തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്.സി നിയമന തട്ടിപ്പിൽ വിജിലൻസ് അന്വേഷണം ആരംഭിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ കേസുമായി ബന്ധപ്പെട്ട നിർണായക പി.എസ്.സി യോഗം ഇന്ന് ചേരും.
മുൻ യോഗത്തിലെ തീരുമാനപ്രകാരം ആഭ്യന്തര വിജിലൻസ് എസ്.പി മുഖേന അന്വേഷണം നടത്തുന്നതിനുപകരം, പി.എസ്.സി ചെയർമാൻ പരീക്ഷാ കൺട്രോളറെ അന്വേഷണ ചുമതല ഏൽപ്പിച്ചതിനെതിരെ കമ്മിഷനിലെ ഒരു വിഭാഗം അംഗങ്ങൾ കടുത്ത അമർഷത്തിലാണ്. തട്ടിപ്പിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്നാണ് ഇവരുടെ ആരോപണം.
ഇന്ന് നടക്കുന്ന യോഗത്തിൽ ചെയർമാന്റെ നിലപാടിനെതിരെ പ്രതിഷേധിക്കാനും, കേസിൽ അടിയന്തരമായി സമഗ്ര പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ നിലപാട് സ്വീകരിക്കാനും ചില അംഗങ്ങൾ തീരുമാനിച്ചതായാണ് വിവരം.
സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് വിഭാഗങ്ങളിലെ ചീഫ് തസ്തികകളിലേക്കുള്ള പൊതുപരീക്ഷയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷയുടെ മൂല്യനിർണയത്തിനിടെ 10 ഉത്തരങ്ങൾ പരിശോധിക്കാതെയാണ് ഒഴിവാക്കപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് തസ്തികകളിലേക്ക് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും രണ്ട് പേർക്ക് നിയമനം നൽകുകയും ചെയ്തിരുന്നു.
സംഭവത്തിൽ പിഴവ് സംഭവിച്ചതായി പി.എസ്.സി സമ്മതിച്ചിട്ടുണ്ടെങ്കിലും, ഒഴിവാക്കപ്പെട്ട ഉത്തരങ്ങൾ ഉൾപ്പെടുത്തി ഉത്തരക്കടലാസ് പുനർമൂല്യനിർണയം നടത്തുകയോ റാങ്ക് പട്ടിക തിരുത്തുകയോ ചെയ്യുന്ന നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതാണ് വിവാദം കൂടുതൽ ശക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
