പത്തനംതിട്ട: ശബരിമല ശ്രീകോവിലിൽ 2019-ൽ നടന്നതായി പറയപ്പെടുന്ന സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അടുത്തയാഴ്ചയോടെ നിർണായക വ്യക്തതയുണ്ടാകും. ശ്രീകോവിലിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ കാലപ്പഴക്ക നിർണ്ണയം ജംഷേദ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിൽ പൂർത്തിയായതായാണ് വിവരം. ഈ ശാസ്ത്രീയ പരിശോധനാഫലം അടുത്തയാഴ്ച പ്രത്യേക അന്വേഷണസംഘത്തിന് (SIT) കൈമാറും.
1998-ൽ വ്യവസായി വിജയ് മല്യ സ്വർണം പൊതിഞ്ഞപ്പോൾ ഉപയോഗിച്ച അതേ ചെമ്പുപാളികൾ തന്നെയാണോ ഇപ്പോഴും സന്നിധാനത്തുള്ളത് എന്നാണ് ഈ പരിശോധനയിലൂടെ കണ്ടെത്തുക. ചെമ്പുപാളികൾക്ക് 28 വർഷത്തെ പഴക്കമുണ്ടെന്ന് തെളിഞ്ഞാൽ 2019-ൽ പാളികൾ മാറ്റിയിട്ടില്ലെന്ന് ഉറപ്പിക്കാം. എന്നാൽ ഇവയ്ക്ക് വെറും 7 വർഷത്തെ പഴക്കം മാത്രമാണ് ഉള്ളതെങ്കിൽ, 2019-ൽ പാളിയടക്കം സ്വർണം കവർന്നതായി ശാസ്ത്രീയമായി സ്ഥിരീകരിക്കാനാകും.
സാമ്പിളുകൾക്ക് ഏഴുവർഷത്തെ പഴക്കം മാത്രമാണ് ലാബ് പരിശോധനയിൽ തെളിയുന്നതെങ്കിൽ, സ്വർണം വീണ്ടെടുക്കുന്നതിനായി കാത്തുനിൽക്കാതെ തന്നെ അന്വേഷണസംഘത്തിന് നേരിട്ട് കുറ്റപത്ര സമർപ്പണത്തിലേക്ക് കടക്കാൻ സാധിക്കും.
പാളികൾ മാറ്റാതെ സ്വർണം മാത്രം പൂർണ്ണമായി മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നും പരിശോധനയിലൂടെ അറിയാം. ഇതിനായി മോഷണം നടക്കാത്ത ഭാഗത്തുനിന്നും സംശയിക്കുന്ന ഭാഗത്തുനിന്നും സാമ്പിളുകൾ ശേഖരിച്ചിരുന്നു.
മോഷണം നടക്കാത്ത ഭാഗത്തെ സ്വർണത്തിന് 28 വർഷത്തെയും, മോഷണം നടന്ന ഭാഗത്തെ സ്വർണത്തിന് 7 വർഷത്തെയും പഴക്കമാണ് ലാബിൽ തെളിയുന്നതെങ്കിൽ മോഷണം നൂറുശതമാനം ഉറപ്പിക്കാം. ശാസ്ത്രീയ തെളിവ് പുറത്തുവരുന്നതോടെ ഇത് കോടതിയിൽ നിഷേധിക്കുക പ്രതികൾക്ക് എളുപ്പമാകില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
