ന്യൂയോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കേരളത്തിലെ മാധ്യമ പ്രവർത്തകർക്കായി നൽകാറുള്ള അഭിമാന പുരസ്‌കാരങ്ങളായ മാധ്യമശ്രീ, മാധ്യമരത്‌ന എന്നീ അവാർഡുകൾക്കായി അർഹരായ മാധ്യമ പ്രവർത്തകരെ കണ്ടെത്താനുള്ള പ്രത്യേക ജൂറി കമ്മറ്റി രൂപീകരിച്ചു. പരിണതപ്രജ്ഞരായ മുതിർന്ന മാധ്യമ പ്രവർത്തകർ തോമസ് ജേക്കബ്, ജോസ് പനച്ചിപ്പുറം എന്നിവർക്കൊപ്പം പ്രശസ്ത സാഹിത്യകാരനും വാഗ്മിയും ഓങ്കോളജിസ്റ്റ്മായ ഡോ.എം.വി. പിള്ളയുമാണ് ജൂറി അംഗങ്ങൾ.
കാർട്ടൂണിസ്റ്റാവാൻ മലയാള മനോരമയിലേക്ക് വന്ന കോളജ് കുമാരൻ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രഫഷനൽ എഡിറ്ററായി വളർന്ന കഥയാണ് തോമസ് ജേക്കബിന്റേത്.
ജേണലിസ്റ്റ് ട്രെയിനിയായി തുടങ്ങി ആദ്യത്തെ എഡിറ്റോറിയൽ ഡയറക്ടറായി വളർന്ന തോമസ് ജേക്കബ് ഒരർഥത്തിൽ മനോരമയുടെ മുഖ്യസാരഥി തന്നെയായിരുന്നു. ലോകത്തിലെ മുതിർന്ന പത്രപ്രവർത്തകർക്കായി തോംസൺ ഫൗണ്ടേഷൻ ബ്രിട്ടനിൽ നടത്തുന്ന പത്രപ്രവർത്തന പരിശീലന പരിപാടിയിൽ ഒന്നാം സ്ഥാനം നേടുന്ന (1969) ആദ്യ ഇന്ത്യക്കാരനാണ് തോമസ് ജേക്കബ്.
ആകസ്മികമായ ഒരു വാർത്ത ന്യൂസ് റൂമിലേക്ക് വന്നുവീഴമ്പോൾ അതിൽ നിന്നു നൂറമേനി വിളയിക്കാൻ കഴിയുന്ന അസാധാരണ പ്രതിഭ. പുൽപ്പള്ളിയിലും തലശ്ശേരിയിലും പൊലീസ് സ്റ്റേഷൻ ആക്രമണം നടത്തി നക്‌സലൈറ്റുകൾ കാടുകയറി എന്നു കേൾക്കുമ്പോൾ റിപ്പോർട്ടറെയും ഫൊട്ടോഗ്രഫറെയും അദ്ദേഹം കൊടും വനപ്രദേശത്തേയ്ക്കു രായ്ക്കുരാമാനം വിടുന്നു.
കുവൈത്തിൽ നടന്ന ഗൾഫ് യുദ്ധത്തിന്റെ ഭീകരതയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു കൊണ്ടുവരുന്ന കാര്യത്തിലായാലും ബംഗ്ലദേശിലെ യുദ്ധമുന്നണിയിൽ നിന്നു വാർത്ത നേരിട്ടു ശേഖരിക്കാൻ റിപ്പോട്ടർമാരെ വിമാനം കയറ്റിവിടുന്ന കാര്യത്തിലായാലും തോമസ് ജേക്കബ് കാണിച്ച ജാഗ്രതയും ശുഷ്‌കാന്തിയും ആവേശവും അനിതരസാധാരണമെന്നുതന്നെ പറയണം.
മലയാള സാഹിത്യത്തിലെ അഗ്രഗണ്യരായിരുന്ന കൈനിക്കര സഹോദരന്മാരിൽ മൂന്നാമൻ കൈനിക്കര മാധവൻ പിള്ളയുടെ മകൻ, ലോകമെമ്പാടും അറിയപ്പെടുന്ന ക്യാൻസർ രോഗവിദഗ്ദ്ധൻ തന്റെ അറിവും കഴിവും കേരളത്തിലെ കാൻസർ രോഗികളെ സഹായിക്കാനായി റിട്ടയർമെന്റിന് ശേഷവും നിരന്തരം പ്രവർത്തിക്കുന്ന മനുഷ്യസ്‌നേഹി എന്നീ നിലകളിൽ പ്രശസ്തനായ ഡോ.എം.വി. പിള്ള അമേരിക്കൻ മലയാളികൾക്ക് പ്രിയംകരനാണ്.
സാഹിത്യത്തിലായാലും സയൻസിലായാലും തന്റെ ശ്രോതാക്കളെ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന ഉജ്വല വാഗ്മികൂടിയായ ഡോ.എം.വി. പിള്ളയാണ് മറ്റൊരു ജൂറി അംഗം.
മലയാള മനോരമയുടെ രണ്ടാമത്തെ എഡിറ്റോറിയൽ ഡയറക്ടറും, സാഹിത്യകാരനും, സർവ്വോപരി കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകനുമാണ് ജോസ് പനച്ചിപ്പുറം.
മലയാള മനോരമയുടെ മുൻ എഡിറ്റോറിയൽ ഡയറക്ടറും ഭാഷാപോഷിണി സാഹിത്യ മാസികയുടെ മുൻ എഡിറ്റർ ഇൻ ചാർജുമാണ്. തരംഗങ്ങളിൽ, സ്‌നേഹപൂർവം പനച്ചി എന്നീ ആക്ഷേപഹാസ്യനർമ്മപംക്തികളിലൂടെ ശ്രദ്ധേയനായ അദ്ദേഹം 2003ൽ സ്‌നേഹപൂർവം പനച്ചി എന്ന കൃതിക്കും 2005ൽ കണ്ണാടിയിലെ മഴ എന്ന നോവലിനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി.
47 വർഷത്തോളം മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച തരംഗങ്ങളിൽ എന്ന ആക്ഷേപഹാസ്യപംക്തിയും, 33 വർഷത്തോളം ഭാഷാപോഷിണിയിൽ സ്‌നേഹപൂർവം പനച്ചി എന്ന സാഹിത്യ നർമപംക്തിയും എഴുതി. മലയാള മനോരമയിലെ കുഞ്ചുക്കുറുപ്പ് പോക്കറ്റ് കാർട്ടൂണിന്റെ കമന്റുകൾ 36 വർഷത്തോളം എഴുതി. ഒരു ഡസനിലേറെ നോവലുകളും ഒട്ടേറെ കഥാസമാഹാരങ്ങളും ഉൾപ്പെടെ മുപ്പതിലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
പത്രരൂപകൽപ്പനയെക്കുറിച്ചുള്ള പത്രകൽപ്പന എന്ന ഗ്രന്ഥം മാധ്യമപഠന രംഗത്ത് പാഠപുസ്തകമായി ഉപയോഗിക്കപ്പെടുന്നു. ഇംഗ്ലീഷിൽ കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി, കേരള മീഡിയ അക്കാദമി എന്നിവയുടെ ഭരണസമിതികളിൽ അംഗമായിരുന്നു. പത്രപ്രവർത്തക സംഘടനയുടെ ദേശീയ സമിതിയിലും അംഗമായിരുന്നു. എറണാകുളം, കോട്ടയം പ്രസ് ക്ലബുകളുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
2027 ജനുവരി 8ന് വൈകന്നേരം അഞ്ചുമണിക്ക് കൊച്ചിയിലെ ഗോകുലം പാർക്ക് ഹോട്ടൽ കൺവെൻഷൻ സെന്ററിലായിരിക്കും പുരസ്‌കാരങ്ങൾ വിതരണം ചെയ്യുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
