തൃശൂര്‍: ക്രിസ്മസ് ആഘോഷങ്ങളിലെ ആക്രമണങ്ങളില്‍ ബിജെപിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്തുമസ് വിരുന്നിന് പിന്നാലെയായിരുന്നു തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഡല്‍ഹിയില്‍ നടന്നത് നാടകമാണെന്നും അദ്ദേഹം പറഞ്ഞു.
'അവിടെ മെത്രാന്മാരെ ആദരിക്കുന്നു പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ!' എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഒരിടത്ത് പ്രധാനമന്ത്രി പുല്‍ക്കൂട് വണങ്ങുന്നു, പാലക്കാട് പുല്‍ക്കൂട് നശിപ്പിക്കുന്നു. ഒരേ രാഷ്ട്രീയ പാര്‍ട്ടി തന്നെയാണ് പാര്‍ട്ടിയുടെ ആളുകള്‍ തന്നെയാണ് ഇത് ചെയ്യുന്നതെന്ന്. ഇതിനെ ഒരു നാടകമായിട്ടാണ് കാണുന്നതെന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.
അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടു, ഒരു തെരഞ്ഞെടുപ്പിനായി നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിക്കുന്നു, ബിജെപിയുടെ നാടകം തന്നെയാണ് മണിപ്പൂരിലും നടക്കുന്നതെന്നും മെത്രാപ്പൊലീത്ത വിമര്‍ശിച്ചു. ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ കോടതിയില്‍ പോവുന്നതും അതിന് വേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നത്. ഇതെല്ലാം മറച്ചു പിടിക്കാനുള്ള തലോടലാണ് ബാക്കിയെല്ലാമെന്നും മെത്രാപ്പൊലീത്ത പരിഹസിച്ചു.
നല്ലേപ്പിള്ളി ഗവ. യു.പി. സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിനെതിരേ വി.എച്ച്.പി. നേതാക്കളെത്തി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് തത്തമംഗലം ചെന്താമരനഗര്‍ ജി.ബി.യു.പി. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനുണ്ടാക്കിയ പുല്‍ക്കൂട് തകര്‍ത്തനിലയില്‍ കണ്ടെത്തിയത്. രണ്ടുസംഭവങ്ങളും അന്വേഷിക്കുന്നതിനായി ചിറ്റൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സ്‌കൂളുകള്‍ സന്ദര്‍ശിച്ചശേഷം മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്