തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ കുട്ടിക്ക് ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിൽ ആയമാരുടെ ജാമ്യാപേക്ഷ നിരസിച്ച് കോടതി. റിമാൻഡിൽ കഴിയുന്ന ആയമാരായ എസ്.കെ. അജിത, എൽ. മഹേശ്വരി, സിന്ധു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് നടപടി.
കിടക്കയില്‍ മൂത്രം ഒഴിച്ചതിനാണ് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ ശിശുക്ഷേമ സമിതിയിലെ ആയ അജിത മുറിവേല്‍പ്പിച്ചത്. കുട്ടിയെ സ്ഥിരമായി പരിപാലിച്ചിരുന്ന മറ്റു രണ്ട് ആയമാര്‍ ഈ വിവരം മറച്ചുവയ്ക്കുകയും ചെയ്തു.
കുട്ടിയെ സ്ഥാപനത്തിലെ മറ്റു ജീവനക്കാര്‍ പരിപാലിക്കാനായി എടുത്തപ്പോഴാണ് മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ ശിശുക്ഷേമ സമിതി വിവരം പൊലീസിനെ വിവരം അറിയിച്ചു.
മ്യൂസിയം പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മൂന്ന് ആയമാരും കുറ്റം സമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റിനു പിന്നാലെ ഒരാഴ്ചക്കാലം തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും പിരിച്ചു വിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി അറിയിച്ചു.
108 ആയമാരാണ് ശിശുക്ഷേമ സമിതിയിലുള്ളത്. ഇവരെല്ലാംതന്നെ താല്‍ക്കാലിക ജീവനക്കാരാണ്. വർഷങ്ങളായി ആയമാരായി ജോലി ചെയ്തുവരുന്നവരാണ് അറസ്റ്റിലായ മൂന്ന് പേരും. ഇവരാണ് മുറിവേറ്റ കുട്ടിയെ സ്ഥിരമായി പരിപാലിച്ചിരുന്നത്.
അമ്മ മരിച്ചതിനു പിന്നാലെ അച്ഛനും ജീവനൊടുക്കിയതിനെ തുടർന്നാണ് രണ്ടരവയസുകാരിയെ ശിശുക്ഷേമ സമിതിയില്‍ എത്തിച്ചത്. കുട്ടി സ്ഥിരമായി കിടക്കയില്‍ മൂത്രം ഒഴിക്കാറുണ്ടായിരുന്നു. ഇതിന്‍റെ പേരില്‍ അജിതയാണ് കുട്ടിയെ ഉപദ്രവിച്ചത്. മറ്റ് രണ്ട് പേർ ഈ വിവരം മറച്ചുവെയ്ക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്