണ് ശ്രീനാദേവിയുടെ പ്രതികരണം.
ക്ഷീരകർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൃത്രിമ രേഖകളുടെ സഹായത്തോടെ കുടുംബാംഗങ്ങളുടെ പേരിൽ തട്ടിയെടുത്തുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്നും അവർ അവകാശപ്പെട്ടു.
അച്ചടക്ക നടപടിക്ക് വിധേയനായ വ്യക്തിക്കൊപ്പം പിന്നീട് ചിലർ ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനെയും ശ്രീനാദേവി വിമർശിച്ചു. കെഎസ്ആർടിസിയിൽ യാത്ര ചെയ്യുകയോ സാധാരണ ജീവിതശൈലി പ്രകടിപ്പിക്കുകയോ ചെയ്യുന്നതുകൊണ്ട് മാത്രം ജനങ്ങളെ വിശ്വസിപ്പിക്കാനാകില്ലെന്നും, അത്തരം നടപടികൾ രാഷ്ട്രീയ ഗിമ്മിക്കുകളാണോയെന്ന ചോദ്യവും അവർ ഉയർത്തി.
അതേസമയം, ജെ. ചിഞ്ചുറാണിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് പോസ്റ്റിലുണ്ടായതെന്ന വിമർശനവുമായി നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ രാഷ്ട്രീയ ചർച്ചകളും തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
