തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നും നാളെയും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ മുന്നിൽകണ്ട് ഒമ്പത് ജില്ലകളിൽ വിവിധ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. മഴയുടെ ശക്തി തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് നാളെ എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. ഇന്ന് രാത്രി 8.30 മുതൽ നാളെ രാത്രി 11.30 വരെ കേരള തീരത്ത് 0.8 മുതൽ 1.4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കന്യാകുമാരി തീരത്തും കള്ളക്കടൽ പ്രതിഭാസത്തിന്റെ സ്വാധീനം തുടരുകയാണ്. ഇന്ന് വൈകുന്നേരം 5.30 വരെ 1.3 മുതൽ 1.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് INCOIS അറിയിച്ചു.
കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അപകട മേഖലകളിൽ നിന്ന് മാറിനിൽക്കാനും ഔദ്യോഗിക മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാനും നിർദേശമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
