തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച മുതൽ മഴ കനക്കുമെന്നാണ് പ്രവചനം. ഓഗസ്റ്റ് 23 ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 24 തിങ്കളാഴ്ച അഞ്ച് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്.
ഇന്നും നാളെയും മറ്റന്നാളും സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നിലവിലില്ല. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കിയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്
കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതായി ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രവും മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വൈകിട്ട് 5.30 വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ട്.
താഴ്ന്ന തീരപ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെ, കൊല്ലം ആലപ്പാട് മുതൽ ഇടവ വരെ, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ, എറണാകുളം മുനമ്പം മുതൽ മറുവക്കാട് വരെ, തൃശ്ശൂർ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ, മലപ്പുറം കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ, കോഴിക്കോട് ചോമ്പാല എഫ്എച്ച് മുതൽ രാമനാട്ടുകര വരെ, കണ്ണൂർ വളപട്ടണം മുതൽ ന്യൂമാഹി വരെ, കാസർകോട് കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള തീരപ്രദേശങ്ങളിലാണ് പ്രത്യേക ജാഗ്രത നിർദേശം.
തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
