തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മന്ത്രിസഭാ ഉപസമിതി വിശദമായി പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. വിഷയത്തിൽ യുഡിഎഫുമായുള്ള ചർച്ചകൾ ആവശ്യമാണെന്നും, നിശ്ചിത സമയപരിധിക്കുള്ളിൽ ഉപസമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്തിമ തീരുമാനം മുഖ്യമന്ത്രിയും സർക്കാരും ചേർന്നായിരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ കേന്ദ്രത്തിന് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയുന്ന തരത്തിലുള്ള കരാറിലാണ് ഒപ്പുവെച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി. എല്ലാ അധികാരവും കേന്ദ്രത്തിന് വിട്ടുനൽകുന്ന കരാറായിരുന്നു അതെന്നും, അതിൽ നിന്ന് പിൻവാങ്ങാനോ മാറ്റം വരുത്താനോ അവകാശം കേന്ദ്ര സർക്കാരിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അത്തരമൊരു കരാറിൽ ഒപ്പുവെച്ച ശേഷം ഇപ്പോൾ വിമർശനം ഉന്നയിച്ചിട്ട് കാര്യമില്ലെന്നും, നിലവിലെ സർക്കാർ കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയാണെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാർ പദ്ധതി റദ്ദാക്കിയിരുന്നില്ല, മറിച്ച് നടപ്പാക്കൽ നീട്ടിവെക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ നിലപാടുകൾ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഷംസുദ്ദീൻ വ്യക്തമാക്കി.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന വാർത്തകൾ കേവലം പ്രചാരണങ്ങൾ മാത്രമാണെന്നും മന്ത്രി പ്രതികരിച്ചു. പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താൻ യോഗ്യതയുള്ള നിരവധി പ്രവർത്തകർ പാർട്ടിയിലുണ്ടെങ്കിലും, പരിമിതമായ ഒഴിവുകൾ മാത്രമാണ് ഉള്ളതെന്നും, നിയമനങ്ങൾ പാർട്ടിയാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പുറത്തുവരുന്ന വാർത്തകൾ അതിശയോക്തിപരമായി അവതരിപ്പിക്കപ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് നോമിനേറ്റഡ് അംഗങ്ങളെ കുറിച്ച് ചില ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ കോടതിയുടെ നിർദേശത്തിനായി കാത്തിരിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
