തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഹൈക്കോടതി നൽകിയ സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാനാവാതെ പ്രത്യേക അന്വേഷണസംഘം. കേസിൽ സെപ്റ്റംബർ 22-നകം കുറ്റപത്രം സമർപ്പിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ, കേസിൽ പ്രതികളായ 15 പേരിൽ 13 പേർക്കെതിരെയും കുറ്റപത്രം സമർപ്പിക്കാൻ ആവശ്യമായ പ്രോസിക്യൂഷൻ അനുമതിക്കായി അന്വേഷണസംഘം ഇതുവരെ അപേക്ഷ പോലും നൽകിയിട്ടില്ല.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുൻ കമ്മീഷണർ എൻ. വാസു തുടങ്ങിയവർ പ്രതികളായ കട്ടിളപ്പാളി കേസിന്റെ അന്വേഷണം പൂർത്തിയായതായി എസ്ഐടി മുൻപ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ മുൻ ദേവസ്വം ബോർഡ് അംഗങ്ങളും മുൻ സർക്കാർ ഉദ്യോഗസ്ഥരും കേസിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി നിർബന്ധമാണ്. ആഭ്യന്തര, ദേവസ്വം, നിയമ വകുപ്പുകൾ പരിശോധിച്ച ശേഷം മാത്രം നൽകേണ്ട ഈ അനുമതിക്കായി ഈ മാസം അവസാനത്തോടെ മാത്രം അപേക്ഷിക്കാനാണ് എസ്ഐടിയുടെ നീക്കം.
നേരത്തെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതിയായ ദ്വാരപാലക കേസിലെ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ടെന്ന് എസ്ഐടി വ്യക്തമാക്കിയിരുന്നു. അതേസമയം, സെപ്റ്റംബർ 22-ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കുറ്റപത്രം സമർപ്പിക്കുന്നതിൽ വരുത്തിയ വീഴ്ചയ്ക്ക് അന്വേഷണസംഘം ഹൈക്കോടതിയിൽ എന്ത് വിശദീകരണം നൽകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
