കൊല്ലം: കൊല്ലം നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു. കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാർഡ്, നാവികസേന എന്നിവ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഗൗതം കൃഷ്ണയെ കാണാതായിട്ട് ഇന്ന് പതിനൊന്നാം ദിവസമാണ്.
നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി തീരത്ത് തിരിച്ചെത്തി. രാവിലെ എട്ടുമണിക്ക് ശേഷം നാവികസേനയുടെ മുങ്ങൽ വിദഗ്ധർ കടലിലിറങ്ങി പരിശോധന നടത്തും. കപ്പലിൽ പ്രത്യേക ഡൈവിംഗ് സംഘത്തെ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.
ഡൈവിംഗ് നടത്തേണ്ട കൃത്യമായ സ്ഥലം നിർണയിക്കുന്നതിനായി നാവികസേന മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ട്. കപ്പലിന് സമീപം മറൈൻ എൻഫോഴ്‌സ്‌മെന്റ് ബോട്ടും നിലയുറപ്പിച്ചിട്ടുണ്ട്. ബോട്ടിൽ നിന്ന് നിർദേശം നൽകുന്ന സ്ഥലങ്ങളിലാകും നാവികസേനയുടെ ഡൈവിംഗ് സംഘം പരിശോധന നടത്തുക.
ഇന്നലെ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികളെയും തിരച്ചിലിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. കോസ്റ്റ് ഗാർഡ് ഐജിയുമായി സംസാരിച്ചിട്ടുണ്ടെന്നും തിരച്ചിൽ സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോസ്റ്റൽ പൊലീസിന് നിലവിൽ പരിമിതമായ സൗകര്യങ്ങളാണുള്ളതെന്നും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിന് സർക്കാർ നൽകാൻ കഴിയുന്ന പരമാവധി സഹായം നൽകുമെന്നും ഇക്കാര്യം മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരച്ചിൽ സംബന്ധിച്ച് മണ്ഡലത്തിലെ എംഎൽഎയുമായും സംസാരിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
