കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ കടലാക്രമണം അതിരൂക്ഷമായി തുടരുന്നു. ശക്തമായ തിരമാലകളിൽ നിരവധി വീടുകൾ തകർന്നതോടെ തീരദേശ മേഖലകളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഉപ്പള ശാരദ നഗർ, കുമ്പള കോയിപ്പാടി, വലിയപറമ്പ്, ചെറങ്കൈ, കാവുഗോളി തുടങ്ങിയ പ്രദേശങ്ങളിലാണ് കടൽക്ഷോഭം ഏറ്റവും കൂടുതൽ ബാധിച്ചത്.
ചെറങ്കൈ–കാവുഗോളി മേഖലയിൽ നൂറിലധികം മീറ്റർ ദൂരത്തോളം കടൽ കരയിലേക്ക് കയറി റോഡ് പൂർണമായും തകർത്തു. ഇതോടെ 200-ലധികം കുടുംബങ്ങളുടെ യാത്രാസൗകര്യം നിലച്ചിരിക്കുകയാണ്. വലിയപറമ്പ് പഞ്ചായത്തിലെ തീരദേശ കുടുംബങ്ങളും കടുത്ത ഭീഷണിയിലാണ്. ഉപ്പള ശാരദ നഗറിൽ ഒരു വീട് പൂർണമായും തകർന്നതായും നിരവധി വീടുകൾ കടലെടുക്കുന്ന സാഹചര്യമാണെന്നും നാട്ടുകാർ പറയുന്നു.
70 കിലോമീറ്റർ നീളമുള്ള കാസർഗോഡ് തീരദേശത്ത് കടൽഭിത്തിയും പുലിമുട്ടും ഉൾപ്പെടെയുള്ള സംരക്ഷണ സംവിധാനങ്ങൾ നിലവിലുള്ളത് 20 കിലോമീറ്റർ ഭാഗത്ത് മാത്രമാണ്. സമഗ്രമായ തീരസംരക്ഷണ പദ്ധതി ഇല്ലാത്തതാണ് കടലാക്രമണത്തിന്റെ ആഘാതം വർധിപ്പിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
കടൽക്ഷോഭം രൂക്ഷമാകുന്ന സമയങ്ങളിൽ മാത്രം താൽക്കാലിക നടപടികൾ സ്വീകരിക്കുന്നതല്ലാതെ ശാശ്വത പരിഹാരത്തിനുള്ള പദ്ധതികൾ നടപ്പാക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. പല പ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന ടെട്രാപോഡുകളും പുലിമുട്ടുകളും ശക്തമായ തിരമാലയിൽ തകർന്നതോ ഒഴുകിപ്പോയതോ ആയിട്ടുണ്ട്.
ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള ഏകീകൃത തീരസംരക്ഷണ പദ്ധതിയിലൂടെ മാത്രമേ കാസർഗോഡ് തീരത്തെ കടലാക്രമണത്തിൽ നിന്ന് ദീർഘകാല സംരക്ഷണം ഉറപ്പാക്കാനാകൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
