മുണ്ടൂരിൽ ടോൾ ബൂത്ത് നിർമാണത്തിനെതിരെ പ്രതിഷേധം ശക്തം; ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

SEPTEMBER 17, 2026, 11:51 PM

പാലക്കാട്: പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ ടോൾ ബൂത്ത് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മൈലംപുള്ളിയിലെ നിർമാണസ്ഥലത്ത് പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ നിർമാണം തടഞ്ഞു. തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

രണ്ട് വരി പാതയിൽ ടോൾ പിരിവ് ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് പ്രതിഷേധക്കാരുടെയും നാട്ടുകാരുടെയും നിലപാട്. അശാസ്ത്രീയമായ റോഡ് നിർമാണം കാരണം മേഖലയിൽ അപകടങ്ങൾ പതിവായിരിക്കെ ടോൾ പിരിവ് നടത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും ഇവർ പറയുന്നു. കഴിഞ്ഞ ദിവസം യൂത്ത് ലീഗും ടോൾ ബൂത്ത് നിർമാണത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.

200 കോടിയിലധികം രൂപ ചെലവഴിച്ച് നാട്ടുകൽ–താണാവ് പാതയുടെ വികസനം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ദേശീയപാത അതോറിറ്റി മൈലംപുള്ളിയിൽ ടോൾ പ്ലാസ നിർമിക്കാൻ ഒരുങ്ങുന്നത്. നിർമാണ പ്രവർത്തനങ്ങൾ അധികൃതർ വേഗത്തിലാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

നേരത്തെ ദേശീയപാത 966ൽ മുണ്ടൂർ ഐആർടിസിക്ക് സമീപം ടോൾ ബൂത്ത് സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതിനായി സ്ഥലമേറ്റെടുക്കുകയും റോഡ് നവീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ സമീപത്തെ ചെർപ്പുളശ്ശേരി പാതയിലൂടെ സഞ്ചരിക്കുന്നവർക്കും ടോൾ നൽകേണ്ടിവരുന്ന സാഹചര്യമുണ്ടാകുമെന്നതിനെ തുടർന്ന് ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നു. ഇതോടെ പദ്ധതി നിർത്തിവെക്കുകയായിരുന്നു.

മൂന്ന്–നാല് വർഷങ്ങൾക്ക് ശേഷമാണ് ടോൾ ബൂത്ത് സ്ഥാപിക്കാനുള്ള പദ്ധതി മൈലംപുള്ളിയിലേക്ക് മാറ്റി പുനരാരംഭിക്കുന്നത്. നാട്ടുകാരുടെ ആവശ്യങ്ങൾ പരിഗണിക്കാതെയാണ് പദ്ധതി പുനഃസ്ഥാപിച്ചതെന്നാണ് ടോൾ വിരുദ്ധ സമിതിയുടെ ആരോപണം.

റോഡ് നിർമാണത്തിൽ ആവശ്യമായ ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും പലയിടത്തും ആവശ്യത്തിന് സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും സമരക്കാർ ആരോപിക്കുന്നു. റോഡിലെ അപകടകരമായ വളവുകളും മറ്റ് തകരാറുകളും കാരണം മേഖലയിൽ അപകടങ്ങൾ പതിവാണെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാതെ ടോൾ പിരിവ് നടത്താനുള്ള നീക്കം അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി.

vachakam
vachakam
vachakam

മൈലംപുള്ളിയിലെ നിർമാണസ്ഥലം ഉപരോധിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. ടോൾ ബൂത്ത് നിർമാണം ഒരു കാരണവശാലും അനുവദിക്കില്ലെന്നും ജനവിരുദ്ധമായ രീതിയിൽ നിർമാണവുമായി മുന്നോട്ടുപോയാൽ ശക്തമായ പ്രതിഷേധം തുടരുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ പാർട്ടികളും ബഹുജന സംഘടനകളും പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam