ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സിനിമാ ഷൂട്ടിങ് സൗഹൃദമാക്കും, പൈറസി വിഷയത്തിൽ ശക്തമായ നിയമനടപടിയെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്

JUNE 2, 2026, 10:21 AM

തിരുവനന്തപുരം: കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സിനിമാ ഷൂട്ടിങ് സൗഹൃദമാക്കുമെന്നും പൈറസി വിഷയം വളരെ പ്രാധാന്യത്തോടെ കണ്ട് ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സിനിമ, വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്.    മലയാള സിനിമയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളുമായി തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ വിളിച്ചുചേർത്ത ചർച്ചയ്ക്കു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അടിയന്തര പ്രാധാന്യത്തോടെയാണ് സിനിമ സംഘടനകളുടെ സംയുക്ത യോഗം വിളിച്ചുചേർത്തത്. മലയാള സിനിമ ഇന്ന് ഇന്ത്യയിൽ ഏറ്റവും മികച്ച നിലയിൽ തിളങ്ങിനിൽക്കുന്ന സമയമാണ്. സിനിമയുടെ മാർക്കറ്റ് വലിയ രീതിയിൽ വിപുലമായിട്ടുണ്ട്. സിനിമ ഇൻഡസ്ട്രിക്ക് മോശം വരുന്ന ഒന്നും ഉണ്ടാകാതിരിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും മന്ത്രി പറഞ്ഞു.

സിനിമ സംഘടനകൾ ഉന്നയിച്ച 'ഇരട്ട നികുതി' എന്ന വിഷയം സർക്കാർ ഗൗരവമായി ചർച്ച ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകി. എന്നാൽ സിനിമ വകുപ്പ് മാത്രമല്ല, ധനകാര്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഉൾപ്പെടെ പല വകുപ്പുകൾ ചേർന്ന് തീരുമാനങ്ങൾ കൈക്കൊള്ളേണ്ട മേഖലയാണിത്. ഈ വിഷയം മുഖ്യമന്ത്രിയുമായും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായും ചർച്ച ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

സിനിമാ മേഖലയ്ക്ക് ഇൻഡസ്ട്രി സ്റ്റാറ്റസ് (വ്യവസായ പദവി) ലഭിക്കുക എന്നത് പ്രധാനമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. സിനിമ പൈറസി തടയുന്നതിനായി  നിലവിൽ ഒരു ഓഫീസ് മാത്രമാണുള്ളത്. ഇത് കൊച്ചിയിലും കോഴിക്കോടും കൂടി ആരംഭിച്ച് രണ്ട് സോണുകളിൽ കൂടി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും. ഹേമ കമ്മിറ്റി നിർദേശങ്ങളും ഫിലിം പോളിസിയും പൂർണ്ണമായി പഠിച്ച ശേഷം നടപ്പിൽ വരുത്തേണ്ട കാര്യങ്ങളെ സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കും.  അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റിയുടെ കണ്ടെത്തലുകളും പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

 മുൻപ് ഇവിടെ വന്ന് ഷൂട്ട് ചെയ്യുന്നതിന് വലിയ തുക ഈടാക്കുന്ന രീതികൾ ഉണ്ടായിരുന്നു, അത് ഒരിക്കലും ഇൻഡസ്ട്രി ഫ്രണ്ട്‌ലി ആയ സമീപനമല്ല. അതുകൊണ്ട് തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഷൂട്ടിങ് സൗഹൃദമാക്കും. ലോകത്തെ മറ്റ് പ്രൊഡക്ഷൻ ഹൗസുകളുമായി ചേർന്ന് ഇവിടുത്തെ  സിനിമാ പ്രവർത്തകർക്കു  സിനിമ ചെയ്യണമെങ്കിൽ സാംസ്‌കാരിക വകുപ്പും സിനിമാ വകുപ്പും അതിൽ ആവശ്യമായ സഹായങ്ങളും ഇടപെടലുകളും നടത്തും. ഇത്തരം കൊളാബറേഷൻ സിനിമകൾ വഴി നമ്മുടെ ടൂറിസം സാധ്യതകൾ ലോകം മുഴുവൻ എത്തിക്കുക എന്നൊരു ലക്ഷ്യം കൂടി സർക്കാരിനുണ്ട്.

സിനിമാ മേഖലയിലുള്ളവർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്ന കാര്യം സർക്കാറിന്റെ പൊതു ഇൻഷുറൻസ് സ്‌കീമിൻ്റെ ഫ്രെയിംവർക്കിലേക്ക്  ഉൾപ്പെടുത്താൻ പരിഗണിക്കും. സിനിമാ സംഘടനകൾക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങൾ അവർ തന്നെ പരിഹരിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതിനുള്ള സംവിധാനങ്ങൾ അവർക്കുണ്ട്. സംഘടനകൾക്കകത്തെ ആഭ്യന്തര പ്രശ്‌നങ്ങളിൽ സർക്കാറോ മന്ത്രിയോ അഭിപ്രായം പറയുന്നത് ശരിയല്ല. ഇൻഡസ്ട്രിക്ക് പുറത്തുനിന്ന് നൽകാൻ കഴിയുന്ന എല്ലാ സഹായങ്ങളും സർക്കാർ നൽകും. സർക്കാറിൻ്റെ പരിധികൾ അറിഞ്ഞു മാത്രമായിരിക്കും ഇടപെടലുകൾ. യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരോടും സിനിമാ പ്രവർത്തകരുടെ ആവശ്യങ്ങളോട് പോസിറ്റീവ് ആയ സമീപനം സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

ചലച്ചിത്രപ്രവർത്തകരുടെ വിവിധ സംഘടനകളിലെ പ്രതിനിധികൾ യോഗത്തിൽ അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും മന്ത്രിയെ അറിയിച്ചു. എന്റർടെയിൻമെന്റ് ടാക്‌സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ,  വൈദ്യുതി നിരക്കുകളിൽ സബ്സിഡി, സിനിമാ പ്രവർത്തകർക്ക് സമഗ്ര ഇൻഷുറൻസ്, പൈറസി തടയാൻ കാര്യക്ഷമമായ നടപടികൾ, മലയാള സിനിമാ മ്യൂസിയം, ജൂനിയർ ആർട്ടിസ്റ്റുകൾക്ക് കൃത്യസമയത്ത് പേയ്മെന്റ് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തൽ, സബ്സിഡികൾ വർധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് സംഘടന പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചത്. അഭിനേതാക്കൾ, നിർമാതാക്കൾ, വിതരണക്കാർ, തിയേറ്റർ ഉടമകൾ, സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ള ചലച്ചിത്ര മേഖലയിലെ എല്ലാ പ്രമുഖ സംഘടനകളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

സാംസ്‌കാരിക വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ യോഗത്തിൽ പങ്കെടുത്തു. കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ, ഫിയോക്ക് , അമ്മ (AMMA), ഡബ്ല്യു.സി.സി (WCC), മാക്ട (MACTA), കെ.എസ്.എഫ്.ഡി.സി (KSFDC), കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ തുടങ്ങിയ വിവിധ ചലച്ചിത്ര സംഘടനകളിലെ പ്രതിനിധികളാണ് മന്ത്രി വിളിച്ചുചേർത്ത ചർച്ചയിൽ പങ്കെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam